ഒറ്റയിരിപ്പിൽ കഴിക്കുന്നത് 600 ഫ്രൈഡ് ചിക്കനും 100 ബർഗറും : നിർത്താനൊരുങ്ങി ഇൻഫ്ലുവൻസർ

Update: 2025-02-11 11:24 GMT

മത്സരിച്ച് ഭക്ഷണം കഴിക്കുന്നതിലൂടെ പ്രശസ്തയാണ് ജപ്പാനില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ് ളുവന്‍സര്‍ യുക കിനോഷിത. സോഷ്യല്‍ മീഡിയയില്‍ 5.2 മില്യണിലധികം ഫോളോവര്‍മാരുണ്ട് കിനോഷിതയ്ക്ക്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഏഴ് മാസത്തോളം കിനോഷിത സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനിന്നിരുന്നു. അടുത്തിടെയാണ് വീണ്ടും സജീവമായത്. ബൈപോളാര്‍ ഡിസോര്‍ഡര്‍ ആണ് കിനോഷിതയെ സോഷ്യല്‍ മീഡിയകളില്‍ നിന്നും മാറ്റി നിര്‍ത്തിയത്.

ഇപ്പോള്‍ താന്‍ മത്സര രംഗത്തുനിന്നും വിട്ടുനില്‍ക്കുന്നു എന്ന വിവരം സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചിരിക്കയാണ് താരം. ആരോഗ്യ പ്രശ്‌നങ്ങളും പ്രായവുമാണ് അതിന് കാരണമായി പറയുന്നത്.

'തനിക്ക് പ്രായം 40 ആവുന്നു. ഇനിയും തനിക്ക് ഇത്രയധികം ഭക്ഷണം കഴിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ കഴിയില്ല. ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കല്‍ തനിക്ക് വര്‍ഷങ്ങളായി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്'എന്നാണ് കിനോഷിത പറയുന്നത്.

2009 -ല്‍ ജാപ്പനീസ് റിയാലിറ്റി ഷോയായ 'ദി ബാറ്റില്‍ ഓഫ് ബിഗ് ഈറ്റേഴ്സി'ല്‍ പങ്കെടുത്തതോടെയാണ് കിനോഷിത പ്രശസ്തയാകുന്നത്. അമിതമായി ഭക്ഷണം കഴിച്ചിട്ടും മെലിഞ്ഞ ശരീരമാണ് കിനോഷിതയുടേത്. ഭംഗിയുള്ള പുഞ്ചിരിയുമുണ്ട്. ഇതൊക്കെ ആളുകളെ അവരുടെ ആരാധകരാക്കിയതില്‍ പ്രധാന ഘടകങ്ങളാണ്. മത്സരത്തില്‍ വിജയിച്ചില്ലെങ്കിലും, പെട്ടെന്നുതന്നെ ജനപ്രീതി നേടിയെടുക്കാന്‍ കഴിഞ്ഞു എന്നതും അവരുടെ നേട്ടമാണ്. 2014 -ല്‍ കിനോഷിത സ്വന്തമായി ഓണ്‍ലൈന്‍ ചാനല്‍ ആരംഭിച്ചു.

ഭക്ഷണം കഴിക്കുന്നതിന്റെ അനേകം വീഡിയോകള്‍ ഇതിലൂടെ അവര്‍ ആരാധകര്‍ക്കായി പങ്കുവച്ചു. അതില്‍ തന്നെ 600 ഫ്രൈഡ് ചിക്കന്‍, 100 ബര്‍ഗര്‍ എന്നിവ ഒറ്റയിരിപ്പിന് കഴിച്ചതും 5 കിലോഗ്രാം വീതം സ്റ്റീക്ക്, റാമണ്‍ എന്നിവ ഒറ്റയിരിപ്പില്‍ കഴിച്ചതും അവരെ പ്രശസ്തയാക്കി.

എന്തായാലും കിനോഷിതയുടെ വിരമിക്കല്‍ ആരാധകരില്‍ നിരാശയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ തീരുമാനത്തെ അവര്‍ സ്വാഗതം ചെയ്തു. സ്വന്തം ആരോഗ്യം തന്നെയാണ് ഏറ്റവും വലുത്. അതിനാല്‍ ഈ വിരമിക്കല്‍ നന്നായി എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.

Similar News