പേരിലെന്തിരിക്കുന്നു...

എന്താപേര്? എന്ന ചോദ്യത്തിലൂടെയാണ് അപരിചിതരായ രണ്ടുപേര്‍ പരിചയം തുടങ്ങുന്നത്. സ്‌കൂള്‍ പഠനകാലത്ത് ഇംഗ്ലീഷ് ക്ലാസില്‍ ആദ്യം പഠിക്കുന്ന ഇംഗ്ലീഷ് വാചകവും 'വാട്ടീസ് യുവര്‍ നെയിം... മൈ നെയിമീസ്... 'ആണ്. ഇപ്പോഴത്തെ സാമൂഹ്യ വ്യവസ്ഥയില്‍ 99 ശതമാനം പേരുകള്‍ക്കും മതങ്ങളുമായി ഒരു ലിങ്ക് കിടക്കുന്നുണ്ട്. അതിനാല്‍ തന്നെ ഒരാളോട് നമ്മള്‍ പേരുപറയുമ്പോള്‍ നമ്മുടെ മതവും കൂടി വെളിപ്പെടുന്നു. ചില പേരുകളില്‍ നിന്ന് ജാതികളും ഉപജാതികളും കിട്ടും. പേരിനേക്കാള്‍ കൂടുതല്‍ മതം ഏതാണെന്നറിയാനുള്ള വ്യഗ്രതയില്‍ പേര് ചോദിക്കുന്നവരുമുണ്ട്.ഒരു കവിത ഓര്‍മ്മവരുന്നു. […]

എന്താപേര്? എന്ന ചോദ്യത്തിലൂടെയാണ് അപരിചിതരായ രണ്ടുപേര്‍ പരിചയം തുടങ്ങുന്നത്. സ്‌കൂള്‍ പഠനകാലത്ത് ഇംഗ്ലീഷ് ക്ലാസില്‍ ആദ്യം പഠിക്കുന്ന ഇംഗ്ലീഷ് വാചകവും 'വാട്ടീസ് യുവര്‍ നെയിം... മൈ നെയിമീസ്... 'ആണ്. ഇപ്പോഴത്തെ സാമൂഹ്യ വ്യവസ്ഥയില്‍ 99 ശതമാനം പേരുകള്‍ക്കും മതങ്ങളുമായി ഒരു ലിങ്ക് കിടക്കുന്നുണ്ട്. അതിനാല്‍ തന്നെ ഒരാളോട് നമ്മള്‍ പേരുപറയുമ്പോള്‍ നമ്മുടെ മതവും കൂടി വെളിപ്പെടുന്നു. ചില പേരുകളില്‍ നിന്ന് ജാതികളും ഉപജാതികളും കിട്ടും. പേരിനേക്കാള്‍ കൂടുതല്‍ മതം ഏതാണെന്നറിയാനുള്ള വ്യഗ്രതയില്‍ പേര് ചോദിക്കുന്നവരുമുണ്ട്.
ഒരു കവിത ഓര്‍മ്മവരുന്നു. രസികനായ നമ്പൂതിരി ആനയ്ക്ക് 'വറുഗീസ്' എന്ന പേരിടുന്നതിലൂടെ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അവസാനം 'പേരിലാണ് ജാതി' എന്ന് നമ്പൂതിരി തിരിച്ചറിയുന്നു. (കവിതയുടെ സാരം)
സ്ഥലപ്പേരുകള്‍ ചിലതൊക്കെ വൃക്ഷങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. പണ്ടുകാലത്ത് ഒരു ദിക്കിന്റെ അടയാളം പറയാന്‍ മാവിനെയോ പ്ലാവിനെയോ ആലിനെയോ ഒക്കെ ആശ്രയിച്ചതിലൂടെ പിന്നീട് ആ സ്ഥലം ക്രമേണ കുഞ്ഞിമാവിന്റടിയും ആലിന്റെടിയും പ്ലാവിന്‍കുന്നും ഒക്കെയായി.
നഗറുകളും റോഡുകളും പെരുകിയതോടെ ആ ഭാഗത്ത് ജീവിച്ചിരുന്ന വ്യക്തികളുടെ പേരില്‍ അല്ലെങ്കില്‍ ആരാധനാലയങ്ങളുടെ പേരില്‍ നഗറുകള്‍ അറിയപ്പെടാന്‍ തുടങ്ങി. ഉദാഹരണം, അമരാവതി നഗര്‍, ഗദ്ദാദ് നഗര്‍, രശ്മി നഗര്‍...
പേരുകളിലെ ഏറ്റവും രസകരമായത് ഇരട്ടപ്പേരുകളാണ്. ഈ മഹത്തായ സംസ്‌ക്കാരം ഇപ്പോള്‍ വംശനാശ ഭീഷണിയിലാണ്. പഴയ സര്‍ക്കാര്‍ സ്‌കൂളുകളും ഗ്രാമീണ മേഖലയുമൊക്കെയാണ് ഇരട്ടപ്പേരുകളുടെ ഈറ്റില്ലം. സാറിന്റെ സ്വഭാവരീതികള്‍, ശാരീരിക പ്രത്യേകതകള്‍ തുടങ്ങിയവയൊക്കെ നിരീക്ഷിച്ച് ഒരു പേര് ചാര്‍ത്തും. ഒരു ഇരട്ടപ്പേര് വീണാല്‍ കണ്ണില്‍ നിന്ന് കരടെടുക്കുന്ന സൂക്ഷ്മതയോടെ വേണം അത് കൈകാര്യം ചെയ്യാന്‍. വിളിക്കുന്നവരോട് ഉടക്കാന്‍ പോയാലോ, അങ്ങനെ വിളിക്കരുതെന്ന് അപേക്ഷിക്കാന്‍ പോയാലോ വിപരീതഫലം ഉണ്ടാകും. ഉദാഹരണമാണ് പന്നി അശോകനും മെമ്പര്‍ മോഹനനും സാഹിത്യം കുഞ്ഞമ്പുവും മരക്കണ്ണനും മറ്റും. ചില ഇരട്ടപ്പേരുകള്‍ തലമുറകളെതന്നെ വേട്ടയാടും. ഇരട്ടപ്പേരില്‍ മതം കടന്നുവരുന്നില്ല എന്നത് വലിയ ആശ്വാസമാണ്. (ഉദാ: പന്നി... മെമ്പര്‍, സാഹിത്യം, മരം..)
ഇപ്പോള്‍ മക്കള്‍ക്ക് പേരിടുന്നതിനായി ഡോക്ടറേറ്റിനുവേണ്ടി തിസീസ് തയ്യാറാക്കുന്നതിനേക്കാള്‍ കഠിനശ്രമങ്ങളാണ് മാതാപിതാക്കള്‍ നടത്തുന്നത്.
ഗൂഗിളില്‍ അരിച്ചുപെറുക്കലാണ് ആദ്യഘട്ടം. മറ്റാര്‍ക്കുമില്ലാത്ത പേരാണ് പലരുടേയും ആവശ്യം. ഒരുകാലത്ത് കോമണ്‍ പേരുകള്‍ക്കായിരുന്നു ഡിമാന്റ്. ഒരു ക്ലാസില്‍ ഒരേ പേരുള്ളവര്‍ മൂന്നോ നാലോ കാണും. പിന്നെ ഗുണ്ട് സുരേഷ്, പൊക്കം സുരേഷ് എന്നൊക്കെ അടയാളങ്ങള്‍ വയ്ക്കും. പേരിലല്ല കാര്യമെന്ന് തിരിച്ചറിയുന്നു. ആശയപരമായി തനിക്കിഷ്ടമില്ലാത്ത ചില ഘടകങ്ങള്‍ പേരിലുണ്ടെങ്കിലും ഏത് പേരിലാണോ താന്‍ ആദ്യം അറിയപ്പെട്ടത് ആ പേരുതന്നെയങ്ങ് തുടരും.
പൗരന്‍, മനുഷ്യന്‍ തുടങ്ങിയ വിശാലാര്‍ത്ഥത്തിലുള്ള പേരുകള്‍ക്ക് വിശാലമനസ്സുള്ള രക്ഷാകര്‍ത്താക്കള്‍ അഭിനന്ദിക്കപ്പെടേണ്ടതാണ്. സിനിമാ സംവിധാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സുഗതന്‍ തന്റെ മകനിട്ടപേര് 'ഇതിഹാസ് ഖസാക്ക്' എന്നാണ്. ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ സ്വാധീനിച്ചിട്ടാണത്. ആയിഷാ പോറ്റിയും പേരിന്റെ പിന്നില്‍ അച്ഛനില്‍ വയലാറിന്റെ 'ആയിഷ' ചെലുത്തിയ സ്വാധീനമായിരുന്നുവെന്ന് വായിച്ചതോര്‍ക്കുന്നു.


-പി.വി.കെ. അരമങ്ങാനം

Related Articles
Next Story
Share it