നഗരവാരിധി നടുവില്‍ ഒരു ഹരിതാഭ; ഇവിടെയുണ്ട് നീലേശ്വരത്തിന്റെ ശ്വാസകോശം

നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒന്ന് മാറി നില്‍ക്കണമെന്ന് തോന്നിയാല്‍ കാവിലെത്തി വിശ്രമിക്കാം

Update: 2024-11-27 08:56 GMT

ഒരു ഭാഗത്ത് ചൂളംവിളിച്ച് പോകുന്ന ട്രെയിനുകളും റെയില്‍വേ സ്റ്റേഷനും. നേരെ എതിര്‍വശത്ത് നീലേശ്വരം ബസ് സ്റ്റാന്‍ഡ്. വലത് വശത്ത് കടമുറികളും നീലേശ്വരം മേല്‍പ്പാലവും. നാല് വശവും നഗരത്തിന്റെ എല്ലാ സാന്നിധ്യവും ഉണ്ടാവുമ്പോഴും നടുവില്‍ മരുപ്പച്ച പോലെ സമൃദ്ധമായ ഹരിതാഭയോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് നീലേശ്വരം മന്ദംപുറത്ത് കാവ്. നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒന്ന് മാറി നില്‍ക്കണമെന്ന് തോന്നിയാല്‍ കാവിലെത്തി വിശ്രമിക്കാം. ഉയരങ്ങളിലേക്ക് തലനീട്ടീ നില്‍ക്കുന്ന വന്‍മരങ്ങള്‍ക്ക് കീഴില്‍ ഇരുന്നാല്‍ മനസ്സും ശരീരവും താനേ തണുക്കും.


    ഫോട്ടോ കടപ്പാട് - വിജയന്‍ രാജപുരം

വേനല്‍ക്കാലമായാല്‍ കത്തി നില്‍ക്കുന്ന ചൂടില്‍നിന്നും രക്ഷതേടാനും നീലേശ്വരം മന്ദംപുറത്ത് കാവിലെത്താം. രണ്ടേക്കറിലധികം പരന്ന് കിടക്കുന്ന കാവില്‍ ഇടതൂര്‍ന്ന് വളര്‍ന്ന മരങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന വൃക്ഷങ്ങള്‍ക്ക് മേല്‍ ചുറ്റി വരിഞ്ഞിരിക്കുന്ന വള്ളിപ്പടര്‍പ്പുകള്‍, കാവിന്റെ ഒത്ത നടുവിലൂടെ നീണ്ട നടപ്പാത. കാറ്റ് വീശിത്തരുന്ന അരയാലും ആഞ്ഞിലിയും മഹാഗണിയും തേക്കും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന വന്‍മരങ്ങള്‍. ഒന്ന് വിശ്രമിക്കണമെന്ന് തോന്നിയാല്‍ കാവിനുള്ളിലെ സിമന്റ് തറയിലിരിക്കാം. തൊട്ടടുത്ത് നഗരമാണെന്ന തോന്നലുകളൊന്നും ഉണ്ടാക്കാത്ത കാവില്‍ ഏകാഗ്രതയ്ക്ക് വന്നിരിക്കുന്നവരും ഏറെ. . ഉത്തര മലബാറിന്റെ സാംസ്‌കാരിക രംഗത്തും കാവ് നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.



ഫോട്ടോ കടപ്പാട് - വിജയന്‍ രാജപുരം

വടക്കന്‍ മലബാറിലെ തെയ്യക്കാലത്തിന് പരിസമാപ്തി കുറിച്ച് നടക്കുന്ന കലശമഹോത്സവത്തിന് സാക്ഷിയാവാന്‍ പതിനായിരങ്ങളാണ് കാവിലേക്കെത്തുക. ജൂണ്‍ മാസത്തില്‍ മൂന്ന് ദിവസം നീളുന്ന കലശമഹോത്സവത്തോടനുബന്ധിച്ചുള്ള കലശച്ചന്തയും പ്രശസ്തമാണ്. കാവിനുള്ളില്‍ നിന്ന് തുടങ്ങുന്ന കലശച്ചന്ത പുറത്തേക്കും നീളും. ഉത്സവത്തിനും ആളുകള്‍ക്കും ആരവത്തിനും സാക്ഷ്യം വഹിക്കുന്ന കാവിനെ ജൈവസമ്പന്നത ചോരാതെ തന്നെ കാത്തുസൂക്ഷിച്ചുവരികയാണ്.


ഫോട്ടോ കടപ്പാട് - വിജയന്‍ രാജപുരം

 


Similar News