വന്ദേ ഭാരത് പുത്തന്‍ സൗകര്യത്തില്‍: 20 കോച്ചുമായി കേരളത്തില്‍ ഓടിത്തുടങ്ങി
തിരുവനന്തപുരം:തലസ്ഥാനം മുതല്‍ കാസര്‍കോട് വരെയും തിരിച്ചുമുള്ള വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ ഇനി സീറ്റുകള്‍ കുറവാണെന്ന് പരിഭവിക്കരുത്. 312 അധികം സീറ്റുകളുമായി 20 കോച്ചുള്ള വന്ദേഭാരത് കേരളത്തില്‍ ഓടിത്തുടങ്ങി. നേരത്തെ 16 കോച്ചായിരുന്നു.മികച്ച വരുമാനത്തോടെ നേട്ടമുണ്ടാക്കിയ രാജ്യത്തെ വന്ദേ ഭാരത് സര്‍വീസുകളില്‍ കോച്ചുകള്‍ കൂട്ടാന്‍ നേരത്തെ കേന്ദ്രം തീരുമാനിച്ചിരുന്നു. വരുമാനം കുറഞ്ഞ റൂട്ടുകള്‍ പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് മികച്ച പ്രതികരണം ലഭിച്ച സര്‍വീസാണ് കേരളത്തിലെ വന്ദേ ഭാരത് സര്‍വീസ്.സീറ്റുകള്‍ കുറവാണെന്ന പരാതി പരിഹരിക്കാന്‍ പുതിയ വന്ദേഭാരതിലൂടെ സാധിക്കുമെന്നാണ് റെയില്‍വേ വിലയിരുത്തല്‍. കന്നിയാത്രയില്‍ 1,440 പേരാണ് കോച്ചുകള്‍ വര്‍ധിപ്പിച്ച ശേഷം ട്രെയിനില്‍ യാത്ര ചെയ്തത്. തിരുവനന്തപുരത്ത് നിന്നുള്ള പുതിയ യാത്രയുടെ ആദ്യദിനം തന്നെ 100 ശതമാനം ബുക്കിങ് ലഭിച്ചു. തുടര്‍ന്നുള്ള സര്‍വീസുകള്‍ക്കും സമാനമായ പ്രതികരണമാണ് ലഭിക്കുന്നത്.