സിക്ക വൈറസ് ബാധ: കേന്ദ്രസംഘം കേരളത്തിലേക്ക്, എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡെല്‍ഹി: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സാഹചര്യം വിലയിരുത്താന്‍ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. സിക്ക പ്രതിരോധത്തിന് കേരളത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആറംഗ സംഘത്തെയാണ് കേന്ദ്രം കേരളത്തിലേക്ക് അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 24കാരിന്ന് സിക്ക സ്ഥിരീകരിച്ചത്. ജൂണ്‍ 28ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭണിയായ ഇവരില്‍ രോഗലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് പൂനെയിലെ ലാബിലേക്ക് സാമ്പിള്‍ അയച്ച് സിക്ക സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം ജൂലൈ ഏഴിന് […]

ന്യൂഡെല്‍ഹി: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സാഹചര്യം വിലയിരുത്താന്‍ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. സിക്ക പ്രതിരോധത്തിന് കേരളത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആറംഗ സംഘത്തെയാണ് കേന്ദ്രം കേരളത്തിലേക്ക് അയച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 24കാരിന്ന് സിക്ക സ്ഥിരീകരിച്ചത്. ജൂണ്‍ 28ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭണിയായ ഇവരില്‍ രോഗലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് പൂനെയിലെ ലാബിലേക്ക് സാമ്പിള്‍ അയച്ച് സിക്ക സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം ജൂലൈ ഏഴിന് യുവതി സാധാരണ രീതിയില്‍ പ്രസവിച്ചു. നിലവില്‍ 15 പേര്‍ക്കാണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

കൊതുക് വഴി പടരുന്നതിനാല്‍ കൂടുതല്‍ പേരിലേക്ക് വൈറസ് ബാധയുണ്ടാകാമെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നു. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും രോഗപ്രതിരോധത്തില്‍ സംസ്ഥാനത്തെ സഹായിക്കുകയുമാണ് വിദഗ്ധ സംഘത്തിന്റെ ദൗത്യം. അതേസമയം സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പനിയുള്ള ഗര്‍ഭിണികളില്‍ പരിശോധന നടത്തി സിക്ക വൈറസ് അല്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ യാത്ര ചരിത്രം അടക്കം പരിശോധിക്കും. സംസ്ഥാനത്ത് ലാബ് സൗകര്യം വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്. സാധാരണ ഇത് കുഴപ്പമില്ലെങ്കിലും ഗര്‍ഭിണികളെ സാരമായി ബാധിക്കും. അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വൈകല്യമുണ്ടാക്കാന്‍ സാധ്യതയേറെയാണ്. അതിനാല്‍ കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ലൈംഗിക ബന്ധത്തിലൂടേയും സിക്ക വൈറസ് പകരാന്‍ സാധ്യതയുണ്ട്. കുട്ടികളും പ്രായമായവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി.

പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍ എന്നിവ കണ്ടാല്‍ സിക്കയല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ സംസ്ഥാനം നേരത്തെ മുതല്‍ ഡ്രൈ ഡേ ആചരിച്ചു വരുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ ഡ്രൈ ഡേ ശക്തിപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം, തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നും നേരത്തെയയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് സിക്ക പോസിറ്റീവാണെന്ന് എന്‍.ഐ.വി. പൂനയില്‍ നിന്നും സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരാണ് രോഗം ബാധിച്ചവര്‍. ഇവര്‍ നഗരത്തിലുള്ള ആശുപത്രിക്ക് സമീപമായാണ് താമസിച്ചിരുന്നത്. അവര്‍ താമസിച്ച നഗരത്തിലെ പ്രദേശവും അവരുടെ യാത്രാ ചരിത്രവും പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുന്നതാണ്.

Related Articles
Next Story
Share it