ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ്; കാത്തിരിക്കുന്നത് മനോഹരമായ കാഴ്ചകള്‍; കുറുവാ ദ്വീപിലേക്ക് ഒരു യാത്ര പോയാലോ

Update: 2025-03-20 10:25 GMT

കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ജില്ലയാണ് വയനാട്. പ്രകൃതി സൗന്ദര്യത്തിന്റെയും സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെയും സമന്വയം ഒരുക്കുന്ന വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നിരാശരാകേണ്ടി വരില്ല. ജില്ലയിലേക്ക് ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് കുറുവാ ദ്വീപുകള്‍.

മാനന്തവാടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. മാനന്തവാടിയില്‍ നിന്ന് കാട്ടിക്കുളം വഴി കുറുവ ദ്വീപില്‍ എത്തിച്ചേരാം. കാട്ടിക്കുളത്ത് നിന്ന് ഏകദേശം 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുറുവാ ദ്വീപില്‍ എത്തി ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാം.

അത്ഭുതങ്ങളുടെ ഒരു ദ്വീപ് തന്നെയാണ് കുറുവ. ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ്. അതുകൊണ്ടുതന്നെ യാതൊരു വിധത്തിലുള്ള ബഹളങ്ങളും ഇവിടെയില്ല. തിരക്കു പിടിച്ച ജീവിത രീതിയില്‍ നിന്നും ഒരു ഇടവേള എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും അനുയോജ്യമായ സ്ഥലമാണ് ഇത്. അതുപോലെ പ്രകൃതി പഠനത്തിനും ശാന്തമായ സാഹസിക നടത്തത്തിനും താല്‍പര്യമുള്ളവര്‍ക്ക് യോജിച്ച സ്ഥലമാണിത്. ബോട്ട് വഴിയും കാല്‍നടയായും കുറുവയിലെ ഓരോ ദ്വീപിലൂടെയും സഞ്ചരിക്കാം.

വയനാട്ടിലെ കബനി നദിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് സമൂഹമാണ് കുറുവ ദ്വീപ്. 950 ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന നിരവധി ദ്വീപുകള്‍ ഇവിടെയുണ്ട്. എന്നാല്‍ ഇവയില്‍ മൂന്ന് ദ്വീപുകളില്‍ മാത്രമേ സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളു.

ഇടതൂര്‍ന്ന വനങ്ങളാണ് കുറുവാ ദ്വീപില്‍ ഉള്ളത്. നിരവധി അപൂര്‍വയിനം പക്ഷികളുടേയും മൃഗങ്ങളുടേയും വിഹാര കേന്ദ്രം കൂടിയാണ് കുറുവാ ദ്വീപ്. ഓര്‍ക്കിഡ് വര്‍ഗ്ഗത്തില്‍പ്പെട്ട നിരവധിയിനം പുഷ്പങ്ങളും ഇവിടെയുണ്ട്.

കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവാ ദ്വീപ്. മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളില്‍ പുഴയിലൂടൊരു യാത്രയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.

ചെറുതുരുത്തുകളിലായി 950 ഏക്കറില്‍ പച്ചമരത്തണലുകളും ചെറുതടാകങ്ങളും സസ്യ- ജന്തുജാലങ്ങളും ചിത്രശലഭങ്ങളുമെല്ലാമുള്ള ആവാസലോകം. ഈ ചെറുതുരുത്തുകള്‍ക്കിടയില്‍ രണ്ടു ചെറിയ തടാകങ്ങളും ഉണ്ട്. ഒരു ദിവസത്തെ യാത്രയില്‍ എല്ലാ ദ്വീപുകളും സന്ദര്‍ശിക്കാനാകില്ല.

മുളകൊണ്ട് ഭംഗിയായി നിര്‍മ്മിച്ചിട്ടുള്ള അനേകം കുടിലുകളാണ് കുറുവാ ദ്വീപിലെ മറ്റൊരു പ്രധാന ആകര്‍ഷണം. യാത്രയ്ക്കിടയില്‍ വിശ്രമിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനുമൊക്കെ ഏറുമാടങ്ങളുണ്ട്. ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയപ്പെട്ട സ്ഥലമാണ് കുറുവാ ദ്വീപ്. ഇവിടെയെത്തുന്ന സഞ്ചാരികളില്‍ ഏറിയപങ്കും കയ്യില്‍ ക്യാമറയും കരുതാറുണ്ട്.

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഏകദേശം 45 കിലോമീറ്റര്‍ ദൂരമുണ്ട് കുറുവാ ദ്വീപിലേക്ക്. കുടുംബമായോ സുഹൃത്തുക്കള്‍ക്കൊപ്പമോ എത്തുന്നതാകും ഉത്തമം. ഒരു ദ്വീപില്‍ നിന്നും മറ്റൊരു ദ്വീപിലേക്ക് പുഴ മുറിച്ചു കടക്കുക എന്നത് അല്‍പം പ്രയാസമാണ്. പരസ്പരം കൈകള്‍ കോര്‍ത്ത് പാലം തീര്‍ത്ത് വേണം അക്കരയ്ക്ക് എത്താന്‍. പ്ലാസ്റ്റിക്കിന് കുറുവാദ്വീപിലേക്ക് പ്രവേശനമില്ലെന്ന കാര്യം മറക്കരുത്.

നല്ല മഴക്കാലത്ത് കുറുവ ദ്വീപില്‍ മുളകൊണ്ട് പാലങ്ങള്‍ നിര്‍മ്മിക്കാറുണ്ട്. നദി കടക്കാന്‍ എന്നതിനേക്കാള്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള പാലങ്ങള്‍.

ചീങ്കണ്ണികളുടെ വിഹാര കേന്ദ്രമാണ് കബനി. അതിനാല്‍ അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ നിന്ന് കബനി നദിയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നത് അപകടകരമാണ്.

നല്ല മഴക്കാലമായാല്‍ കബനി നദി നിറഞ്ഞ് കവിയും. ഈ സമയത്ത് സഞ്ചാരികള്‍ക്ക് കുറുവാ ദ്വീപിലേക്ക് യാത്ര ചെയ്യാന്‍ ബോട്ടുകളെ ആശ്രയിക്കണം. നദിക്ക് കുറുകേ മരപ്പാലം നിര്‍മ്മിച്ചിട്ടുണ്ട്, കനത്തമഴയ്ക്ക് കബനി നദി കവിഞ്ഞ് ഒഴുകുമ്പോള്‍ സഞ്ചാരികള്‍ ഈ പാലമാണ് ഉപയോഗിക്കുന്നത്.

കുറുവ ദ്വീപിലേക്ക് യാത്ര ചെയ്യുമ്പോള്‍ കുരങ്ങന്മാരെ സൂക്ഷിക്കുക. വിലപിടിപ്പുള്ള സാധനങ്ങള്‍ പലതും ഇവര്‍ അടിച്ചുമാറ്റാന്‍ സാധ്യതയുണ്ട്.

കുറുവ ദ്വീപിലൂടെ കാല്‍ നട സഞ്ചാരത്തിന് അനുയോജ്യമായ റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്കായി ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.

സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഷെല്‍ട്ടറുകളില്‍ അവസരമുണ്ട്. ബാംബു റാഫ്റ്റിംഗ് മുളകൊണ്ട് നിര്‍മ്മിച്ച ചെറിയ ചങ്ങാടത്തിലൂടെ കുറുവ ദ്വീപില്‍ എത്തിച്ചേരാം. ഇരുകരയിലുമായി ബന്ധിപ്പിച്ച കയറിലൂടെയാണ് ഈ ചങ്ങാട യാത്ര നിയന്ത്രിക്കപ്പെടുന്നത്.

കുറുവ ദ്വീപില്‍ എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാര്‍ക്കിംഗ് സ്ഥലം ഒരുക്കിയിട്ടുണ്ട്. ദ്വീപിലേക്ക് പ്രവേശിക്കാനുള്ള പ്രവേശന ഫീസ് ഈടാക്കുന്നതും ഇവിടെ നിന്നാണ്.

Similar News