കോഴിക്കോട്: ഇന്ധനവില കൊള്ളയ്ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. തിങ്കളാഴ്ച 15 മിനിറ്റ് നേരം സംസ്ഥാനത്തെ നിരത്തുകളില്‍ ചക്രങ്ങള്‍ നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ചക്ര സ്തംഭന സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പകല്‍ 11 മണി മുതല്‍ 11.15 വരെ നിരത്തിലുള്ള മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിട്ട് പ്രതിഷേധിക്കും. വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിട്ടാണ് സമരം.
സ്വകാര്യ, ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധത്തിന്റെ ഭാഗമാകും. ബസ് ഓപ്പറേറ്റര്‍മാരുടെ സംഘടനകളും ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആംബുലന്‍സിന് സമര വൊളന്റിയര്‍മാര്‍ യാത്രാസൗകര്യം ഉറപ്പുവരുത്തും. പെട്രോള്‍, ഡീസല്‍ വിലവര്‍ധന റോഡ് ട്രാന്‍സ്പോര്‍ട്ട് വ്യവസായത്തിന്റെ നട്ടെല്ല് ഒടിച്ചതായി സംയുക്ത സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ ജീവിതം തകര്‍ത്തുവെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.
അതേസമയം ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടയില്‍ കേന്ദ്രം വീണ്ടും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് പെട്രോള്‍ വില 100 ന് അരികിലെത്തി. ഞായറാഴ്ച പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ പെട്രോളിന് തിരുവനന്തപുരം നഗരത്തില്‍ 99. 20 രൂപയും ഡീസലിന് 94. 47 രൂപയുമായി. പ്രീമിയം പെട്രോള്‍ വില തിരുവനന്തപുരത്ത് 102.58 രൂപയും കാസര്‍കോട്ട് 101.82 രൂപയുമായി. ഈ മാസം 11 വണയായി പെട്രോളിന് 2.99 രൂപയും ഡീസലിന് മൂന്ന് രൂപയും കൂട്ടി.