സ്ത്രീകള്‍ മാത്രമുള്ള ഒരു യാത്ര; എവിടെ പോകണമെന്ന് ആലോചിച്ച് തല ചൂടാക്കേണ്ട; മനോഹരങ്ങളായ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം
സ്ത്രീ യാത്രികര്‍ക്ക് ഒരു ഭയവും കൂടാതെ സഞ്ചരിക്കാന്‍ പറ്റിയ മനോഹരങ്ങളായ നിരവധി സ്ഥലങ്ങള്‍ ഉണ്ട്;
യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ യാത്രയ്ക്ക് മുന്നോടിയായി എവിടെയാണ് പോകേണ്ടതെന്നും എത്ര തുക ചെലവാകും എന്നതിനൊക്കെ ഒരു കണക്കുകൂട്ടല്‍ ആവശ്യമാണ്. യാത്ര ചെയ്യാന്‍ കൂടെ ആളും വേണം. ഒഴിവ് സമയങ്ങളില്‍ പലരും സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കൊപ്പവുമാണ് പലപ്പോഴും യാത്ര പോവുക. ജോലിയില്‍ നിന്നും മറ്റ് ടെന്‍ഷനുകളില്‍ നിന്നുമൊക്കെ റിലാക്സ് ചെയ്യാനാണ് പലരും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നത്.
പണ്ടൊക്കെ സ്ത്രീകളെ തനിച്ച് എങ്ങോട്ടെങ്കിലും പറഞ്ഞുവിടാന്‍ വീട്ടുകാര്‍ക്ക് ഭയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. സ്ത്രീകള്‍ മാത്രമായി പോകുന്ന യാത്രകള്‍ സാധാരണമാണ്. ജോലി സ്ഥലത്തുനിന്നുള്ളവര്‍ക്കും കൂടെ പഠിച്ചവര്‍ക്കുമൊപ്പവും മറ്റും ഇന്ന് യാത്രകള്‍ നടത്തുന്ന സ്ത്രീകള്‍ ധാരാളമുണ്ട്.
അത്തരത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ പറ്റുന്ന സ്ഥലങ്ങളെ പരിചയപ്പെടാം
പോണ്ടിച്ചേരി
സ്ത്രീ യാത്രികര്‍ക്ക് ഒരു ഭയവും കൂടാതെ യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് പോണ്ടിച്ചേരി. വ്യത്യസ്തങ്ങളായ രണ്ടു സംസ്‌കാരങ്ങളുടെ കേന്ദ്രമായ ഇവിടെ സ്ത്രീയേയും പുരുഷനേയും ഒരുപോലെ കാണുന്ന സ്ഥലം കൂടിയാണ്. എങ്ങും മഞ്ഞ കെട്ടിടങ്ങള്‍, ശാന്തമായ കഫേകള്‍, ഇലകള്‍ നിറഞ്ഞ ഇടവഴികള്‍ എന്നിവയാല്‍ ആകര്‍ഷകമായ സ്ഥലം.
നിങ്ങള്‍ക്ക് കാല്‍നടയായി വൈറ്റ് ടൗണിലേക്ക് പോകാം, കടല്‍ത്തീരത്തിരുന്ന് തണുത്ത കാപ്പി കുടിക്കാം, അല്ലെങ്കില്‍ ഒരു സൈക്കിള്‍ വാടകയ്ക്കെടുത്ത് ഓറോവില്ലയിലേക്ക് ഇറങ്ങാം. ആരും തുറിച്ചു നോക്കില്ല, ശല്യപ്പെടുത്തുകയുമില്ല. ഒറ്റയ്ക്ക് നടക്കാം, ബീച്ച് സൂര്യാസ്തമയം, ശാന്തമായ താമസ സ്ഥലം. താമസിക്കാന്‍ ഗസ്റ്റ് ഹൗസുകള്‍ക്കായി വൈറ്റ് ടൗണിലോ ഓറോവില്ലിനുള്ളിലോ തിരഞ്ഞെടുക്കാം.
കുടജാദ്രി
വളരെ എളുപ്പത്തില്‍ പോയിവരുവാന്‍ സാധിക്കുന്ന ഇടമാണ് കുടജാദ്രി. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവും കുടജാദ്രി ട്രക്കിങ്ങും പേരുകേട്ടതാണ്. ഒറ്റ ദിവസം കൊണ്ടുതന്നെ യാത്ര പൂര്‍ത്തിയാക്കാം. ആത്മീയാനുഭവത്തിലൂടെ കടന്ന് പ്രകൃതി ഭംഗി ആസ്വദിക്കാന്‍ പറ്റിയ സ്ഥലം. നൂറു ശതമാനവും ഇവിടെ സ്ത്രീകള്‍ സുരക്ഷിതമായിരിക്കും.
മലാന
സഞ്ചാരികളെ ഒരുപാട് ആകര്‍ഷിക്കുന്ന സ്ഥലമാണ് ഇത്. ഹിമാചലിന്റെ തനതായ ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കുന്ന മലാന നിഗൂഡതകള്‍ നിറഞ്ഞ ഒരു സ്ഥലം കൂടിയാണ്. ലോകത്തിലെ തന്നെ ആദ്യത്തെ ജനാധിപത്യ ഗ്രാമമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മലാന കുളുവില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വിചിത്രമായ ആചാരങ്ങളും സംസ്‌കാരങ്ങളും പിന്തുടരുന്ന ഇവിടെ ട്രക്കിങ്ങിനായാണ് കൂടുതല്‍ പേരും എത്തുന്നത്.
ഗോകര്‍ണ്ണ
കടലിന്റെ കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കൊതിക്കുന്ന സ്ത്രീകള്‍ക്ക് പോകാന്‍ പറ്റിയ ഇടം. ബീച്ച് ട്രക്കിങ്ങും കടല്‍ക്കാഴ്ചകളും ഒക്കെയായി ആരെയും ആകര്‍ഷിക്കുന്ന ഒരുപാട് പ്രത്യേകതകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
വാരണാസി
യാത്ര പോകാന്‍ ഒരു സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ എന്തുകൊണ്ടും വാരണാസിയേയും പരിഗണിക്കാം. ഒരുപാട് അനുഭവങ്ങളായിരിക്കും ഈ യാത്ര കൊണ്ട് നിങ്ങള്‍ക്ക് ലഭിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തോട് ചേര്‍ത്തു പിടിച്ച് ഒരു സംസ്‌കാരത്തെ ഇവിടെ വായിച്ചെടുക്കാം. രാത്രിയിലെ ഗംഗാ ആരതിയും മറ്റു പൂജകളും ആളുകളുടെ ജീവിതവും ഒക്കെ ഇവിടെ നിന്നും നേരില്‍ കണ്ട് അറിയാം.
മൈസൂര്‍
ഒട്ടുമിക്ക വിനോദ സഞ്ചാരികളും തിരഞ്ഞെടുക്കുന്ന സ്ഥലമാണ് മൈസൂര്‍. കേരളത്തോടെ അടുത്ത് കിടക്കുന്ന സ്ഥലമായതുകൊണ്ടുതന്നെ പെട്ടെന്ന് എത്തിച്ചേരാന്‍ പറ്റും. അടിച്ചു പൊളിക്കുന്നതിനൊപ്പം ചരിത്രവും വിശ്വാസവും ഒക്കെ നമുക്ക് കൂടുതല്‍ അടുത്തറിയാന്‍ ഈ യാത്രയില്‍ കഴിയും.
കൊട്ടാരത്തിന്റെ കാഴ്ചകളില്‍ തുടങ്ങി മൈസൂര്‍ മൃഗശാലയും മ്യൂസിയവും ചാമുണ്ഡേശ്വരി ക്ഷേത്രവും ദേവാലയങ്ങളും എക്സിബിഷന്‍ സെന്ററുകളും ഒക്കെയായി അടിച്ചുപൊളിക്കാന്‍ നിരവധി സ്ഥലങ്ങള്‍ ഇവിടെ ഉണ്ട്.
ജയ്പൂര്‍
രാജസ്ഥാന്റെ തനത് കാഴ്ചകള്‍ സുരക്ഷിതമായി ആസ്വദിക്കുവാനും അറിയുവാനും പറ്റിയ ഇടമാണ് ജയ്പൂര്‍. കൊട്ടാരങ്ങളും വ്യത്യസ്ത തരത്തിലുള്ള നിര്‍മ്മിതകളും കൊണ്ട് അനുഗ്രഹീതമായ ധാരാളം സ്ഥലങ്ങള്‍ ഇവിടെ കാണാനുണ്ട്. സ്ത്രീ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഇവിടം. പുഷ്‌കറും ഉദയ്പൂറും ജെയ്സാല്‍മീറുമൊക്കെ ചേര്‍ന്ന് കഥയെഴുതുന്ന ഇവിടെ സുരക്ഷയുടെ കാര്യത്തില്‍ ഒരു സംശയവും വേണ്ട.
ഹംപി
സ്ത്രീകള്‍ മാത്രമുള്ള യാത്രകള്‍ക്കു മാത്രമല്ല, ഏതൊരു യാത്രകള്‍ക്കും യോജിച്ച ഇടമാണ് കര്‍ണ്ണാടകയിലെ ഹംപി. കല്ലുകളില്‍ ചരിത്രം കൊത്തി സൂക്ഷിച്ചിരിക്കുന്ന ഇവിടെയും സുരക്ഷയുടെ കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല. ധാരാളം വിദേശികളും ഇവിടെ എത്താറുണ്ട്. രണ്ടു ദിവസം മുതല്‍ രണ്ടു വര്‍ഷം വരെ എടുത്ത് ഇവിടുത്തെ കാഴ്ചകള്‍ കാണാം. അത്ര അധികം കാഴ്ചകളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.
യുനസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളിലൊന്നായ ഇവിടെ കാഴ്ചകള്‍ക്ക് ഒരു പഞ്ഞവും ഇല്ല. വിരൂപാക്ഷ ക്ഷേത്രം, വിജയ വിറ്റാല ക്ഷേത്രം, ക്യൂന്‍സ് ബാത്ത്, സൊനാന ചത്വരം, മഹാനവമി ഡിബ്ബ, ലോട്ടസ് മഹല്‍, ആനപ്പന്തി, മാതംഗ ഹില്‍സ് നരസിംഹ പ്രതിമ, അഞ്ജനാദ്രി ഗുഹകള്‍, തുടങ്ങി കാഴ്ചകളുടെ നീണ്ട നിരതന്നെ ഇവിടെയുണ്ട്.
ഗോവ
ബീച്ചും പബ്ബുകളും ഒക്കെയുള്ള വിനോദസഞ്ചാര കേന്ദ്രമാണ് ഗോവ. ധാരാളം വിദേശ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ആധുനികതയും പൈതൃകവും ഒരുപോലെ സൂക്ഷിക്കുന്ന ഇവിടം സ്ത്രീകള്‍ക്കു തികച്ചും സുരക്ഷിതമായ ഇടം കൂടിയാണ്. ബീച്ചുകള്‍, പബ്ബ്, രാത്രികാല പാര്‍ട്ടികള്‍, കടലിലെ വിനോദങ്ങള്‍ ഒക്കെ അനുഭവിക്കുവാന്‍ സാധിക്കും. ഒന്നിനും ഒരു അതിരുമില്ലാത്ത ഇവിടെ അടിച്ചുപൊളിക്കുവാന്‍ പറ്റിയ ഇടമാണ്.
ലഡാക്ക്
റൈഡര്‍മാരുടെ ഡെസ്റ്റിനേഷനായ ഇവിടെ സ്ത്രീകള്‍ തനിയെ സന്ദര്‍ശിക്കുന്നത് പലര്‍ക്കും അംഗീകരിക്കുവാന്‍ കഴിയില്ല എങ്കിലും ഒന്നു മനസുവച്ചാല്‍ തീര്‍ച്ചയായും തനിയെ പോകുവാന്‍ സാധിക്കുന്ന ഇടമാണിത്. ഒരുപാട് മനോഹരമായ പ്രദേശങ്ങള്‍ ഇവിടെ കാത്തിരിക്കുന്നുണ്ട്.
കസോള്‍
സ്ത്രീ സഞ്ചാര ഇടങ്ങളില്‍ അടുത്ത കാലത്ത് ഇടം നേടിയ സ്ഥലമാണ് കസോള്‍. ഹിമാചലിന്റെ എല്ലാ സൗന്ദര്യവും ഒളിഞ്ഞിരിക്കുന്ന ഇവിടെ അവധി ദിനങ്ങള്‍ ചിലവഴിക്കുവാന്‍ പറ്റിയ ഇടമാണ്. ട്രക്കിങ്ങും ക്യാംപിങ്ങുമാണ് പ്രധാന ആകര്‍ഷണങ്ങള്‍.
ഒരുപാട് മലനിരകള്‍ ഇവിടുത്ത പ്രധാന ആകര്‍ഷണങ്ങളാണ്. ശക്തമായ ഒരു കഫേ സംസ്‌കാരം ഇവിടെയുണ്ട്. തദ്ദേശവാസികള്‍ ശാന്തരാണ്, ചുറ്റുമുള്ള ഗ്രാമങ്ങള്‍ (തോഷ്, കല്‍ഗ, പുള്‍ഗ) ചെറിയ ഹൈക്കിംഗിന് അനുയോജ്യമാണ്.
സംഗീതജ്ഞര്‍, ഫ്രീലാന്‍സര്‍മാര്‍, യോഗികള്‍, കലാകാരന്മാര്‍ എന്നിവരെ ഇവിടെ കാണാം. വ്യത്യസ്തമായ ഒരു അന്തരീക്ഷമാണ് ഇവിടെ. പര്‍വതാരോഹണങ്ങള്‍, ട്രക്കുകള്‍, പ്രഭാത നടത്തം എന്നിവയ്ക്ക് പറ്റിയ സ്ഥലം. താമസിക്കാന്‍ ഹോസ്റ്റലുകളോ അടുത്തുള്ള ഗ്രാമങ്ങളിലെ ഗസ്റ്റ് ഹൗസുകളോ തിരഞ്ഞെടുക്കാം.
റിഷികേഷ്
ആത്മീയതയും, പ്രകൃതിരമണീയതയുമെല്ലാം ഒത്തിണങ്ങിയ സ്ഥലം. യോഗ, സമാധാനം, നിശബ്ദത എന്നിവ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് എന്തുകൊണ്ടും ഇഷ്ടപ്പെടുന്ന സ്ഥലം. തനിച്ച് കാഴ്ചകള്‍ ആസ്വദിക്കാനെത്തിയ നിരവധി ഇന്ത്യന്‍- വിദേശ യുവതികളെ ഇവിടെ കാണാം.
ഇവിടുത്തെ ആശ്രമങ്ങള്‍ക്ക് വ്യക്തമായ നിയമങ്ങളുണ്ട്. താമസ സ്ഥലങ്ങള്‍ വൃത്തിയുള്ളതാണ്, മറ്റ് യാത്രക്കാരുമായി സംസാരിക്കാന്‍ എളുപ്പമാണ്. മനോഹരമായ നദികള്‍ പ്രധാന ആകര്‍ഷണങ്ങളാണ്. യോഗ, ധ്യാനം, ചെറിയ കാല്‍നടയാത്രകള്‍ എന്നിവയ്‌ക്കെല്ലാം പറ്റിയ ഇടം.
ശിവശക്തി ഹോസ്റ്റല്‍ അല്ലെങ്കില്‍ ഓംകാരാനന്ദ ആശ്രമം പോലുള്ള സ്ഥലങ്ങള്‍ താമസിക്കാന്‍ തിരഞ്ഞെടുക്കാം.
ഡാര്‍ജിലിംഗ്
കാഴ്ചകള്‍ കൊണ്ട് സമ്പന്നമായി ഇടം. തണുത്ത കാലാവസ്ഥ, പര്‍വതക്കാഴ്ചകള്‍, ഇവയൊക്കെ ആസ്വദിക്കുന്നതിനിടയില്‍ വിശ്രമിക്കണമെന്ന തോന്നല്‍ ഉണ്ടാവുകയേ ഇല്ല.
തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന, ഹോംസ്റ്റേകള്‍ നടത്തുന്ന, കൈകൊണ്ട് നിര്‍മ്മിച്ച സാധനങ്ങള്‍ വില്‍ക്കുന്ന നിരവധി പ്രാദേശിക സ്ത്രീകളെ ഇവിടെ കാണാം. വളരെ മാന്യമായ പെരുമാറ്റമാണ് ഇവിടെ ഉള്ള ആളുകളില്‍ നിന്നും ഉണ്ടാവുക. അതുകൊണ്ടുതന്നെ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഭയം വേണ്ട.
ഷില്ലോംഗ്
ഒരുപാട് കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. കടകള്‍ നടത്തുന്നതും ടാക്‌സി ഓടിക്കുന്നതും ആത്മവിശ്വാസത്തോടെ സഞ്ചരിക്കുന്നതുമായ ഒരുപാട് സ്ത്രീകളെ ഇവിടെ കാണാന്‍ കഴിയും. തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് അവരുമായി ഇണങ്ങിച്ചേരാന്‍ എളുപ്പമാണ്.
ആധുനികവും പഴയതുമായ ശൈലികളുടെ മിശ്രിതമാണ് ഈ നഗരം. പ്രാദേശിക ബാന്‍ഡുകള്‍, ശാന്തമായ പള്ളികള്‍, വാരാന്ത്യ കഫേകള്‍, തടാകക്കരയിലെ നടത്തം. വടക്കുകിഴക്കന്‍ മേഖലയിലേക്ക് ഒരു യാത്ര ആഗ്രഹിക്കുന്നുവെങ്കില്‍, ഷില്ലോങ് നല്ലതാണ്.
മൂന്നാര്‍:
സുരക്ഷിതവും, വൃത്തിയുള്ളതും, സമാധാനപരവുമായ അന്തരീക്ഷമുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രം, അതാണ് മൂന്നാര്‍. പക്ഷികളുടെ ശബ്ദം കേട്ട് ഉണരാനും, ബാല്‍ക്കണിയില്‍ ഇരുന്ന് ചായ കുടിക്കാനും, വെറുതെ തോട്ടങ്ങളിലൂടെ മണിക്കൂറുകള്‍ നടക്കാനും കഴിയുന്ന നിരവധി സ്ഥലങ്ങളുള്ള ഒരു സുന്ദര കേന്ദ്രം.
കേരളത്തില്‍ തന്നെയുള്ള ഈ മനോഹര ടൂറിസ്റ്റ് കേന്ദ്രം ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാന്‍ പറ്റിയ ഇടമാണ്. തേയിലത്തോട്ടങ്ങള്‍, വനവാസങ്ങള്‍, മൂടല്‍മഞ്ഞുള്ള പ്രഭാതങ്ങള്‍ ഇവയെല്ലാം പ്രത്യേകതയാണ്.
പ്രാന്തപ്രദേശങ്ങളിലെ തേയിലത്തോട്ട ബംഗ്ലാവുകളോ ഇക്കോ-റിസോര്‍ട്ടുകളോ താമസിക്കാന്‍ തിരഞ്ഞെടുക്കാം