കാസര്‍കോട്: വിധിയുടെ തടവില്‍ ദുരിതം പേറി ജീവിതം മുന്നോട്ടു നീക്കുന്നവരുടെ കണ്ണീരൊപ്പി യുവാക്കളുടെ കൂട്ടായ്മ ശ്രദ്ധേയമാകുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയിലെ ബഡ്‌സ് സ്‌കൂളിലെ കുരുന്നുകള്‍ക്ക് പഠനോപകരണ വിതരണത്തിനായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുമുള്ള ചെറുപ്പക്കാര്‍ ഇത്തവണയും ജില്ലയില്‍ എത്തി. കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 8 വര്‍ഷമായി നടത്തി വരുന്ന സാന്ത്വനം പദ്ധതിയുടെ ഭാഗമായിട്ടാണ് കാറഡുക്ക സ്‌നേഹ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം നടന്നത്. കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങളും വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനവും യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ ഒരു വര്‍ഷ കാലത്തേക്ക് ഏറ്റെടുക്കും. പ്ലസ് വണ്‍ പഠനത്തിന് ആഗ്രഹം പ്രകടിപ്പിച്ച വിദ്യാര്‍ത്ഥിനിയുടെ വിദ്യാഭ്യസ ചെലവും നിലവില്‍ കൗണ്‍സില്‍ ഏറ്റെടുത്തു നടത്തുകയാണ്.
യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ ഡോ. സുമന്‍ജിത്ത് മിഷ അധ്യക്ഷത വഹിച്ചു. കാറുഡുക്ക പഞ്ചായാത്ത് പ്രസിഡണ്ട് അനസൂയ റൈ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വിനോദ് നമ്പ്യാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായായ വിജയകുമാര്‍, രേണുക ദേവി, ജനനി, പഞ്ചായത്ത് സെക്രട്ടറി നന്ദഗോപാല്‍, കൗണ്‍സില്‍ ഭാരവാഹികളായ സുനില്‍ സുരേന്ദ്രന്‍, സജ്ജാദ് എം.എ, സാദിഖ്, മന്‍സൂര്‍, ഹരിക്കുട്ടന്‍, കിരണ്‍, ഷാനിഫ് നെല്ലിക്കട്ട, സഫ്‌വാന്‍ ചെടേക്കാല്‍, സ്‌കൂള്‍ പ്രതിനിധി ഭാരതി എന്നിവര്‍ പ്രസംഗിച്ചു.