പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

Update: 2026-01-08 04:49 GMT

മുംബൈ: രാജ്യത്തെ ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. ഇന്നലെ രാത്രി പൂനെയിലെ വീട്ടിലായിരുന്നു അന്ത്യം. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നല്‍കിയ ശാസ്ത്രജ്ഞനാണ് മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിരവധി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പരിസ്ഥിതി, ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ അജണ്ടകളിലേക്ക് കൊണ്ടുവരുന്നതില്‍ മാധവ് ഗാഡ്ഗില്‍ നിര്‍ണായക പങ്കുവഹിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ മാധവ് ഗാഡ്ഗില്‍ അവഗണിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. വിദേശത്തെ ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ പഠനത്തിന് ശേഷം ഇന്ത്യയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ 30 വര്‍ഷത്തോളം ജോലി ചെയ്തു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗണ്‍സിലില്‍ അംഗമായിരുന്നു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങള്‍ വലിയ രീതിയില്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു.

അശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങള്‍ വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. വയനാട് ഉരുള്‍പൊട്ടല്‍ ഉള്‍പ്പടെയുള്ള ദുരന്തങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അവഗണിക്കപ്പെട്ടതിന്റെ പേരിലാണെന്ന് ആക്ഷേപമുണ്ടായിരുന്നു.

കൃഷിയിടങ്ങളിലും കാലികള്‍ മേയുന്ന കുന്നുകളിലും മരങ്ങള്‍ക്കിടയിലും നടക്കാന്‍ ഏറെ ഇഷ്ടമായിരുന്ന മാധവ് ഗാഡ്ഗില്‍, തിത്തിരി പക്ഷികളെയും മൈനകളെയും ബുള്‍ബുള്‍, വാനമ്പാടി, പരുന്ത് തുടങ്ങിയ പക്ഷികളെയുമെല്ലാം കൗതുകത്തോടെ നിരീക്ഷിച്ചിരുന്നു. ഭാര്യ പ്രശസ്ത മണ്‍സൂണ്‍ ശാസ്ത്രജ്ഞ സുലോചന 2025ല്‍ മുംബൈയില്‍ അന്തരിച്ചു. മകള്‍ ഗൗരി ഗാഡ്ഗില്‍ മാധ്യമ പ്രവര്‍ത്തകയും സ്പാനിഷ് അധ്യാപികയുമാണ്.

സംസ്‌കാരം വൈകിട്ട് നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തില്‍ നടക്കും.

Similar News