ചിലപ്പോൾ ഈ കൈകളിൽ കാണുക സിറിഞ്ചും മരുന്നും……മറ്റ‌് ചിലപ്പോൾ കാഴ‌്ചകളെ ഒപ്പിയെടുക്കാൻ ക്യാമറ…. നേഴ‌്സിങ് ജോലിക്കൊപ്പം ഫോട്ടോഗ്രഫിയും രശ്‌മി സിസ‌്റ്റർക്ക‌് ഏറെ പ്രിയം. പുതുപ്പള്ളി സൂര്യസദനത്തിൽ എം അജീഷിന്റെ ഭാര്യ രശ്മിയ‌്ക്ക‌് ഫോട്ടോഗ്രഫി ഒരു കൗതുകം മാത്രമല്ല ജീവിതത്തിന്റെ ഭാഗം കൂടിയാണ‌്.
ചെറുപ്പം മുതൽ ഫോട്ടോ എടുക്കാൻ വലിയ ഇഷ‌്ടമായിരുന്നു. വീട്ടിലെ ഏത‌് പരിപാടിക്കും ഫോട്ടോ എടുക്കുന്നത‌് രശ‌്മിയായിരുന്നു. നേഴ‌്സിങ് പഠിക്കുമ്പോഴും ഫോട്ടോഗ്രഫി വിട്ടില്ല. കൗതുകകാഴ്‌ചകൾ ക്യാമറയിൽ പകർത്തുമായിരുന്നു. സിനിമാ സാങ്കേതിക വിദഗ്ധനും ഫോട്ടോഗ്രാഫറുമായ അജീഷിന്റെ ഭാര്യയായി എത്തിയതോടെ രശ്‌മിക്ക് ഫോട്ടോഗ്രഫിയുമായി കൂടുതൽ അടുക്കാനായി. പ്രൊഫഷണൽ ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങുന്നതും ഭർത്താവിൽ നിന്ന‌് തന്നെ. പിന്നീട‌് യൂട്യൂബിൽ നോക്കി കൂടുതൽ കാര്യങ്ങൾ മനസിലാക്കി. ഭാര്യയുടെ ഫോട്ടോ എടുക്കാനുള്ള താൽപര്യം കണ്ട‌് താൻ ഉപയോഗിച്ചിരുന്ന കാനൻ കമ്പനിയുടെ പുതിയ ക്യാമറ അജീഷ‌് പ്രിയതമയ‌്ക്ക‌് സമ്മാനമായി നൽകി.
കോട്ടയം മെഡിക്കൽ കോളേജിലെ സ‌്റ്റാഫ‌് നേഴ‌്സായ രശ്മി സർജിക്കൽ ആന്റ‌് മെഡിക്കൽ വാർഡിൽ ആണ‌് ജോലി നോക്കുന്നത‌്. രോഗികളും സഹപ്രവർത്തകരും കാണുമ്പോൾ ആദ്യം ചോദിക്കുന്നത‌് ‘ക്യാമറ എന്തിയേ സിസ‌്റ്ററേ’ എന്നാണ‌്.
ക്യാമറയിലൂടെ കാണുന്ന ദൃശ്യങ്ങൾ ഒപ്പിയെടുത്തു സൂക്ഷിച്ചാൽ ഒരുപാട‌് ഓർമകൾ കൂടെയുള്ളതുപോലെയാണ‌്…..നിറപുഞ്ചിരിയോടെ രശ‌്മി പറഞ്ഞു. നേഴ‌്സിങ് ജോലിയ‌്ക്ക‌് ഒരു കുറവും വരാതെയാണ‌് ഫോട്ടോഗ്രഫി കൊണ്ടു നടക്കുന്നത‌്. ഇതിന‌് കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും എല്ലാവിധ പിന്തുണയും ഉണ്ട‌്.
മക്കളായ സിദ്ധാർഥും, അഭിരാമിയുമാണ‌് രശ‌്മിയുടെ മോഡലുകൾ. അമ്മയുടെ ഫോട്ടോഗ്രഫി താൽപര്യം തിരിച്ചറിഞ്ഞതു കൊണ്ടാണോന്ന‌് അറിയില്ല അമ്മയ‌്ക്ക‌് പടമെടുക്കാൻ ഏത‌് പോസിലും മക്കൾ നിന്ന‌് കൊടുക്കും. കെജിഎൻഎ അംഗം കൂടിയായ രശ്മി നേഴ‌്സിങ് വാരാഘോഷ പരിപാടികളിൽ ക്യാമറയുമായി മുന്നിലുണ്ടാകും കൗതുകവും രസക്കൂട്ടുകൾ നിറഞ്ഞതുമായ ചിത്രങ്ങൾ പകർത്താൻ. കെജിഎൻഎ സംസ്ഥാന നേതാവായ ഹേന ദേവദാസാണ‌് ഇതിന‌് വേണ്ട എല്ലാ സഹായവും ചെയ‌്തുതന്നതെന്ന് രശ‌്മി പറയുന്നു. തന്റെ ഇഷ‌്ടങ്ങൾ തിരിച്ചറിഞ്ഞ‌് കൈപിടിച്ചുയർത്താൻ അവസരം ഒരുക്കി നൽകിയതും ഇവർ തന്നെ. കെജിഎൻഎയുടെ മാത്രമല്ല നേഴ‌്സി്ങ‌് പരിപാടികളിലെ ഔദ്യോഗിക ഫോട്ടോഗ്രാഫറും രശ്മി സിസ‌്റ്റർ തന്നെ.