'ഭൂമിയിലെ സ്വര്‍ഗത്തിലേക്കുള്ള' വന്ദേ ഭാരത് യാത്ര ഉടന്‍; ട്രയല്‍ റണ്‍ വിജയം

Update: 2025-01-25 11:18 GMT

ശ്രീനഗര്‍: മലനിരകളും താഴ് വരകളും പൈന്‍ മരങ്ങളും പിന്നിട്ട് ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലമായ ഛെനാബ് മുറിച്ചുകടന്ന് ഭൂമിയിലെ സ്വര്‍ഗത്തിലൂടെയുള്ള വന്ദേ ഭാരത് യാത്ര സാക്ഷാത്കരിക്കപ്പെടാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ജമ്മുവിലെ കത്രയിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കശ്മീരിലെ ശ്രീനഗറിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച ആരംഭിച്ച വണ്‍വേ ട്രയല്‍ റണ്‍, ട്രെയിന്‍ ജമ്മു ഡിവിഷനില്‍ പ്രവേശിച്ച് ശനിയാഴ്ച ശ്രീനഗറിലെത്തി. വന്ദേഭാരത് സര്‍വീസിന്റെ സുപ്രധാന ചുവടുവെപ്പാണിത്. കേന്ദ്രഭരണപ്രദേശമായ ജമ്മു-കശ്മീരില്‍ വന്ദേ ഭാരത് എക്സ്പ്രസ് ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പുള്ള അവസാനഘട്ട തയ്യാറെടുപ്പുകളുടെ ഭാഗമായാണ് പരീക്ഷണ ഓട്ടം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ സര്‍വീസിന് ഫ്‌ളാഗ് ഓഫ് ചെയ്യും. ഇതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ഒരു മാസമായി, ഇന്ത്യയിലെ ആദ്യത്തെ കേബിള്‍ സ്റ്റെഡ് റെയില്‍ പാലമായ അന്‍ജി ഖാഡ് പാലം ഉള്‍പ്പെടെ 272 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലിങ്ക് പദ്ധതിയുടെ വിവിധ ഭാഗങ്ങളില്‍ ഒന്നിലധികം പരീക്ഷണ ഓട്ടങ്ങള്‍ ട്രെയിന്‍ വിജയകരമായി നടത്തിയിരുന്നു

താഴ്‌വരയിലെ തണുത്ത കാലാസ്ഥയ്ക്ക് അനുയോജ്യമായി രൂപകല്‍പന ചെയ്ത വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് -30 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വരെ പ്രവര്‍ത്തിക്കാനാകും. ചെയര്‍-കാര്‍ ട്രെയിനില്‍ വെള്ളം ഫ്രീസാകുന്നത് തടയുന്ന നൂതന ഹീറ്റിംഗ് സംവിധാനവും ബയോ ടോയ്ലെറ്റ് ടാങ്കുകളുമുണ്ട്.

Similar News