വിമാനത്തിലാണോ യാത്ര? ശ്രദ്ധിക്കൂ.. കയ്യില്‍ കരുതുന്ന ബാഗിന് നിയന്ത്രണമുണ്ട്

പുതിയ നിയന്ത്രണങ്ങളുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി.

Update: 2024-12-26 08:28 GMT

ന്യൂഡല്‍ഹി: വിമാന യാത്ര സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ട് വിമാനത്തിലേക്ക് കൊണ്ടുപോകേണ്ട ഹാന്‍ഡ് ബാഗേജില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. ആഭ്യന്തര , അന്താരാഷ്ട്ര യാത്രകളില്‍ ഇനി യാത്രക്കാരന് വിമാനത്തിലേക് ഒരു ഹാന്‍ഡ് ബാഗ് കൊണ്ടുപോകാന്‍ മാത്രമായിരിക്കും അനുമതി ഉണ്ടാവുക. ഇന്ത്യയിലും ലോകത്താകമാനവും പെരുകുന്ന യാത്രക്കാരുടെ എണ്ണം കുറക്കാനും സുരക്ഷ മെച്ചപ്പെടുത്താനും വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സുരക്ഷാ പരിശോധനകള്‍ എളുപ്പമാക്കാനുമാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും സി.ഐ.എസ്.എഫും സഹകരിച്ചായിരിക്കും പുതിയ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുക.

പുതിയ നിയമ പ്രകാരം ഒന്നില്‍ കൂടുതല്‍ ഹാന്‍ഡ് ബാഗുകള്‍ വിമാനത്തിനുള്ളിലേക്ക് അനുവദിക്കില്ല. ഹാന്‍ഡ് ബാഗിന് പുറമെ എല്ലാ ബാഗുകളും ചെക്ക് ഇന്‍ ചെയ്യണം. ഏഴ് കിലോയില്‍ താഴെയായിരിക്കണം ഹാന്‍ഡ് ലഗേജിന്റെ ഭാരം. ചട്ടങ്ങള്‍ അനുസരിച്ച് ലഗേജിന്റെ അളവുകള്‍ 55 സെന്റീമീറ്റര്‍ (21.6 ഇഞ്ച്) ഉയരത്തിലും 40 സെന്റീമീറ്റര്‍ (15.7 ഇഞ്ച്) നീളത്തിലും 20 സെന്റീമീറ്റര്‍ (7.8 ഇഞ്ച്) വീതിയിലും കവിയാന്‍ പാടില്ല.

2024 മെയ് 4ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ഹാന്‍ഡ്ബാഗ് ഭാരത്തിന്റെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാവില്ല. ഈ യാത്രക്കാര്‍ക്ക് ഇളവിന് അര്‍ഹതയുണ്ടായിരിക്കും. ഇക്കോണമി യാത്രക്കാര്‍ക്ക് 8 കിലോ, പ്രീമിയം എക്കോണമി യാത്രക്കാര്‍ക്ക് 10 കിലോ, ഫസ്റ്റ് അല്ലെങ്കില്‍ ബിസിനസ് ക്ലാസിന് 12 കിലോ.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വിമാന യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇന്ത്യന്‍ എയര്‍ലൈന്‍സിനെ നവംബറില്‍ ആഭ്യന്തര റൂട്ടുകളില്‍ മാത്രം ആശ്രയിച്ചത് 1.42 കോടി യാത്രക്കാരാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണിത്.ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്റെ കണക്ക് പ്രകാരം 2024 ജനുവരി-നവംബര്‍ കാലയളവില്‍ ആഭ്യന്തര വിമാനക്കമ്പനികള്‍ വഹിച്ച യാത്രക്കാരുടെ എണ്ണം 1,382.34 ലക്ഷത്തില്‍ നിന്ന് 1,464.02 ലക്ഷമായി മാറി. അതുവഴി 5.91 ശതമാനം വാര്‍ഷിക വളര്‍ച്ചയും 11.90 ശതമാനം പ്രതിമാസ വളര്‍ച്ചയും രേഖപ്പെടുത്തി.

Similar News