പരീക്ഷണ ഓട്ടത്തില്‍ തന്നെ അപകടം; ട്രാക്കില്‍ നിന്നും തെന്നിമാറി മോണോ റെയില്‍
രണ്ട് ജീവനക്കാര്‍ അപകട സമയത്ത് ട്രെയിനില്‍ ഉണ്ടായിരുന്നുവെങ്കിലും ഇവരെ സുരക്ഷിതമായി തിരിച്ചിറക്കി;
മുംബൈ: പരീക്ഷണ ഓട്ടത്തിനിടെ ട്രാക്കില്‍ നിന്നും തെന്നിമാറി മോണോ റെയില്‍. ബുധനാഴ്ച രാവിലെ 9 മണിക്കാണ് വഡാലയില്‍ വച്ച് മോണോ റെയില്‍ ട്രാക്കില്‍ നിന്ന് കംപാര്‍ട്ട്‌മെന്റ് തെന്നി മാറിയത്. പുതിയതായി നിര്‍മ്മിച്ച ബീമിലൂടെയായിരുന്നു അപകട സമയത്ത് മോണോ റെയില്‍ കടന്ന് പോയത്. അപകടത്തില്‍ കോച്ചിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കോ ആളപായമോ സംഭവിച്ചില്ല.
രണ്ട് ജീവനക്കാര്‍ അപകട സമയത്ത് ട്രെയിനില്‍ ഉണ്ടായിരുന്നുവെങ്കിലും ഇവരെ സുരക്ഷിതമായി തിരിച്ചിറക്കി. അഗ്‌നി രക്ഷാ സേനയാണ് ട്രെയിനിലുണ്ടായിരുന്ന ഓപ്പറേറ്ററെയും എന്‍ജിനീയറെയും രക്ഷിച്ചത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം യാത്രക്കാര്‍ക്കായുള്ള സര്‍വീസ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ പരീക്ഷണ ഓട്ടത്തിലാണ് അപകടം സംഭവിച്ചത്.
മേധ സെര്‍വേ ഡ്രൈവ്‌സ് എന്ന സ്ഥാപനം ആണ് പുതിയ ബീം നിര്‍മ്മിച്ചത്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് സര്‍വീസ് സജീവമാക്കുന്നതിനായി 4 കോച്ചുകളുള്ള 10 പുതിയ ട്രെയിനുകള്‍ വാങ്ങിയതായി അധികൃതര്‍ വിശദമാക്കിയിട്ടുണ്ട്. 55 കോടി രൂപയാണ് ഒരു ട്രെയിനിന്റെ വില. അവയില്‍ ഒന്നിന്റെ പരീക്ഷണ ഓട്ടമാണ് ബുധനാഴ്ച നടത്തിയത്. രാജ്യത്തെ ആദ്യത്തെ മോണോറെയില്‍ സര്‍വീസാണ് മുംബൈയിലേത്.
മുംബൈ മെട്രോ പൊളിറ്റന്‍ റീജിയണ്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഉപ വിഭാഗമായ മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് മോണോ റെയില്‍ പ്രവര്‍ത്തനവും അറ്റകുറ്റ പണികളും ഏകോപിപ്പിക്കുന്നത്. നഗരത്തിലെ ഏക മോണോ റെയില്‍ സിസ്റ്റം സെപ്തംബര്‍ 20 മുതല്‍ പ്രവര്‍ത്തന രഹിതമാണ്. മണ്‍സൂണ്‍ സമയത്തുണ്ടായ സാങ്കേതിക തകരാറുകള്‍ പതിവായതിന് പിന്നാലെയായിരുന്നു ഇത്.
ആവര്‍ത്തിച്ചുള്ള സാങ്കേതിക പ്രശ്നങ്ങള്‍ കാരണം, സിസ്റ്റം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സെപ്റ്റംബര്‍ 20 മുതല്‍ മുംബൈയിലെ മോണോ റെയില്‍ പാസഞ്ചര്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു.
സെപ്റ്റംബര്‍ 15 നും ഓഗസ്റ്റ് 19 നും വ്യത്യസ്ത സ്ഥലങ്ങളില്‍ രണ്ട് മോണോ റെയില്‍ ട്രെയിനുകളില്‍ നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങിക്കിടന്ന സംഭവവും ഇതില്‍പ്പെടുന്നു. സമീപകാലത്ത് മോണോ റെയില്‍ സേവനങ്ങളെ പലതവണ ബാധിച്ച സാങ്കേതിക തകരാറുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ മെട്രോ പൊളിറ്റന്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റി (എംഎംആര്‍ഡിഎ) ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. അന്വേഷണം നടത്തുന്നതിനിടെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.