ജില്ലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം

കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അപകടാവസ്ഥയിലാണ്. ഇത്തരം ഷെല്‍ട്ടറുകളില്‍ ബസ് കാത്തുനില്‍ക്കുന്നവരുടെ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യമാണ് ഇത് മൂലം സംജാതമായിരിക്കുന്നത്. കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാന പാതയോരത്ത് അപകടാവസ്ഥയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഏറെയാണ്. ബേക്കല്‍, കോട്ടിക്കുളം, ഉദുമ, കളനാട്, കട്ടക്കാല്‍ എന്നിവിടങ്ങളിലെല്ലാം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നുണ്ട്. തൃക്കണ്ണാട്ടെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഇരിപ്പിടം പൂര്‍ണമായും തകര്‍ന്നുകഴിഞ്ഞു. പൂച്ചക്കാട് തെക്കുപുറത്തുള്ള കാത്തിരിപ്പ് കേന്ദ്രം നിലംപതിച്ചിട്ട് വര്‍ഷങ്ങളായി. അടിത്തറ ഇളകിയതിനെ തുടര്‍ന്നാണ് ഇത് നിലത്തുവീണത്. […]

കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അപകടാവസ്ഥയിലാണ്. ഇത്തരം ഷെല്‍ട്ടറുകളില്‍ ബസ് കാത്തുനില്‍ക്കുന്നവരുടെ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യമാണ് ഇത് മൂലം സംജാതമായിരിക്കുന്നത്. കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാന പാതയോരത്ത് അപകടാവസ്ഥയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഏറെയാണ്. ബേക്കല്‍, കോട്ടിക്കുളം, ഉദുമ, കളനാട്, കട്ടക്കാല്‍ എന്നിവിടങ്ങളിലെല്ലാം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നുണ്ട്. തൃക്കണ്ണാട്ടെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഇരിപ്പിടം പൂര്‍ണമായും തകര്‍ന്നുകഴിഞ്ഞു. പൂച്ചക്കാട് തെക്കുപുറത്തുള്ള കാത്തിരിപ്പ് കേന്ദ്രം നിലംപതിച്ചിട്ട് വര്‍ഷങ്ങളായി. അടിത്തറ ഇളകിയതിനെ തുടര്‍ന്നാണ് ഇത് നിലത്തുവീണത്. പിന്നീട് നാട്ടുകാര്‍ മുന്‍കൈയെടുത്താണ് പുനര്‍നിര്‍മ്മിച്ചത്. അടിത്തറ ഉറപ്പിക്കുന്നതോടൊപ്പം ഇരിപ്പിടവും നന്നാക്കിയിരുന്നു.
കാഞ്ഞങ്ങാട്- കാസര്‍കോട് സംസ്ഥാന പാതയുടെ വികസനപ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തിയത് കെ.എസ്.ടി.പിയാണ്. ഇതിന് ശേഷം പൊതുമരാമത്ത് വകുപ്പിന് കൈമാറുകയാണുണ്ടായത്. സംസ്ഥാനപാതക്കരികില്‍ ലോഹ നിര്‍മ്മിത ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചത് കെ.എസ്.ടി.പിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ്. ചെറിയ കോണ്‍ക്രീറ്റ് അറയില്‍ നട്ടും ബോള്‍ട്ടും ഉപയോഗിച്ചാണ് ഇരുമ്പ് തൂണുകള്‍ ബലപ്പെടുത്തിയത്. അതിന് മുകളില്‍ ലോഹഷീറ്റ് ഇട്ടാണ് കരാറുകാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുണ്ടാക്കിയത്. നാല് ഇരുമ്പ് ദണ്ഡുകള്‍ വിളക്കിച്ചേര്‍ത്തായിരുന്നു നിര്‍മ്മാണം. ഈ ഭാഗങ്ങളെല്ലാം തുരുമ്പെടുത്തിരിക്കുകയാണ്. മുകള്‍ ഭാഗം ദ്രവിച്ച് വീഴാറായ അവസ്ഥയിലാണ് കാത്തിരിപ്പ് കേന്ദ്രങ്ങളുള്ളത്. തുരുമ്പ് പിടിച്ച ഭാഗം യാത്രക്കാര്‍ക്ക് മുറിവ് സംഭവിക്കാന്‍ വരെ കാരണമാകുന്നു. ഇങ്ങനെ മുറിവേല്‍ക്കുന്നവര്‍ക്ക് കുത്തിവെപ്പും എടുക്കേണ്ടിവരുന്നു.
ദേശീയപാതയോരത്ത് പല ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പൊളിച്ചുനീക്കിയിരുന്നു. ദേശീയ പാത വികസനപ്രവൃത്തികള്‍ക്ക് വേണ്ടിയാണ് ഇവ പൊളിച്ചുമാറ്റിയത്. പലയിടങ്ങളിലും പകരം കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിട്ടില്ല. ഇവിടങ്ങളില്‍ ആളുകള്‍ക്ക് പൊരിവെയിലത്ത് ബസ് കാത്തുനില്‍ക്കേണ്ടിവരികയാണ്. ചിലയിടങ്ങളിലാകട്ടെ ദുര്‍ബലമായ ഷെഡ്ഡുകള്‍ കെട്ടിയിട്ടുണ്ട്. ശക്തമായ കാറ്റടിച്ചാല്‍ നിലംപതിക്കുകയോ പറന്നുപോവുകയോ ചെയ്യുന്ന സ്ഥിതിയിലാണ് ഇത്തരം ഷെഡ്ഡുകള്‍. വെയിലുകൊള്ളാതിരിക്കാന്‍ ദുര്‍ബല ഷെഡ്ഡുകളില്‍ കയറി ബസ് കാത്തുനില്‍ക്കുന്നതും യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഭീഷണി തന്നെയാണ്. മഴക്കാലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തകര്‍ന്നുള്ള അപകടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. റോഡ് വികസനത്തിനൊപ്പം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ സുരക്ഷയും യാത്രക്കാരെ സംബന്ധിച്ച് പ്രധാനമാണ്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ അടിയന്തിര ശ്രദ്ധ പതിയണം.

Related Articles
Next Story
Share it