ബെല്ലാരിയില്‍ എം.എല്‍.എമാരുടെ അനുയായികള്‍ തമ്മില്‍ സംഘട്ടനം; ഒരാള്‍ കൊല്ലപ്പെട്ടു

Update: 2026-01-02 09:54 GMT

ബെല്ലാരി: കര്‍ണാടകയിലെ ബെല്ലാരിയില്‍ രണ്ട് എം.എല്‍.എമാരുടെ അനുയായികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് എം.എല്‍.എ ഭരത് റെഡ്ഡിയുടെയും കല്യാണരാജ പ്രഗതിപക്ഷ (കെ.ആര്‍.പി.പി) എം.എല്‍.എ ജനാര്‍ദ്ദന റെഡ്ഡിയുടെയും അനുയായികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. രാജശേഖര്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്.

സ്ഥലത്ത് വാല്‍മീകി പ്രതിമ അനാഛാദനം ചെയ്യുന്നതിന് മുന്നോടിയായി ബാനറുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബെല്ലാരി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ ഭരത് റെഡ്ഡിയുടെ അനുയായികളില്‍ ചിലര്‍, ഗംഗാവതി മണ്ഡലം എം.എല്‍.എയായ ജനാര്‍ദ്ദന റെഡ്ഡിയുടെ വീടിന് മുന്‍വശത്ത് ബാനറുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു. ഇത് ജനാര്‍ദ്ദന റെഡ്ഡിയുടെ അനുയായികള്‍ തടഞ്ഞു. ഇതാണ് ആദ്യം വാക്ക് തര്‍ക്കത്തിലേക്കും പിന്നീട് സംഘര്‍ഷത്തിലേക്കും നയിച്ചത്. വെടിയൊച്ചകള്‍ കേട്ടതായും പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ ജനാര്‍ദ്ദന റെഡ്ഡിയുള്‍പ്പെടെ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Similar News