ഇതിഹാസത്തിന് 100

'ഖസാക്കിന്റെ ഇതിഹാസത്തിന് നൂറ്'-നൂറ് വയസ്സല്ല. അഥവാ, ഖസാക്കിന്റെ ഇതിഹാസം എന്ന കൃതി പ്രസിദ്ധീകരിച്ചിട്ട് നൂറുവര്‍ഷം തികയുന്നു എന്നുമല്ല; നൂറാമത്തെ പതിപ്പ് (എഡിഷന്‍) പുറത്തിറങ്ങുന്നുവെന്നാണ് വാര്‍ത്ത. പക്ഷെ, ചെറിയൊരു അവ്യക്തത: 1969ല്‍ കറന്റ് ബുക്‌സ് ആണ് ഇദംപ്രഥമമായി പ്രസിദ്ധീകരിച്ചത്. പിന്നെ സാഹിത്യപ്രവര്‍ത്തകസഹകരണ സംഘം പ്രസിദ്ധീകരണ ചുമതല ഏറ്റെടുത്തു. ഏത് കൊല്ലം എന്ന് വാര്‍ത്തയില്‍ കണ്ടില്ല; എത്ര പതിപ്പ് ഇറക്കിയെന്നും. 1992ല്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചു. ഡി.സി.യുടെ നൂറാം പതിപ്പാണ് ഇപ്പോള്‍, അതായത് ഡിസംബറില്‍ ഇറങ്ങുന്നത്. കറന്റും സാഹിത്യ പ്രവര്‍ത്തക […]

'ഖസാക്കിന്റെ ഇതിഹാസത്തിന് നൂറ്'-നൂറ് വയസ്സല്ല. അഥവാ, ഖസാക്കിന്റെ ഇതിഹാസം എന്ന കൃതി പ്രസിദ്ധീകരിച്ചിട്ട് നൂറുവര്‍ഷം തികയുന്നു എന്നുമല്ല; നൂറാമത്തെ പതിപ്പ് (എഡിഷന്‍) പുറത്തിറങ്ങുന്നുവെന്നാണ് വാര്‍ത്ത. പക്ഷെ, ചെറിയൊരു അവ്യക്തത: 1969ല്‍ കറന്റ് ബുക്‌സ് ആണ് ഇദംപ്രഥമമായി പ്രസിദ്ധീകരിച്ചത്. പിന്നെ സാഹിത്യപ്രവര്‍ത്തകസഹകരണ സംഘം പ്രസിദ്ധീകരണ ചുമതല ഏറ്റെടുത്തു. ഏത് കൊല്ലം എന്ന് വാര്‍ത്തയില്‍ കണ്ടില്ല; എത്ര പതിപ്പ് ഇറക്കിയെന്നും. 1992ല്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചു. ഡി.സി.യുടെ നൂറാം പതിപ്പാണ് ഇപ്പോള്‍, അതായത് ഡിസംബറില്‍ ഇറങ്ങുന്നത്. കറന്റും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും എസ്.പി.സി.എസ്-എത്ര പതിപ്പുകള്‍ പ്രസിദ്ധീകരിച്ചു എന്ന് പറഞ്ഞിരുന്നെങ്കില്‍, ആകെ എത്ര പതിപ്പായി ഇതുവരെ എന്ന് അറിയാന്‍ കഴിഞ്ഞേനെ.
മലയാളത്തില്‍ ഇങ്ങനെയൊരനുഭവമോ? പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അത്ഭുതം പ്രകടിപ്പിച്ചത് 1944ല്‍ ഇറങ്ങിയ 'രമണ'ന്റെ പതിനഞ്ചാം പതിപ്പിന്റെ അവതാരികയിലായിരുന്നു. 1936ല്‍ ആണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണന്‍ ആദ്യം പ്രസിദ്ധീകരിച്ചത്. എട്ടുകൊല്ലം കൊണ്ട് പതിനഞ്ചാം പതിപ്പ്. മലയാളത്തില്‍ ഇങ്ങനെയൊരനുഭവം മറ്റൊരു കാവ്യത്തിനും ഉണ്ടായിട്ടില്ല.
1992 ഡി.സി ബുക്‌സ് ആദ്യമായി 'ഇതിഹാസം' പുറത്തിറക്കി. 2022ല്‍ നൂറാം പതിപ്പ് ഇറക്കുന്നു. മുപ്പത് കൊല്ലം; നൂറു പതിപ്പുകള്‍. ഓരോ പതിപ്പും എത്ര കോപ്പി എന്നറിയില്ല. ആകെ എത്ര കോപ്പി എന്നറിഞ്ഞ് അത്ഭുതപ്പെടാമായിരുന്നു നമുക്ക്.
എന്റെ പുസ്തകശേഖരത്തിലുള്ളത് 1973ല്‍ പ്രസിദ്ധീകരിച്ച എസ്.പി.സി.എസിന്റെ രണ്ടാം പതിപ്പാണ്. ഫസ്റ്റ് പബ്ലിഷ്ഡ് 1969. റീ പ്രിന്റഡ്-മാര്‍ച്ച് 1973 എന്ന് ഇന്നര്‍ കവര്‍ പേജില്‍ കാണുന്നു. 306 പേജുള്ള പുസ്തകത്തിന് വില 7.50 രൂപ. തൃശൂരില്‍, പാതയോരത്ത് നിരത്തിവെച്ച പഴയ പുസ്തകക്കൂട്ടത്തില്‍ നിന്നും ചികഞ്ഞെടുത്ത് മൂന്ന് രൂപക്ക് വാങ്ങിയ പുസ്തകം. കെ.ആര്‍ സുബ്രഹ്മണ്യന്‍, താനിയം, പോസ്റ്റ് പെരിങ്ങോട്ടുകര എന്നൊരാളുടെ വകയാണെന്ന് കാണുന്നു. പലേടത്തും സീല്‍ പതിച്ചിട്ടുണ്ട്. പഴയ പുസ്തകമായത് കൊണ്ട് മൂന്ന് രൂപക്ക് കിട്ടി.
1982ല്‍ ആയിരിക്കണം എന്റെ കയ്യിലെത്തിയത്. സുബ്രഹ്മണ്യന്‍ വാങ്ങിയത് 25-6-1974ന്. സീലിന് മുകളില്‍ ഒപ്പിട്ടിട്ടുണ്ട്, തിയതി ചേര്‍ത്ത്.
രണ്ടാം പതിപ്പിന് വേണ്ടി എഴുതിയ ആമുഖത്തില്‍ വിജയന്‍: 'ഖസാക്കിന്റെ ഇതിഹാസം ഒരു ജീവിത വീക്ഷണമല്ല. അതെഴുതുമ്പോള്‍ ഉണ്ടായിരുന്ന ധാര്‍ഷ്ട്യം പോലും ഇന്നെനിക്കില്ല. ജീവിത വീക്ഷണമല്ലെങ്കില്‍ പിന്നെ എന്താണത്? കഥ? കഥയുമല്ല. കരിമ്പനപ്പട്ടകളില്‍ കാറ്റുപിടിക്കുന്നത് പോലെ ഞാന്‍ ചിലപ്പോള്‍ ചിലതില്‍ നഷ്ടപ്പെടുന്നു. അത് പകര്‍ത്താന്‍ ശ്രമിച്ചു എന്ന് മാത്രം.
പിന്നെ, കുഞ്ഞാമിനയുടെ കാര്യം. എന്റെ ജീവിതത്തിലെ സുന്ദരവും അപൂര്‍വ്വവുമായ ഒരു നിമിഷത്തില്‍ ഞാന്‍ ആരാധനയുടെ സുഖം അറിഞ്ഞപ്പോള്‍ ഞങ്ങള്‍ അവളുടെ പേര് മാറ്റാന്‍ നിശ്ചയിച്ചു. ആമിനക്കുട്ടി എന്ന്. സാങ്കേതികമായ തടസ്സം നിമിത്തം ഈ മാറ്റം പുസ്തകത്തില്‍ വരുത്താന്‍ നിവൃത്തിയില്ല. അതുകൊണ്ട് രവിയോട് സ്‌നേഹമുള്ള സഹൃദയന്മാര്‍ പുസ്തകം വായിക്കുമ്പോള്‍ അവളെ ആമിനക്കുട്ടിയെന്ന് വിളിക്കണം. അവള്‍ വിളി കേള്‍ക്കും... താന്‍ പകര്‍ത്താന്‍ ശ്രമിച്ചുവെന്ന് വിജയന്‍ രേഖപ്പെടുത്തിയല്ലോ. എപ്പോള്‍? 1969ല്‍ ആണല്ലോ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചത്. അതിന് മുമ്പ് മാതൃഭൂമി വാരികയില്‍ വന്നിട്ടുണ്ട്. എഴുതാന്‍ തുടങ്ങിയത് 1966ല്‍ ആണ് എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. വ്യക്തമായതെളിവുണ്ട് എന്റെ കയ്യില്‍. ഒരു കത്ത്: വിജയന്റെ കൊച്ചനിയത്തി (എന്റെയും കൊച്ചനിയത്തി) ഉഷ എഴുതിയത്-തന്റെ പ്രിയപ്പെട്ട കൊച്ചേട്ടനായ എനിക്ക് 5/15രൂപ്നഗര്‍ ഡല്‍ഹി-7യില്‍ നിന്ന് 25-12-66ന് എഴുതിയ കത്ത്. പ്രസക്ത ഭാഗം ഉദ്ധരിക്കട്ടെ: 'പിന്നെ ഒരു വിശേഷം എന്റെ ഏട്ടത്തിയമ്മ ഒരാണ്‍കുട്ടിയെ പെറ്റു. കഴിഞ്ഞ ശനിയാഴ്ച. അവര്‍ അവരുടെ നാട്ടില്‍ അതായത് ഹൈദരാബാദില്‍ ആണ്. ഏട്ടന്‍ ഒരു നോവലെഴുതുന്നതില്‍ മനസ്സും നട്ടിരിപ്പാണ്.'
വിജയന്‍ ഖസാക്കിന്റെ ഇതിഹാസം എഴുതുന്ന കാലത്താണ് പിതാവായത്. വിജയന്റെ സഹധര്‍മ്മിണി ഡോ. തെരേസ ഗാബ്രിയേല്‍ ഒരു ആണ്‍കുട്ടിയെ പെറ്റു. ആ കുട്ടിയാണ് മധു. മധുവിന്റെ വയസാണ് ഖസാക്കിന്റെ ഇതിഹാസത്തിന്.
'പരലോകം കണ്ട ചാത്തന്‍' എന്നൊരാളെ പരിചയപ്പെടുത്തിയിട്ടുണ്ട് വിജയന്‍. കാലികപ്രസക്തിയുള്ളത് കൊണ്ട് ചുരുക്കിപ്പറയാം: കുപ്പുവച്ചല്‍ പന ചെത്തിയെടുക്കുന്ന കള്ളിന് വീര്യം പോരാ എന്ന് തോന്നിയപ്പോള്‍ 'എസ്സെന്‍കള്‍' ചേര്‍ക്കാന്‍ തുടങ്ങി. ഔണ്‍സ് കണക്കിന് അളന്നായിരുന്നു വില്‍പ്പന. ഖസാക്കുകാര്‍ പുതിയ പാനീയത്തിന് 'അവണീശ്' എന്ന പേര് വിളിച്ചു. 'മായാണ്ടി' എസെന്‍സ് വില്‍പന തുടങ്ങി. പലര്‍ക്കും ഇഷ്ടപ്പെടാതെ വന്നപ്പോള്‍ ശര്‍ക്കര വെള്ളം നുരപ്പിച്ച് കള്ളാക്കുന്ന പഴയ വിദ്യ തുടങ്ങി. വീര്യം കൂട്ടാന്‍ തേരട്ടയും മിന്നാമിനുങ്ങും ചതച്ചു ചേര്‍ക്കും. കുട്ടികള്‍ തേരട്ട തേടി ഇറങ്ങിയതോടെ പള്ളിക്കൂടത്തില്‍ ഹാജര്‍ കുറഞ്ഞു. പലരും പുതിയ കൂട്ടുകള്‍ പരീക്ഷിച്ചു ലഹരികൂട്ടാന്‍. അമോണിയം സള്‍ഫേറ്റ് ചേര്‍ത്തു ചിലര്‍. കൃഷിവകുപ്പുകാര്‍ വിതരണം ചെയ്യുന്നത്. തോത് കൂടിപ്പോയാല്‍ 'ശങ്ക' തോന്നും. ഉടനെ മറവ് തേടി ഓടണം. വൈകിയാല്‍ ഉടുതുണി അഴുക്കാകും. മോട്ടോര്‍ ബാറ്ററി ചോര്‍ത്തി ഗന്ധികാമ്ലം എടുത്ത് കലക്കി. അത് കുടിച്ചവര്‍ പലരും കുടലെരിഞ്ഞു ചത്തു. ഒമ്പതാമത്തെ ഖസാക്കുകാരന്‍ ചാത്തന്‍ ഒരു മാസത്തെ ചികിത്സക്ക് ശേഷം ഉയിര്‍ത്തെഴുന്നേറ്റ് വന്നു. പില്‍കാലത്ത് അയാള്‍ 'പരലോകം കണ്ട ചാത്തന്‍' എന്ന് അറിയപ്പെട്ടു.
ഖസാക്കിലെ ലഹരി വിശേഷണമാണ് വിജയന്‍ വിവരിച്ചത്. ഇതാണ് ഇപ്പോഴും തുടരുന്നത്. ഖസാക്കില്‍ മാത്രമല്ല എല്ലായിടത്തും. വീര്യം കൂട്ടാന്‍ പുതിയ ചേരുവകള്‍ പരീക്ഷിച്ചു. പലരും കുടല്‍ കരിഞ്ഞ് ചത്തു. മദ്യദുരന്തം എന്ന് മാധ്യമങ്ങള്‍. വിറ്റയാള്‍ക്കെതിരെ കേസ്. മദ്യം ഉണ്ടാക്കിയവര്‍ക്കെതിരെയും. ആരെയെങ്കിലും പിടിച്ചുകെട്ടി നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ചതല്ല; സ്വയം വാങ്ങി കുടിച്ചതേയുള്ളു. വിജയന്‍ പില്‍കാല 'പുരോഗതി' കണ്ടില്ല. ചാത്തന്മാരുടെ അനന്തര തലമുറകള്‍ക്ക് എന്ത് സംഭവിച്ചുവെന്നും.


-നാരായണന്‍ പേരിയ

Related Articles
Next Story
Share it