പൊലീസ് അന്വേഷണം അവസാനിപ്പിച്ച കവര്‍ച്ചാ കേസിന് 17 വര്‍ഷത്തിനുശേഷം തുമ്പായി; ഒരാള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: കവര്‍ച്ച കേസില്‍ സൂചനകളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് കേസന്വേഷണം അവസാനിപ്പിച്ച് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസിന് വീണ്ടും ജീവന്‍ വെക്കുന്നു. കേസില്‍ കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറി കവര്‍ച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. 2004 ല്‍ കോളിച്ചാല്‍ മുണ്ടപ്ലാവിലെ മൊയ്തുവിന്റെ വീട് കുത്തിത്തുറന്ന് കിടപ്പു മുറിയിലെ അലമാരയില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിനാണ് 17 വര്‍ഷത്തിനു ശേഷം തുമ്പായത്. രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസിലെ മൂന്നാം പ്രതി […]

കാഞ്ഞങ്ങാട്: കവര്‍ച്ച കേസില്‍ സൂചനകളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് കേസന്വേഷണം അവസാനിപ്പിച്ച് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസിന് വീണ്ടും ജീവന്‍ വെക്കുന്നു. കേസില്‍ കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറി കവര്‍ച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.
2004 ല്‍ കോളിച്ചാല്‍ മുണ്ടപ്ലാവിലെ മൊയ്തുവിന്റെ വീട് കുത്തിത്തുറന്ന് കിടപ്പു മുറിയിലെ അലമാരയില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിനാണ് 17 വര്‍ഷത്തിനു ശേഷം തുമ്പായത്.
രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസിലെ മൂന്നാം പ്രതി കാഞ്ഞങ്ങാട് ശ്രീകൃഷ്ണ മന്ദിരം റോഡിലെ രവീന്ദ്രനെ (46)യാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
പകല്‍ വീട്ടില്‍ ആളില്ലാത്ത സമയത്താണ് കവര്‍ച്ച നടന്നത്. രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കുകയായിരുന്നു.
സംസ്ഥാന തലത്തില്‍ വിരലടയാള വിദഗ്ധര്‍ പ്രതികളുടെ വിരലടയാളങ്ങള്‍ ശേഖരിച്ച് വിവിധ കേസുകളുമായി ഒത്തു നോക്കുന്നതിനിടയിലാണ് രാജധാനി കവര്‍ച്ചാ കേസിലെ പ്രതിയായ രവീന്ദ്രന്റെ വിരലടയാളം കോളിച്ചാല്‍ കവര്‍ച്ചാ കേസുമായി ഒത്തുവന്നത്.
തുടര്‍ന്ന് പൊലീസ് അതീവ രഹസ്യമായി കോടതി അനുമതിയോടെ അന്വേഷണം പുനരാരംഭിക്കുകയായിരുന്നു. രവീന്ദ്രന്‍ ഹൊസ്ദുര്‍ഗില്‍ കച്ചവടം നടത്തി വരികയായിരുന്നു.

Related Articles
Next Story
Share it