സര്‍ക്കാര്‍ ക്വാട്ടയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളും: ചെലവ് വ്യത്യാസത്തിന്റെ കാരണങ്ങള്‍

ഇന്ത്യയിലെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വലിയ തോതില്‍ തുക ഈടാക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. കാര്യ കാരണങ്ങള്‍ പഠിക്കാതെയാണ് ഇത്തരം ആരോപണമെന്ന് പറയാതെ വയ്യ.സര്‍ക്കാര്‍ ഇപ്രാവശ്യം കേരളത്തിലെ മൂന്ന് കേന്ദ്രങ്ങളില്‍ മൂന്ന് തരം തുകയാണ് ഈടാക്കുന്നതെങ്കിലും അത് പരമാവധി മൂന്ന് ലക്ഷത്തി അമ്പത്തിഅയ്യായിരത്തി അഞ്ഞൂര്‍ രൂപയാണ്. ആ സ്ഥാനത്താണ് സ്വകാര്യ ഏജന്‍സികള്‍ അഞ്ചേ മുക്കാല്‍ ലക്ഷം മുതല്‍ ഏഴേ മുക്കാല്‍ ലക്ഷം വരെ ഒരാളില്‍ നിന്ന് ഈടാക്കുന്നതെന്ന് വരുമ്പോള്‍ സ്വാഭാവികമായും സംശയം ബലപ്പെടുക തന്നെ ചെയ്യും.എന്നാല്‍ ഇതിന്റെ […]

ഇന്ത്യയിലെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വലിയ തോതില്‍ തുക ഈടാക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. കാര്യ കാരണങ്ങള്‍ പഠിക്കാതെയാണ് ഇത്തരം ആരോപണമെന്ന് പറയാതെ വയ്യ.
സര്‍ക്കാര്‍ ഇപ്രാവശ്യം കേരളത്തിലെ മൂന്ന് കേന്ദ്രങ്ങളില്‍ മൂന്ന് തരം തുകയാണ് ഈടാക്കുന്നതെങ്കിലും അത് പരമാവധി മൂന്ന് ലക്ഷത്തി അമ്പത്തിഅയ്യായിരത്തി അഞ്ഞൂര്‍ രൂപയാണ്. ആ സ്ഥാനത്താണ് സ്വകാര്യ ഏജന്‍സികള്‍ അഞ്ചേ മുക്കാല്‍ ലക്ഷം മുതല്‍ ഏഴേ മുക്കാല്‍ ലക്ഷം വരെ ഒരാളില്‍ നിന്ന് ഈടാക്കുന്നതെന്ന് വരുമ്പോള്‍ സ്വാഭാവികമായും സംശയം ബലപ്പെടുക തന്നെ ചെയ്യും.
എന്നാല്‍ ഇതിന്റെ നിജസ്ഥിതി അന്വേഷിക്കുമ്പോള്‍ കാര്യം പിടികിട്ടും. കഴിഞ്ഞ വര്‍ഷം വരെ സര്‍ക്കാര്‍ മക്ക, മദീനകളിലെ ഭക്ഷണ ചെലവിനുള്ളതെന്ന് പറഞ്ഞ് അതാത് എമ്പാര്‍ക്കേഷനുകളില്‍ വെച്ച് ഓരോ ഹാജിക്കും രണ്ടായിരത്തി ഒരു നൂര്‍ സൗദി റിയാല്‍ കാഷായി നല്‍കി വന്നിരുന്നു. കൃത്യമായ അളവിലുള്ള ബാഗ് അല്ലെങ്കില്‍ ട്രോളിയും കൊടുത്തിരുന്നു. അതിനും നല്ലൊരു തുക ചെലവ് കാണും. എല്ലാം കൂടി ഈ ഇനത്തില്‍ അമ്പതിനായിരത്തോളം രൂപ വരും. ഇപ്രാവശ്യം ഈ വക കാര്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ നല്‍കുന്നില്ല. പോരാത്തതിന് വളണ്ടിയര്‍മാരുടെ എണ്ണവും പാടേ വെട്ടിച്ചുരുക്കി. ജി.എസ്.ടി എന്ന നികുതിയും സര്‍ക്കാര്‍ ഹാജിമാര്‍ക്ക് ബാധകവുമല്ല. എന്നിട്ടും മൂന്നര ലക്ഷത്തിലേറെ തുക ഈടാക്കുന്നുണ്ട്.
പ്രൈവറ്റ് ക്വാട്ടകള്‍ നൂറ് പേരെ കൊണ്ടുപോകാനുള്ള ഒന്നാം കാറ്റഗറിയും അമ്പത് പേര്‍ക്കുള്ള രണ്ടാം കാറ്റഗറിയും എന്ന രൂപത്തിലാണ് അനുവാദമുള്ള ഏജന്‍സികള്‍ പ്രവര്‍ത്തിച്ചു വരുന്നത്. സര്‍വീസ് നടത്താന്‍ അനുയോജ്യരാവാനുള്ള സാധാരണയുള്ള നിബന്ധനകള്‍ക്ക് പുറമെ കേന്ദ്ര സര്‍ക്കാര്‍ ഇപ്രാവശ്യം ഭീമമായ തുകയടക്കാനുള്ള ഒരു നിബന്ധന കൂടി നിഷ്‌കര്‍ഷിച്ചു. 2018, 2019, 2022 വര്‍ഷങ്ങളില്‍ സര്‍വീസ് നടത്തിയ വകയില്‍ ഒരു ഹാജിക്ക് അദ്ദേഹം നല്‍കിയ തുകയുടെ അഞ്ച് ശതമാനം വെച്ച് ജി.എസ്.ടി എന്ന പേരില്‍ നികുതി അടയ്ക്കാനും അങ്ങനെ ചെയ്യാത്ത പക്ഷം അയോഗ്യത കല്‍പ്പിക്കാനുമായിരുന്നു ആ ഉത്തരവ്. അതനുസരിച്ചു ഒരു രണ്ടാം സ്ഥാനക്കാരന്‍ ചുരുങ്ങിയത് മുപ്പത്തി രണ്ടര ലക്ഷം അടച്ചെങ്കില്‍ മാത്രമേ യോഗ്യത നേടുകയുള്ളൂ. ഇതൊരിക്കലും മുന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പോയ ഹാജിമാരെ സമീപിച്ചുകൊണ്ട് ഒരു ഏജന്‍സിക്കും ഈടാക്കാന്‍ പറ്റില്ലെന്നും ഉടമ അദ്ദേഹത്തിന്റെ സ്വന്തം കയ്യില്‍ നിന്നും വഹിക്കേണ്ടത് തന്നെയാണെന്നുമുള്ള സത്യം പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.
ഇതിന് പുറമെ ഒന്നാം സ്ഥാനക്കാരന്‍ മുപ്പത് ലക്ഷവും രണ്ടാം തരക്കാരന്‍ ഇരുപത് ലക്ഷവും സെക്യൂരിറ്റി ഡെപ്പോസിറ്റും നടത്തണം. ഇത് പോലെ ഇപ്രാവശ്യം പോകുന്ന ഹാജിമാരുടെ അഞ്ച് ശതമാനം ജി.എസ്.ടിയും അത്ര തന്നെ ടി. സി.എഫും വേറെയും അടക്കണം. അടുത്ത വര്‍ഷമാകുമ്പോള്‍ ഒരു സി.എക്കാരനെ സമീപിച്ചു ബന്ധപ്പെട്ട രേഖകള്‍ (റിട്ടേണ്‍) ബാങ്കില്‍ സമര്‍പ്പിച്ചാല്‍ ഹാജിക്ക് തിരിച്ചു കിട്ടുന്ന തുകയാണ് ഈ ടി.സി.എഫ് എങ്കിലും അതും ഹാജി വഹിക്കുക തന്നെ വേണം. ഈ നിബന്ധനകള്‍ ഒന്നും സര്‍ക്കാര്‍ ക്വാട്ടയില്‍ പോകുന്ന ഹാജിമാര്‍ക്ക് ബാധകവുമല്ല.
ഇതിനെല്ലാം പുറമെ ഡോക്യൂമെന്റസ് ക്ലീയറന്‍സ് ഇനത്തിലും മറ്റും ഒരു ഉടമക്ക് വരുന്ന ഭീമമായ ചെലവ് വേറെയാണ്. മക്കയിലെ അസീസിയ്യ എന്ന സ്ഥലത്ത് രണ്ട് ദശാബ്ദത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങളിലാണ് സര്‍ക്കാര്‍ വഴി പോകുന്ന ഹാജിമാരെ നീണ്ട ഇരുപത്തി അഞ്ചോളം ദിവസം താമസിപ്പിക്കുന്നത്. മുന്നൂറും നാനൂറും അതിലധികവും മീറ്റര്‍ ദൂരത്തില്‍ മദീനയില്‍ അവരെ പാര്‍പ്പിക്കുന്നു. മിനായില്‍ ഉദ്ദേശം തൊണ്ണൂറായിരത്തില്‍ താഴെ മാത്രം വിലയുള്ള ടെന്റിലാണ് അവര്‍ക്ക് താമസം. എന്നാല്‍ സ്വകാര്യ ഗ്രൂപ്പില്‍ പോകുന്നവര്‍ക്ക് മക്കയില്‍ ഹറമിന്റെ മുറ്റത്ത് എന്ന് തന്നെ പറയാവുന്ന ദൂരത്തിലും മികച്ച സൗകര്യത്തിലും സേവനത്തിനുമുള്ള ഹില്‍റ്റന്‍, ക്ലോക്ക് ടവറിലെ മറ്റു സമാനമായ ഹോട്ടലുകള്‍ ആണ് തിരഞ്ഞെടുക്കുന്നത്. മദീനയിലും സൗകര്യപ്രദമായ ഇടങ്ങളില്‍ ഹാജിമാരെ പാര്‍പ്പിക്കുകയും അവര്‍ക്ക് അനുയോജ്യമായ ഭക്ഷണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മക്കയില്‍ മൂന്നോ നാലോ ഉംറകള്‍ ചെയ്യിപ്പിക്കാറുണ്ട്. മക്ക, മദീനകളിലെ സന്ദര്‍ശന സ്ഥലങ്ങള്‍ കൊണ്ടു പോയി കാണിച്ചു കൊടുക്കും. ഇതിനെല്ലാം പുറമെ എല്ലാ കര്‍മ്മങ്ങള്‍ക്കും നേതൃത്വം വഹിക്കാന്‍ ഒരു അമീറിനെ ടൂര്‍ ഉടമ സ്വന്തം ചെലവില്‍ കൂടെ അയക്കും. മിനായില്‍ ചുരുങ്ങിയത് ഒരു ലക്ഷത്തി അറുപത്തി അയ്യായിരത്തില്‍ അധികം ചാര്‍ജ് വരുന്ന ടെന്റുകളിലാണ് താമസിപ്പിക്കുന്നത്. (വളരെ വൈകിപ്പോയതിനാല്‍ ഇപ്രാവശ്യം ഈ പറഞ്ഞ ടെന്റ് ലഭിക്കുമോ എന്നതില്‍ ടൂര്‍ ഓപറേറ്റര്‍മാര്‍ ആശങ്കയിലാണ്). അങ്ങനെ സ്വകാര്യ ഗ്രൂപ്പില്‍ ചെല്ലുന്നവര്‍ക്കും സര്‍ക്കാര്‍ ക്വാട്ടയില്‍ ചെല്ലുന്നവര്‍ക്കും ചെലവുകളില്‍ വലിയ വ്യത്യാസമാണുള്ളത്. സര്‍ക്കാര്‍ ഹാജിമാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ എത്രെയോ മടങ്ങ് സൗകര്യങ്ങളില്‍ അപ്പുറമാണ് സ്വകാര്യ ഗ്രൂപ്പില്‍ യാത്ര തിരിക്കുന്നവര്‍ക്ക് യാത്രയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ലഭിക്കുന്നത്.


-കന്തല്‍ സൂപ്പി മദനി, കുമ്പള

Related Articles
Next Story
Share it