പാസഞ്ചര്‍ ട്രെയിനുകളിലെ യാത്രാദുരിതത്തിന് പരിഹാരം വേണം

വന്ദേഭാരതിന്റെ വരവ് ആഘോഷിക്കുമ്പോഴും പാസഞ്ചര്‍ ട്രെയിനുകളിലെ യാത്രാദുരിതം നാള്‍നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്നതാണ് യാഥാര്‍ഥ്യം. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പാസഞ്ചര്‍ ട്രെയിനുകളിലെ യാത്രാസൗകര്യം കൂടുന്നില്ലെന്ന് മാത്രമല്ല കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തിരിക്കുന്നു. കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിനുകളിലെ അവസ്ഥ അങ്ങേയറ്റം ദുരിതപൂര്‍ണമാണെന്ന് പറയാതെ വയ്യ. രാവിലെ കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിനില്‍ ദിവസവും സൂചി കുത്താന്‍ ഇടമില്ലാത്ത വിധത്തിലുള്ള വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. കണ്ണൂരില്‍ നിന്നുതന്നെ യാത്രക്കാരുടെ തിരക്ക് തുടങ്ങും. പയ്യന്നൂര്‍ എത്താറാകുമ്പോഴേക്കും നിന്ന് തിരിയാന്‍ ഇടമില്ലാത്ത വിധത്തില്‍ യാത്രക്കാര്‍ക്ക് […]

വന്ദേഭാരതിന്റെ വരവ് ആഘോഷിക്കുമ്പോഴും പാസഞ്ചര്‍ ട്രെയിനുകളിലെ യാത്രാദുരിതം നാള്‍നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്നതാണ് യാഥാര്‍ഥ്യം. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പാസഞ്ചര്‍ ട്രെയിനുകളിലെ യാത്രാസൗകര്യം കൂടുന്നില്ലെന്ന് മാത്രമല്ല കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തിരിക്കുന്നു. കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിനുകളിലെ അവസ്ഥ അങ്ങേയറ്റം ദുരിതപൂര്‍ണമാണെന്ന് പറയാതെ വയ്യ. രാവിലെ കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിനില്‍ ദിവസവും സൂചി കുത്താന്‍ ഇടമില്ലാത്ത വിധത്തിലുള്ള വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. കണ്ണൂരില്‍ നിന്നുതന്നെ യാത്രക്കാരുടെ തിരക്ക് തുടങ്ങും. പയ്യന്നൂര്‍ എത്താറാകുമ്പോഴേക്കും നിന്ന് തിരിയാന്‍ ഇടമില്ലാത്ത വിധത്തില്‍ യാത്രക്കാര്‍ക്ക് തിങ്ങി ഞെരുങ്ങി യാത്ര ചെയ്യേണ്ടിവരുന്നു. പയ്യന്നൂരിനും കാസര്‍കോടിനും ഇടയില്‍ കാഞ്ഞങ്ങാട് ഒഴികെ മറ്റ് സ്റ്റേഷനുകളിലൊന്നും അധികം ആളുകള്‍ ഇറങ്ങാനുണ്ടാവില്ല. അതേ സമയം എല്ലാ സ്റ്റേഷനുകളില്‍ നിന്നും ഇറങ്ങിയതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ കയറുന്നു. വൈകിട്ടും ഇത് തന്നെയാണ് അവസ്ഥ. പാസഞ്ചര്‍ ട്രെയിനിലെ വാതിലിനരികിലും ചവിട്ടുപടിയിലും തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്നവര്‍ അപകടത്തില്‍പ്പെടാനും സാധ്യത കൂടുന്നു. തിരക്കിനിടയില്‍ ചെറുതായി തള്ളലുണ്ടായാല്‍ പോലും ട്രെയിനില്‍ നിന്നും തെറിച്ചുവീഴാനുള്ള സാധ്യതയുണ്ട്. ഈ ട്രെയിനിന് മുന്നിലും പിന്നിലുമായി ഉണ്ടായിരുന്ന സ്ത്രീകളുടെ രണ്ട് കമ്പാര്‍ട്ടുമെന്റുകള്‍ ഇപ്പോള്‍ ഇല്ലെന്നത് യാത്രാദുരിതത്തിന് ആക്കം കൂട്ടുന്നു. പരിമിതമായ സൗകര്യമായിരുന്നെങ്കിലും ഈ രണ്ട് കമ്പാര്‍ട്ടുമെന്റുകള്‍ ഉണ്ടായിരുന്നത് സ്ത്രീയാത്രക്കാര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകര്‍ന്നിരുന്നു. ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍യാത്ര ചെയ്തിരുന്ന സ്ഥിരം യാത്രക്കാരായ സ്ത്രീകള്‍ ഇപ്പോള്‍ ദുരിതത്തിലായിരിക്കുകയാണ്. പൊതുവെ തിരക്കുള്ള മറ്റ് കമ്പാര്‍ട്ടുമെന്റുകളില്‍ ശ്വാസം മുട്ടി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് പല സ്ത്രീ യാത്രക്കാരും. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ മംഗളൂരുവില്‍ നിന്ന് കര്‍ണാടകയിലെ വിവിധ ഇടങ്ങളിലേക്കുള്ള പാസഞ്ചര്‍ തീവണ്ടികളിലേക്ക് കോച്ചുകള്‍ അടര്‍ത്തിയെടുത്തതാണ് ഇവിടത്തെ വണ്ടികളില്‍ കമ്പാര്‍ട്ടുമെന്റുകള്‍ കുറയാന്‍ കാരണം. വൈകിട്ട് 6.30ന് കാസര്‍കോട്ടെത്തുന്ന ട്രെയിനിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പയ്യന്നൂര്‍ വരെ യാത്രക്കാരുടെ വന്‍ തിരക്ക് പതിവാണ്. ഇരിക്കാന്‍ സീറ്റില്ലെങ്കിലും സ്വസ്ഥമായി നിന്ന് യാത്ര ചെയ്യാന്‍ പോലും കഴിയാത്ത നിസഹായാവസ്ഥയാണ് യാത്രക്കാര്‍ നേരിടുന്നത്. യാത്രക്കിടെ ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നവരും വയോധികരും ഇതുമൂലം ഏറെ കഷ്ടപ്പെടുന്നു. കൊടും ചൂട് സമയത്തെ ട്രെയിന്‍ യാത്ര ആളുകള്‍ക്ക് വലിയ ദുരിതമുണ്ടാക്കുന്നു. ഏതെങ്കിലും എക്സ്പ്രസ് ട്രെയിന് കടന്നുപോകാന്‍ പാസഞ്ചര്‍ വണ്ടികള്‍ ട്രാക്കില്‍ പിടിച്ചിടാറുണ്ട്. ഈ സമയത്ത് യാത്രക്കാര്‍ ശ്വാസമെടുക്കാനാകാതെ വിയര്‍ത്തുകുളിച്ച് നില്‍ക്കേണ്ടിവരുന്നു. പാസഞ്ചര്‍ ട്രെയിനുകളിലെ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം കൂട്ടിയും കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിച്ചും യാത്രാദുരിതത്തിന് അടിയന്തിര പരിഹാരം കാണാന്‍ റെയില്‍വെ നടപടി സ്വീകരിക്കണം.

Related Articles
Next Story
Share it