ഇനി വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനും.. അത്യാധുനിക സൗകര്യങ്ങള്‍.. ദൃശ്യങ്ങള്‍ പുറത്ത്

Update: 2024-12-11 07:20 GMT

അത്യാധുനിക രീതിയില്‍ രൂപകല്‍പ്പന ചെയ്ത വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഇനി ഇന്ത്യന്‍ ട്രാക്കുകളിലൂടെ സര്‍വീസ് നടത്തും. പരിശീലന ഓട്ടത്തിനായി ട്രെയിന്‍ തയ്യാറായിക്കഴിഞ്ഞെന്നും ഉടന്‍ പരീക്ഷണ നടത്തുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പരീക്ഷണ ഓട്ടം വിജയകരമായ ശേഷമായിരിക്കും മറ്റ് പ്രഖ്യാപനങ്ങള്‍. ദീര്‍ഘദൂര, ഇടത്തരം യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ ആധുനിക സവിശേഷതകളും അത്യാധുനിക പാസഞ്ചര്‍ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇടത്തരം ദൂരം സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകളുടെ വിപുലീകരണത്തെക്കുറിച്ച് കേന്ദ്രമന്ത്രി ചര്‍ച്ച ചെയ്തു. ചെയര്‍-കാര്‍ കോച്ചുകളുള്ള 136 വന്ദേ ഭാരത് ട്രെയിനുകളാണ് ഇന്ത്യയിലുടനീളം നിലവില്‍ സര്‍വീസ് നടത്തുന്നത്. ഇതില്‍ 16 വന്ദേ ഭാരത് എക്സ്പ്രസ് സര്‍വ്വീസുകള്‍ തമിഴ്നാട്ടിലെ സ്റ്റേഷനുകള്‍ക്ക് വേണ്ടിയാണ് സര്‍വീസ് നടത്തുന്നത്.ഏറ്റവും ദൈര്‍ഘ്യമേറിയ വന്ദേ ഭാരത് സര്‍വീസ് ഡല്‍ഹിക്കും ബനാറസിനും ഇടയിലാണ്. 771 കിലോ മീറ്റര്‍.വന്ദേ ഭാരതും അതിന്റെ വൈവിധ്യങ്ങളും ഉള്‍പ്പെടെ പുതിയ ട്രെയിന്‍ സര്‍വീസുകള്‍ അവതരിപ്പിക്കുന്നത് ഇന്ത്യന്‍ റെയില്‍വേയുടെ തുടര്‍ച്ചയായ പ്രക്രിയയാണെന്നും മന്ത്രി പറഞ്ഞു.

Similar News