കണ്ണെത്താ ദൂരത്തില്‍ പരന്നു കിടക്കുന്ന നീലനിറത്തിലുള്ള തെളിഞ്ഞ കടലും പ്രകൃതിയോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളും ആഢംബര സൗകര്യങ്ങളും തികഞ്ഞ ഒരു കൊച്ചു സ്വര്‍ഗ്ഗം; മാലി ദ്വീപിലേക്ക് യാത്ര പോയാലോ?
ഒരു യാത്ര പോകാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ മറ്റൊന്നും ആലോചിക്കാനില്ല, അത് മാലി ദ്വീപിലേക്ക് തന്നെയാകാം. സഞ്ചാരികളുടെ കൊച്ചു സ്വര്‍ഗ്ഗം തന്നെയാണ് ഈ ദ്വീപ്. കാരണം കണ്ണെത്താ ദൂരത്തില്‍ പരന്നു കിടക്കുന്ന നീലനിറത്തിലുള്ള തെളിഞ്ഞ കടലും അതിനോട് ചേര്‍ന്ന്, പ്രകൃതിയോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളും ആഢംബര സൗകര്യങ്ങളും പവിഴ പുറ്റുകളും എല്ലാം തികഞ്ഞു നില്‍ക്കുന്നുണ്ട് ഇവിടം.
കൊതിപ്പിക്കുന്ന കടല്‍ക്കാഴ്ചകള്‍ക്കുമപ്പുറം, സമ്പന്നമായ ചരിത്രവും അതിലും മികച്ച സംസ്‌കാരവുമുള്ള നാടാണ് മാലദ്വീപ്. 99 ശതമാനം കടലും വെറും 1 ശതമാനം മാത്രം ഭൂമിയുമുള്ള ഒരു കൊച്ച് ദ്വീപ്. അതുകൊണ്ടുതന്നെയാണ് ഒരു രാജ്യാന്തര വിനോദ യാത്ര എന്ന ആശയം വരുമ്പോള്‍ തന്നെ മിക്കവരും മാലദ്വീപ് തിരഞ്ഞെടുക്കുന്നതും.
എന്നാല്‍ പലരും പണത്തിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ താല്‍പര്യം ഉണ്ടെങ്കിലും ഈ യാത്ര ഒഴിവാക്കാന്‍ നോക്കും. അത് അവരെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം തന്നെയാണ്. ഈ പവിഴപ്പുറ്റുകളുടെ ദ്വീപ് നല്‍കുന്ന കാഴ്ചകളോര്‍ത്താല്‍ യാത്രാ പ്ലാനില്‍ നിന്നും ഒരടി പിന്നോട്ട് മാറാനും തോന്നില്ല. മാത്രമല്ല, വിനോദ സഞ്ചാരത്തെ പൂര്‍ണ്ണമായും ആശ്രയിക്കുന്ന നഗരമായതിനാല്‍ സഞ്ചാരികള്‍ക്ക് കിടിലന്‍ പാക്കേജുകളും ദ്വീപ് നല്‍കാറുണ്ട്.
മാലദ്വീപിനെക്കുറിച്ച് അറിയാം
ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം മാത്രമല്ല, മതപരമായ സഹിഷ്ണുതയ്ക്ക് പേരുകേട്ട ലോകത്തിലെ ഏറ്റവും ചെറിയ മുസ്ലിം രാജ്യവും കൂടിയാണ് മാലിദ്വീപ്. 1997-ല്‍ എഴുതിയ മാലദ്വീപ് ഭരണഘടന അതിന്റെ പൗരന്മാര്‍ മുസ്ലീങ്ങളായിരിക്കണമെന്ന് പ്രസ്താവിക്കുന്നു, പ്രത്യേകിച്ചും മറ്റേതെങ്കിലും മതം പിന്തുടരുന്നത് ഇവിടെ വിലക്കുന്നു.
ഇസ്ലാമിക രീതികള്‍ പിന്തുടരുന്ന രാജ്യമായതിനാല്‍ സഞ്ചാരികള്‍ ഇത് പാലിക്കണമെന്ന് അധികൃതര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ മദ്യത്തിന് ഇവിടെ വിലക്കുണ്ട്. എന്നാല്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മദ്യം വിളമ്പുന്നതിന് വിലക്കില്ല.
സാധാരണ നമ്മള്‍ ശനിയും ഞായറും ആഴ്ചാവസാനം ആഘോഷിക്കുമ്പോള്‍ ദ്വീപില്‍ അങ്ങനെയല്ല. ഇവിടെ വാരാന്ത്യം വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ്. ഇസ്ലാമിക രാജ്യങ്ങളില്‍ ഇത് വളരെ സാധാരണമാണ്. പ്രവൃത്തി ആഴ്ച ഞായറാഴ്ചകളില്‍ ആരംഭിക്കുന്നു. വെള്ളിയാഴ്ചകളെ ഇവിടെ വിശ്രമ ദിനമായാണ് കണക്കാക്കുന്നത്. അതായത് പൊതുഗതാഗതവും സര്‍ക്കാര്‍ നടത്തുന്ന മറ്റ് സൗകര്യങ്ങളും ശനിയാഴ്ച വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കും.
സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും താഴ്ന്ന നാട്
സമുദ്രത്തോട് വളരെ താഴ്ന്ന് കിടക്കുന്നവയാണ് ഇവിടുത്തെ ഓരോ ദ്വീപുകളും. പ്രകൃതിദത്തമായ പവിഴപ്പുറ്റുകളാണ് മുങ്ങിപ്പോകാതെ ഈ നാടിനെ സംരക്ഷിക്കുന്നത്. ശരാശരി ഓരോ ദ്വീപുകളും സമുദ്രനിരപ്പില്‍ നിന്ന് ശരാശരി ഏഴ് അടി ഉയരത്തിലാണ് ഉള്ളത്. പ്രകൃതിദത്തമായ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് പോലും മാലിദ്വീപുകള്‍ സമുദ്രനിരപ്പില്‍ നിന്ന് എട്ട് അടി മാത്രം ഉയരത്തിലാണ്. ഇത് ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളെക്കാളും താഴ്ന്നതാണ്.
26 പവിഴദ്വീപ സമൂഹങ്ങള്‍ ചേര്‍ന്നാണ് മാലദ്വീപ് രൂപപ്പെട്ടിരിക്കുന്നത്. അറ്റോള്‍ എന്നാണ് ഈ ദ്വീപസമൂഹങ്ങള്‍ അറിയപ്പെടുന്നത്. ഇതില്‍ ഓരോന്നിലും നിരവധി ദ്വീപുകളുണ്ട്. ആകെ 1200 ഓളം പവിഴപ്പുറ്റു ദ്വീപുകള്‍ മലദ്വീപില്‍ കാണാം. വളരെ ചെറുതാണ് ഇവിടുത്തെ ഓരോ ദ്വീപും. ഇത്രയും എണ്ണത്തില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ജനവാസമുള്ളത്.
അതായത് മാലദ്വീപിലെ ദ്വീപുകളില്‍ വെറും 200 ദ്വീപുകളില്‍ മാത്രമാണ് ജനവാസ മേഖല. 1984 ല്‍ നിലവില്‍ വന്ന നിരോധനം മൂലം 2009 വരെ ജനവാസമുള്ള ദ്വീപുകള്‍ സന്ദര്‍ശിക്കുന്നത് അസാധ്യമായിരുന്നു. പിന്നീട് ഇത് എടുത്തുകളഞ്ഞതിനാല്‍ സന്ദര്‍ശകര്‍ക്ക് റിസോര്‍ട്ടുകള്‍ക്കും ആഡംബര കാബിനുകള്‍ക്കുമപ്പുറം ദ്വീപുകളുടെ സാംസ്‌കാരിക വശം കൂടി കാണുവാനും അനുഭവിക്കുവാനും സാധിക്കും.
സുരക്ഷിതമായ വിനോദ സഞ്ചാര കേന്ദ്രം
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അവധിക്കാല ലക്ഷ്യസ്ഥാനങ്ങളിലൊന്ന് തന്നെയാണ് ഇവിടമെന്ന് ഒരു സംശയവുമില്ലാതെ പറയാം. ഒറ്റപ്പെട്ട റിസോര്‍ട്ടുകള്‍ പോലും ഇവിടെ അങ്ങേയറ്റം സുരക്ഷിതമാണ്. അതിനുള്ള സംവിധാനങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ആയിരക്കണക്കിന് വര്‍ഷങ്ങളായി മാലദ്വീപ് എന്ന ഭൂപ്രദേശം നിലനില്‍ക്കുന്നുണ്ടെങ്കിലും വിനോദ സഞ്ചാരരംഗത്ത് പുതുതാണ് ഇവിടം എന്നുതന്നെ പറയാം. കൃത്യമായി പറഞ്ഞാല്‍ 1970 ല്‍ ആണ് ഇവിടെ ആദ്യത്തെ റിസോര്‍ട്ട് ഉയരുന്നത്. അതിനു മുന്‍പ് സാഹസിക സ്‌കൂബാ ഡൈവേഴ്‌സിനിടയില്‍ മാത്രമായിരുന്നു ദ്വീപ് അറിയപ്പെട്ടിരുന്നത്.
ഇവിടുത്തെ മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുല്‍ ഗയൂമിന്റെ കാലത്താണ് മാലദ്വീപിനെ ഒരു രാജ്യാന്തര വിനോദ സഞ്ചാരകേന്ദ്രമായി ഉയര്‍ത്തുവാനുള്ള നടപടികള്‍ ആരംഭിച്ചത്.
വളരെ ഉയര്‍ന്ന സാക്ഷരതാ നിരക്കും ഇവിടുത്തെ പ്രത്യേകതയാണ്. 2018 ജനുവരിയില്‍ മാലിദ്വീപിലെ സാക്ഷരതാ നിരക്ക് 99 ശതമാനത്തിലധികമാണ്. ഏകദേശം 392,709 ജനസംഖ്യയുള്ള ഇവിടെ 99.8% പുരുഷന്മാരും 15 വയസ്സിനു മുകളിലുള്ള 98.8% സ്ത്രീകളും വായിക്കാനും എഴുതാനും അറിയുന്നവരാണ്.
മാലിദ്വീപിന്റെ ദേശീയവൃക്ഷമായി കണക്കാക്കുന്നത് തെങ്ങ് ആണ്. മാലദ്വീപ് ചിഹ്നത്തില്‍ കാണിച്ചിരിക്കുന്ന തെങ്ങുകള്‍ ദ്വീപുകളില്‍ പ്രകൃതിദത്ത തണല്‍ നല്‍കുന്നു. മാലിദ്വീപിലെ പതാകയിലെ പച്ച സമാധാനത്തെയും തെങ്ങുകളേയും പ്രതിനിധീകരിക്കുന്നു.
കടല്‍ക്കാഴ്ചകളുടെ കൗതുകമുള്ള ലോകമാണ് മാലദ്വീപ്. എല്ലാത്തരം വൈവിധ്യമാര്‍ന്ന സമുദ്രജീവികളുടെയും കേന്ദ്രമാണ് മാലിദ്വീപ്. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായത് തിമിംഗല സ്രാവാണ്. സമുദ്രത്തിലെ ഏറ്റവും വലിയ മത്സ്യമാണിത്. 20 അടി വരെ നീളത്തില്‍ വളരാന്‍ കഴിയുന്നവയാണിത്. ഇത്രയും വലിയ മത്സ്യമായിട്ടും അവ മനുഷ്യര്‍ക്ക് അപകടകാരിയല്ല എന്നതാണ് എടുത്തു പറയേണ്ടത്.
പ്ലാങ്ക് ടണ്‍ ആണിവയുടെ പ്രധാന ആഹാരം. മാലിദ്വീപില്‍, പ്രത്യേകിച്ച് സണ്‍ ഐലന്‍ഡിന്റെ റീഫിന്റെ തെക്ക് ഭാഗത്ത്, തിമിംഗല സ്രാവുകളെ കാണാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് സൗത്ത് അരി അറ്റോള്‍. അലിഫ് ധാല്‍ അറ്റോളിലെ രംഗലി ദ്വീപും ബാ അറ്റോളിലെ ജനവാസമില്ലാത്ത ഹനിഫരു ബേയും മികച്ച തിമിംഗല സ്രാവുകളെ കണ്ടെത്തുന്ന സ്ഥലങ്ങളാണ്.
മാലിദ്വീപിലെ ഇസ്ലാമിന് മുമ്പുള്ള ചരിത്രത്തിന്റെ രേഖകള്‍ വിരളമാണെങ്കിലും, ക്രിസ്തുവിന് മുന്‍പ് 1500 ല്‍ ഒക്കെ ഇവിടെ ആളുകള്‍ താമസിച്ചിരുന്നതായി ചില പുരാവസ്തു തെളിവുകള്‍ ഉണ്ട്. ക്രി.വ. 1153-ല്‍ മാലിദ്വീപുകള്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പായി, ബുദ്ധമതക്കാര്‍ ഇവിടെ ശ്രീലങ്കയില്‍ നിന്നും വന്നു എന്നു കരുതപ്പെടുന്നു. അറബ് വ്യാപാരികള്‍ വര്‍ഷങ്ങളായി ഏഷ്യയിലേക്കുള്ള യാത്രാമധ്യേ ദ്വീപുകള്‍ ഉപയോഗിച്ചിരുന്നതായും ചരിത്ര രേഖകളില്‍ പറയുന്നുണ്ട്.