ഫോണിലെ എയറോപ്ലെയിന്‍ മോഡ് ഉപയോഗിക്കാറില്ലേ?
പൈലറ്റിന്റെ അനുഭവവും വിശദീകരണവും ടിക് ടോകില്‍ വൈറലാവുന്നു
വിമാന യാത്രക്കാര്‍ സ്വന്തം മൊബൈല്‍ ഫോണിലെ എയറോപ്ലെയിന്‍ മോഡ് എന്തുകൊണ്ട് ഉപയോഗിക്കണമെന്ന് വിശദീകരിക്കുന്ന ഒരു പൈലറ്റിന്റെ ടിക് ടോക്ക് വീഡിയോ വൈറലാവുകയാണ്. കുറഞ്ഞ ദിവസത്തിനുള്ളില്‍ 2 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ഈ ഒരൊറ്റ വീഡിയോയ്ക്കുണ്ടായത്. പെര്‍ച്ച്‌പോയിന്റ് എന്ന ടിക് ടോക് ഐ.ഡിയിലൂടെയാണ് പൈലറ്റ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
'' ഫോണിലെ എയറോപ്ലെയിന്‍ മോഡ് അനിവാര്യമായ ഘടകമാണെന്നാണ് അദ്ദേഹം പറയുന്നത്. വിമാനത്തിനുള്ളില്‍ നിന്ന് ഫോണ്‍ എയറോപ്ലെയിന്‍ മോഡില്‍ അല്ലെങ്കില്‍ സെല്‍ ടവറുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ഫോണിലുണ്ടാവും. ഇത് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി പൈലറ്റുമാര്‍ നടത്തുന്ന റേഡിയോ കമ്മ്യൂണിക്കേഷനെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒന്നിലധികം യാത്രക്കാര്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ ഇവ സെല്‍ ടവറുമായി ബന്ധപ്പെടാന്‍ ശ്രമികുക വഴി റേഡിയോ തരംഗങ്ങള്‍ പൈലറ്റുമാരുടെ ആശയ വിനിമയത്തെ ബാധിക്കും. ഇത് കൊതുകിന്റെ മൂളല്‍ പോലെ പൈലറ്റിന്റെ കാതുകളിലെത്തുന്നതോടെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ വ്യക്തമാകാതെ വരികയും ചെയ്യുമെന്ന് പൈലറ്റ് കൂട്ടിച്ചേര്‍ക്കുന്നു.
ഗുരുതരമായ പ്രശ്‌നമല്ലെങ്കിലും, പൈലറ്റുമാര്‍ നിര്‍ണായക വിവരങ്ങള്‍ സ്വീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം തടസ്സങ്ങള്‍ ശ്രദ്ധ തിരിയാന്‍ കാരണമാവും. 70, 80, 150 ആളുകളുള്ള ഒരു വിമാനമുണ്ടെങ്കില്‍, മൂന്നോ നാലോ ആളുകളുടെ പോലും ഫോണുകള്‍ ഒരു ഇന്‍കമിംഗ് ഫോണ്‍ കോളിനായി ഒരു റേഡിയോ ടവറുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, അതുണ്ടാക്കുന്ന റേഡിയോ തരംഗങ്ങള്‍ പൈലറ്റുമാര്‍ ഉപയോഗിക്കുന്ന ഹെഡ്‌സെറ്റിന്റെ റേഡിയോ തരംഗങ്ങളെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും പൈലറ്റ് വിശദീകരിക്കുന്നു.
തന്റെ വിമാന പാതയ്ക്ക് ക്ലിയറന്‍സ് ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കിയ സമീപകാല അനുഭവം പൈലറ്റ് വിവരിച്ചു. പൈലറ്റുമാരുടെ ഹെഡ്സെറ്റുകള്‍ ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങളെ തടസ്സപ്പെടുത്താന്‍ കഴിയുന്ന റേഡിയോ തരംഗങ്ങള്‍ ഫോണുകള്‍ പുറപ്പെടുവിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എയറോപ്ലെയിന്‍ മോഡ് ഓണ്‍ ചെയ്യണമെന്ന് ഇന്ത്യയിലെ ഡയറക്ടേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നിര്‍ദേശം നല്‍കുന്നുണ്ട്.