എന്ന് വരും കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലം; കാത്തിരിപ്പ് നീളുന്നു; അപകടം തുടര്‍ക്കഥ
പാലക്കുന്ന്: കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷന്‍ മേല്‍പ്പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. നിരവധി തവണ ആവശ്യം ഉന്നയിച്ചും നടപടികള്‍ ഇഴഞ്ഞ് നീങ്ങുകയാണ്. കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയാല്‍, റെയില്‍വെ ഗേറ്റുകള്‍ക്ക് സമാന്തരമായി വരുന്ന ബോഗിയില്‍ നിന്ന് ഇറങ്ങുന്ന യാത്രക്കാര്‍, പ്രത്യേകിച്ച് പ്രായമായവര്‍ നേരിടുന്ന ദുരിതവും അപകടവും ഏറെയാണ്. രണ്ട് പ്ലാറ്റ്ഫോമുകള്‍ക്കും കുറുകെ റോഡുള്ളതിനാല്‍ ഇവിടെ പ്ലാറ്റ്‌ഫോമില്ല . ട്രെയിനിന്റെ സുഗമമായ തുടര്‍ യാത്രയ്ക്ക് വേണ്ടി ഈ പാളത്തിന് ഇരുവശത്തുമുള്ള റെയില്‍വെ ഗേറ്റുകള്‍ അടച്ചിടേണ്ടിവരുന്നത് ഇവിടെ മേല്‍പ്പാലം ഇല്ലാത്തതുകൊണ്ടാണ്. സ്റ്റോപ്പുള്ള ട്രെയിനുകള്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിടുമ്പോള്‍ ഗേറ്റിന് സമാന്തരമായി വരുന്ന ബോഗികളില്‍ നിന്നാണ് നിങ്ങള്‍ക്ക് ഇറങ്ങേണ്ടതെങ്കില്‍ പണിപാളും. അവിടെ മാത്രം ട്രെയിനില്‍ നിന്നിറങ്ങാന്‍ പ്ലാറ്റ്ഫോം സൗകര്യം ലഭ്യമല്ല. ഗേറ്റുകള്‍ തുറന്നാല്‍ വാഹനങ്ങള്‍ക്കും കാല്‍നട യാതക്കാര്‍ക്കും ഇത് റോഡാണ്.
റോഡിലേക്കുള്ള പ്ലാറ്റ്്ഫോമിന്റെ തെക്കും വടക്കും ഭാഗങ്ങള്‍ ചരിവോടെയാണ് റോഡിനോട് ക്രമപ്പെടുത്തിയിട്ടുള്ളത്. യാത്രക്കാര്‍ ഇറങ്ങുന്ന ഈ ബോഗിയിലെ വാതില്‍ പലപ്പോഴും ഈ ചരിവുള്ള ഇടത്താണ് പെടുന്നതും. ഒരു കാരണവശാലും പ്രായാധിക്യം ഉള്ളവര്‍ക്ക് ആ വാതിലിലൂടെ ചുരുങ്ങിയ സമയത്തിനകം ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ സാധ്യമല്ല. ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ പൂര്‍ണമായും ഇറങ്ങിയെന്ന് ഉറപ്പ് വരുത്തിയ ശേഷം പച്ചക്കോടി കാണിച്ചാല്‍ അപകടം ഒരു പരിധിവരെ ഒഴിവാക്കാം എന്നാണ് നാട്ടുകാരും യാത്രക്കാരും പറയുന്നത്.
കഴിഞ്ഞ ദിവസം റെയില്‍വെ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ ഒരു വയോധിക അത്ഭുതകരമായി രക്ഷപ്പെട്ടു. ഇറങ്ങാന്‍ സാധിക്കാത്ത സഹയാത്രികര്‍ക്ക് കാസര്‍കോട് വരെ അധികയാത്ര ചെയ്യേണ്ടിയും വന്നു.
തലശ്ശേരിയില്‍ നിന്നുള്ള യാത്രക്കാരില്‍ ഒരു ഒരു മധ്യവയസ്‌ക തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് സഹയാത്രികന്‍ അവരെ താങ്ങിയെടുത്ത് ഇറങ്ങാന്‍ സഹായിച്ചതിനാലായിരുന്നു. യാത്രക്കാര്‍ പൂര്‍ണമായും ഇറങ്ങും മുമ്പേ ട്രെയിന്‍ നീങ്ങിത്തുടങ്ങിയതിനാല്‍ ചിലര്‍ക്ക് കാസര്‍കോട് വരെ അധികയാത്ര ചെയ്യേണ്ടിവന്നു. ഇത് ഇവിടത്തെ പതിവ് കാഴ്ചയാണെന്ന് ഗേറ്റ് തുറന്ന് കിട്ടാന്‍ കാത്തിരിക്കുന്ന വാഹനയാത്രക്കാരും സമീപവാസികളും പറയുന്നു. രണ്ടു പതിറ്റാണ്ടുകളോളമായുള്ള മേല്‍പ്പാലമെന്ന ആവശ്യത്തിന് ഇനിയും എത്രനാള്‍ കാത്തിരിക്കണമെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്.