രണ്ടല്ല.. 101 തരം പായസം!! പായസപ്പെരുമയുമായി ഉദുമയില്‍ നാട്ടി കാര്‍ഷിക പാഠശാല

Update: 2025-06-30 06:25 GMT

ഉദുമ: രണ്ട് തരം പായസം എന്ന് കേട്ടും പറഞ്ഞുമാണ് നമ്മള്‍ മലയാളികള്‍ക്ക് ശീലം. പരിപ്പ് പ്രഥമനും പാല്‍പ്പായസവും എന്നതിനപ്പുറം കൂടിപ്പോയാല്‍ മൂന്നോ നാലോ വൈവിധ്യങ്ങള്‍. എന്നാല്‍ 101 തരം പായസമായാലോ. ഉദുമയില്‍ സംഘടിപ്പിച്ച ദ്വിദിന നാട്ടി കാര്‍ഷിക പാഠശാല പരിപാടിയുടെ ഭാഗമായാണ് 101 തരം പായസമൊരുക്കിയത്. പുലരി അരവത്തും ഉദുമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. തവിട് , പുളിങ്കുരു, പപ്പായ , കുമ്പളം, ചക്കക്കുരു, ഓട്‌സ്, മധുരക്കിഴങ്ങ്, മാങ്ങയണ്ടി, ചേമ്പിന്‍ തണ്ട്, തുടങ്ങി 101 ഇനങ്ങള്‍ പായസത്തിന് വേറിട്ട രുചി നല്‍കി. ഒരു പക്ഷെ കേരളത്തില്‍ തന്നെ ഇതാദ്യമായിട്ടായിരിക്കാം 101 പായസങ്ങളുണ്ടാക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. അരവത്ത് പുലരിയുടെ പ്രവര്‍ത്തകര്‍ പായസം വീടുകളില്‍ തയ്യാറാക്കിയാണ് നാട്ടി കാര്‍ഷികോത്സവ വേദിയിലെത്തിച്ചത്. വേറിട്ട പായസ രുചി നുണയാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും നിരവധി പേരാണ് സ്ഥലത്തെത്തിയത്. നാടന്‍ കുത്തരി കഞ്ഞിയും നാടന്‍ കറികളും വിതരണം ചെയ്ത ശേഷം പരിപാടിക്കെത്തിയ എല്ലാവര്‍ക്കും പായസം രുചിക്കാനുള്ള അവസരവും സംഘാടകര്‍ ഒരുക്കി.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേരാണ് പാടശേഖരത്തിനു സമീപം നടന്ന ഉത്സവത്തില്‍ പങ്കാളികളായത്. തുടര്‍ന്ന് വയലുകളില്‍ എല്ലാവരും ഞാറ് നട്ടു. കാര്‍ഷിക കൂട്ടായ്മ, നാട്ടിപ്പാട്ട്, കാര്‍ഷിക സംവാദം, വിത്താള്‍ പുരസ്‌കാരം, പരമ്പാരഗത കര്‍ഷകരെ ആദരിക്കല്‍, നാട്ടറിവുകളുടെയും നാടന്‍ നെല്‍വിത്തിനങ്ങളുടെയും പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു.

Similar News