കേശവന്‍പാറയിലേക്ക് ഒരു യാത്ര പോയാലോ? വെള്ളച്ചാട്ടങ്ങളുടെയും തേയിലത്തോട്ടങ്ങളുടെയും അതിശയകരമായ കാഴ്ചകള്‍ ആസ്വദിക്കാം
നെല്ലിയാമ്പതിയുടെ രാത്രി വൈബ് ആസ്വദിക്കേണ്ടവര്‍ക്ക് താമസിക്കാന്‍ പഴയ ബ്രിട്ടിഷ് ബംഗ്ലാവ് മുതല്‍ മുളവീട് വരെയുണ്ട്;
ട്രക്കിംഗിനും മനോഹരമായ പ്രകൃതി ഭംഗിക്കും പേരുകേട്ട പാലക്കാട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കേശവന്‍പാറ. മലനിരകളുടെ നാടായ കേശവന്‍ പാറ, നെല്ലിയാമ്പതിയില്‍ നിന്ന് വെറും 11 കിലോമീറ്റര്‍ അകലെയുള്ള മനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കാന്‍ പറ്റിയ സ്ഥലമാണ്. നെല്ലിയാമ്പതിയുടെയും നെന്‍മാറ ഗ്രാമത്തിന്റെയും പരിസര പ്രദേശങ്ങളുടെയും ഭംഗി കാണുമ്പോള്‍ കൊടുമുടിയിലേക്കുള്ള കഠിനമായ ട്രെക്കിംഗിന് എന്തുകൊണ്ടും അര്‍ഹമാണ് എന്ന് മനസിലാക്കാം. വെള്ളച്ചാട്ടങ്ങളുടെയും തേയിലത്തോട്ടങ്ങളുടെയും അതിശയകരമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന ഏറ്റവും മികച്ച വാന്റേജ് പോയിന്റാണ് കേശവന്‍പാറ.
മനോഹരമായ പലകപാണ്ടി, കാര പാറ, സീതാര്‍കുണ്ട് എന്നിവയുമായി ചെറിയ പാതകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു, ഒരേസമയം നിരവധി ആകര്‍ഷണങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം ഇത് നല്‍കുന്നു. മലബാര്‍ വേഴാമ്പലിന്റെ ആവാസ കേന്ദ്രമായി അറിയപ്പെടുന്ന കുന്നുകള്‍ ആയതിനാല്‍, ചില മികച്ച പക്ഷിനിരീക്ഷണ അവസരങ്ങള്‍ കൂടി ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു. കുന്നുകളാല്‍ ചുറ്റപ്പെട്ട ഈ ആകര്‍ഷണകേന്ദ്രം, വിശാലമായ കാഴ്ചകളാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്.
പോത്തുണ്ടി അണക്കെട്ടും, പച്ചപ്പും കണ്ട് ചുരം കയറിയെത്തിയാല്‍ നെല്ലിയാമ്പതിയില്‍ വൈബ് വേറെയാണ്. നട്ടുച്ചയ്ക്കുപോലും കോടമഞ്ഞിറങ്ങും. വനംവകുപ്പിന്റെ കൊല്ലങ്കോട് റേഞ്ചിലെ കാരാശൂരി, മാട്ടുമല, മിന്നാംപാറ തുടങ്ങിയ ഭാഗങ്ങളിലേക്ക് കാട്ടിനകത്തുകൂടെയുള്ള ജീപ്പ് സഫാരിയും, നെല്ലിയാമ്പതി റേഞ്ചിലെ കേശവന്‍പാറയിലേക്ക് നടന്നുള്ള ട്രക്കിങ്ങും നടത്താനാവും.
പുലയമ്പാറ, കേശവന്‍പാറ, നൂറടി എന്നിവിടങ്ങളില്‍ സ്വകാര്യ ജീപ്പുകളിലാണ് സവാരി. മണ്‍പാതകളിലൂടെയും, പാറക്കെട്ടുകളിലൂടെയും കയറിയിറങ്ങി യാത്ര ചെയ്യുമ്പോള്‍ മുമ്പെങ്ങോ കണ്ടതുപോലെയുള്ള തോന്നലാകും സന്ദര്‍ശകര്‍ക്ക്. മിന്നാംപാറ, നാട്ടുമല, കാരാശൂരി എന്നിവിടങ്ങളില്‍ ചില സിനിമകളുടെ ചിത്രീകരണവും നടന്നിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രമായ ഭ്രമരം ഇതില്‍പെടും.
ഈ യാത്രയില്‍ ഭാഗ്യമുണ്ടെങ്കില്‍ ആന, കാട്ടുപോത്ത്, മാന്‍ തുടങ്ങിയ വന്യമൃഗങ്ങളെയും കാണാന്‍ കഴിയും. രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെയാണ് ഈ ഭാഗത്തേക്കുള്ള പ്രവേശനം. കേശവന്‍പാറയില്‍നിന്ന് കാട്ടിനകത്തുകൂടെ ഒരു കിലോമീറ്റര്‍ നടന്നാല്‍ കേശവന്‍പാറ വ്യൂപോയിന്റിലേക്ക് എത്താം.
ഈ വ്യൂപോയിന്റില്‍ നിന്നും നെല്ലിയാമ്പതി മലനിരകളില്‍ നിന്നുള്ള ചുരം പാതയുടെയും, പോത്തുണ്ടി അണക്കെട്ടിന്റെയും കാഴ്ചകളും തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ തൃശ്ശൂര്‍ ദേശീയപാതിലെ കുതിരാന്‍ മലവരെയും കാണാന്‍ കഴിയും.
സീതാര്‍കുണ്ട്, പലകപ്പാണ്ടി, മാമ്പാറ, മിന്നാംപാറ, പുല്ലുകാട്, ഗവ. ഓറഞ്ച് ഫാം, കേശവന്‍പാറ, നൂറടി, പാടഗിരി, ലില്ലി, വിക്ടോറിയ, കാരപ്പാറ തൂക്കുപാലം, തേയില-കാപ്പിത്തോട്ടങ്ങള്‍ എന്നീ സ്ഥലങ്ങളും സഞ്ചാരികളുടെ ഇഷ്ടയിടമാണ്. അവധി ദിവസങ്ങളിലും ആഘോഷദിവസങ്ങളിലും പോത്തുണ്ടി ചെക്പോസ്റ്റിലൂടെ 5,000-ലധികം പേരാണ് ദിവസവും നെല്ലിയാമ്പതിയിലേക്ക് എത്തുന്നത്.
നെല്ലിയാമ്പതിയുടെ രാത്രിവൈബ് ആസ്വദിക്കേണ്ടവര്‍ക്ക് താമസിക്കാന്‍ പഴയ ബ്രിട്ടിഷ് ബംഗ്ലാവ് മുതല്‍ മുളവീട് വരെയുണ്ട്. കൂടാതെ വനംവികസന കോര്‍പറേഷന്റെ പകുതിപ്പാലം റിസോര്‍ട്ടിലും സഞ്ചാരികള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത് താമസിക്കാന്‍ കഴിയും.
11 റിസോര്‍ട്ടുകളാണ് കാട്ടിനകത്തുള്ളത്. മറ്റുള്ളവ നെല്ലിയാമ്പതിയിലെ പ്രധാന കവലകളോട് ചേര്‍ന്നുള്ളതാണ്. ഡോര്‍മെട്രിയുള്‍പ്പെടെ ചെറുതും വലുതുമായി 25 ലധികം താമസകേന്ദ്രങ്ങളുമുണ്ട്. നെല്ലിയാമ്പതി കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് താമസത്തിനും, വിവിധ സ്ഥലങ്ങള്‍ കാണുന്നതിനും ജീപ്പ് ഡ്രൈവര്‍മാരുമായി ചേര്‍ന്ന് സൗകര്യമൊരുക്കിയിട്ടുണ്ട്. നെല്ലിയാമ്പതി റിസോര്‍ട്ട് അസോസിയേഷനിലെ അംഗങ്ങള്‍ ഇതുറപ്പാക്കാറുണ്ട്.
വിനോദസഞ്ചാരകാലമായതോടെ അവധി, ആഘോഷദിവസങ്ങളില്‍ മുന്‍കൂട്ടിയുള്ള ബുക്കിങ്ങിലൂടെ വേണം താമസത്തിന് എത്തിച്ചേരാന്‍. നേരിട്ടും, ഓണ്‍ലൈന്‍വഴിയും താമസത്തിനുള്ള മുറികള്‍ തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ട്.