മദ്യപിച്ച് ഓട്ടോ ഡ്രൈവര്‍; ഓട്ടോ വഴിതിരിച്ചുവിട്ടു; യാത്രക്കാരി ചാടി ഇറങ്ങി രക്ഷപ്പെട്ടു

Update: 2025-01-03 11:06 GMT

ബംഗളൂരു; വീട്ടിലേക്ക് ഓട്ടോ പിടിച്ച യുവതിയെയും കൊണ്ട് ഡ്രൈവര്‍ അജ്ഞാത സ്ഥലത്തേക്ക് വഴി തിരിച്ചുവിട്ടു. മദ്യപിച്ചിരുന്ന ഡ്രൈവറുടെ മനോഭാവം തിരിച്ചറിഞ്ഞ യുവതി ഓടുന്ന ഓട്ടോയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. ഭാഗ്യവശാല്‍ പരിക്ക് പറ്റിയില്ല. യുവതിയുടെ ഭര്‍ത്താവാണ് സംഭവത്തെ കുറിച്ച് എക്‌സില്‍ കുറിച്ചിട്ടത്. ബംഗളൂരു പൊലീസിനെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ഹൊറമാവുവില്‍ നിന്ന് വീട്ടിലേക്ക് പോവാന്‍ നമ്മ യാത്രി ആപ്പ് വഴിയാണ് യുവതി ഓട്ടോ ബുക്ക് ചെയ്തത്. വഴി പറഞ്ഞുകൊടുത്തെങ്കിലും സ്ഥിരം റൂട്ടിലൂടെ അല്ല, ഓട്ടോ പോവുന്നത് എന്ന് യുവതിക്ക് മനസിലായി. ഓട്ടോ ഡ്രൈവറോട് സൂചിപ്പിച്ചെങ്കിലും അയാള്‍ ചെവി കൊണ്ടില്ല. അയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായി. കുറേ നേരം അഭ്യര്‍ത്ഥിച്ചെങ്കിലും ഡ്രൈവര്‍ യാത്ര തുടരുകയായിരുന്നു. പന്തികേട് തിരിച്ചറിഞ്ഞ യുവതി ഓടുന്ന ഓട്ടോയില്‍ നിന്ന് ചാടി ഇറങ്ങുകയായിരുന്നു. കാര്യമായ പരിക്കുകളൊന്നും പറ്റാതെ യുവതി രക്ഷപ്പെട്ടു. തുടര്‍ന്നാണ് സംഭവത്തില്‍ പ്രതികരണവുമായി യുവതിയുടെ ഭര്‍ത്താവ് അസ്ഹര്‍ ഖാന്‍ എക്‌സില്‍ പോസ്റ്റിട്ടത്. വിഷയംസോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ നമ്മ യാത്രി അധികൃതര്‍ യുവതിയെ ബന്ധപ്പെട്ടു. നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി.

Similar News