ഗാസ മുനമ്പ് ഏറ്റെടുക്കാന്‍ തയാര്‍; നിര്‍ണായക പ്രഖ്യാപനവുമായി ട്രംപ്

Update: 2025-02-05 04:59 GMT

ഗാസ: ഗാസാ മുനമ്പ് ഏറ്റെടുക്കാന്‍ യുഎസ് തയ്യാറാണെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച കഴിഞ്ഞ ദിവസം ആരംഭിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. തീരുമാനം ചര്‍ച്ചകളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.

വൈറ്റ് ഹൗസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിന്റെ നിര്‍ണായക പ്രഖ്യാപനം. ഗാസയെ ഏറ്റെടുക്കാനും മുനമ്പിനെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യുഎസ് ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

പുതിയ പ്രഖ്യാപനത്തിലൂടെ പലസ്തീന്‍ പൗരന്മാര്‍ ഗാസയില്‍ നിന്ന് ഈജിപ്തിലേക്കോ ജോര്‍ദാനിലേക്കോ പോകണമെന്ന തന്റെ മുന്‍ പ്രസ്താവനയെ ഒന്നുകൂടി ഉറപ്പിക്കുകയാണ് ട്രംപ്. പലസ്തീന്‍ പൗരന്മാരെ ഗാസയില്‍നിന്നു മാറ്റണമെന്ന ട്രംപിന്റെ പ്രസ്താവനയെ നേരത്തെ തന്നെ ഈജിപ്തും ജോര്‍ദാനും ഹമാസും ഉള്‍പ്പെടെ തള്ളിയിരുന്നു.

ട്രംപിന്റെ വാക്കുകള്‍:

ഗാസയെ യുഎസ് ഏറ്റെടുക്കും. അതിന്റെ പുനര്‍നിര്‍മാണവും നടത്തും. പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നിര്‍വീര്യമാക്കി സാമ്പത്തിക ഉന്നമനം കൊണ്ടുവരാനും ഞങ്ങള്‍ തയാറാണ്. തൊഴിലുകളും പുതിയ ഭവനങ്ങളും യുഎസ് ഗാസയില്‍ സൃഷ്ടിക്കും.

മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാന്‍ ഈ ആശയം പങ്കുവച്ച എല്ലാവര്‍ക്കും ഇത് വലിയ ഇഷ്ടമായി. ഗാസയുടെ സുരക്ഷയ്ക്കായി യുഎസ് സൈനികരെ അവിടേക്ക് അയയ്ക്കേണ്ടി വന്നാല്‍ അതും ചെയ്യും. ഗാസയുടെ പുനരധിവാസം നടപ്പിലാക്കേണ്ടത് ഇവിടെ ജീവിച്ച് മരിച്ചവരും യുദ്ധം ചെയ്തവരുമല്ലെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ട്രംപിന്റെ തീരുമാനം തീര്‍ച്ചയായും ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം എപ്പോഴും ചട്ടക്കൂടുകള്‍ക്ക് പുറത്തു ചിന്തിക്കുന്ന വ്യക്തിയാണെന്നും നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി യുഎസിലെത്തിയ വിദേശ നേതാവായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News