പാസ്‌പോര്‍ട്ട് അപേക്ഷാ നടപടികളില്‍ 'അടിമുടി' മാറ്റങ്ങള്‍; ബാധകമാകുന്നത് കുട്ടികള്‍ക്ക്

Update: 2025-03-03 10:58 GMT

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് അപേക്ഷാ നടപടികളില്‍ നിര്‍ണായക മാറ്റങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. പുതിയ ചട്ടം സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. അപേക്ഷകളില്‍ മാത്രമല്ല, പാസ്‌പോര്‍ട്ടിന്റെ നിറത്തിലും പേജുകളുടെ കാര്യത്തിലുമെല്ലാം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

പുതിയ ചട്ടപ്രകാരം 2023 ഒക്ടോബര്‍ ഒന്നാം തീയതിയോ അതിന് ശേഷമോ ജനിച്ചവര്‍ക്ക് ഇനി പാസ്‌പോര്‍ട്ട് അപേക്ഷയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇവരുടെ ജനന തീയതി തെളിയിക്കാന്‍ മറ്റൊരു രേഖയും സ്വീകാര്യമല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ജനന തീയതി കൃത്യമായി ഉറപ്പുവരുത്താനും ഏകീകരിക്കാനും രേഖകളിലെ കൃത്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് പുതിയ നടപടി.

അതേസമയം 2023 ഒക്ടോബര്‍ ഒന്നിന് മുമ്പ് ജനിച്ചവര്‍ക്ക് പുതിയ നിബന്ധന ബാധകമല്ല. ഇവര്‍ക്ക് മറ്റ് രേഖകളും ജനന തീയതി സ്ഥിരീകരണത്തിന് ഉപയോഗിക്കാം. ഈ വ്യക്തികള്‍ക്ക് അവരുടെ ജനന സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്ഫര്‍, സ്‌കൂള്‍ വിടല്‍, അല്ലെങ്കില്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നോ അവരുടെ സമീപകാല സ്‌കൂളില്‍ നിന്നോ ഉള്ള മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ അവരുടെ ജനനനിരക്ക് ഉള്‍ക്കൊള്ളുന്ന ആദായനികുതി വകുപ്പ് നല്‍കുന്ന സ്ഥിരം അക്കൗണ്ട് നമ്പര്‍ കാര്‍ഡ് എന്നിവ ഹാജരാക്കാം. അപേക്ഷകന്റെ ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പ് അല്ലെങ്കില്‍ അവരുടെ സര്‍വീസ് രേഖയുടെ പകര്‍പ്പ് പോലുള്ള മറ്റ് രേഖകളും സമര്‍പ്പിക്കാം.

ഫെബ്രുവരി 24ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് പാസ്‌പോര്‍ട്ട് അപേക്ഷയോടൊപ്പം ജനന തീയതി തെളിയിക്കുന്നതിന് സമര്‍പ്പിക്കേണ്ട രേഖകളുടെ കാര്യത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റോ 1969ലെ ജനന - മരണ രജിസ്‌ട്രേഷന്‍ നിയമം അനുസരിച്ച് അധികാരപ്പെടുത്തിയ സംവിധാനങ്ങളില്‍ നിന്ന് ലഭിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റോ മാത്രമായിരിക്കും പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്ക് ജനന തീയതി സ്ഥിരീകരിക്കുന്നതിനായി സ്വീകരിക്കുന്നത്.

വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കാനായി അവരുടെ സ്ഥിര മേല്‍വിലാസം ഇനി പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ പ്രിന്റ് ചെയ്യില്ല. പകരം ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പാസ്‌പോര്‍ട്ടിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് വിലാസം മനസിലാക്കാനാവും. പാസ്‌പോര്‍ട്ടുകളുടെ നിറങ്ങളിലും പുതിയ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. സാധാരണ വ്യക്തികള്‍ക്ക് നിലവിലുള്ള നീല പാസ്‌പോര്‍ട്ടുകള്‍ തന്നെ തുടര്‍ന്നും ലഭിക്കും. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ചുവന്ന നിറത്തിലുള്ള പാസ്‌പോര്‍ട്ടുകളും സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് വെള്ള പാസ്‌പോര്‍ട്ടുകളുമായിരിക്കും നല്‍കുക.

പാസ്‌പോര്‍ട്ടിലെ അവസാന പേജില്‍ നിന്ന് മാതാപിതാക്കളുടെ പേരുകള്‍ നീക്കം ചെയ്യുന്നതാണ് മറ്റൊരു പ്രധാന മാറ്റം. സാധാരണ ഗതിയില്‍ ആവശ്യമില്ലാത്ത ഇത്തരം വിവരങ്ങള്‍ നീക്കുന്നതോടെ വേര്‍പിരിഞ്ഞ് ജീവിക്കുന്ന ദമ്പതികളുടെ മക്കളുടെ കാര്യത്തില്‍ സഹായകമാവുമെന്നതാണ് ഈ മാറ്റം കൊണ്ടുവന്നതിന് പിന്നില്‍.

പോസ്റ്റ് ഓഫീസുകള്‍ വഴി നടത്തുന്ന പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ (പിഒപിഎസ്‌കെ) എണ്ണം വര്‍ദ്ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ എണ്ണം 600 ആയി ഉയരും. നിലവില്‍ 442 പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളാണ് ഉള്ളത്.

പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ (POPSKs) വഴി പാസ്പോര്‍ട്ട് സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകുമെന്ന് ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയവും (MEA) തപാല്‍ വകുപ്പും തമ്മിലുള്ള ധാരണാപത്രം (MoU) 5 വര്‍ഷത്തേക്ക് കൂടി നീട്ടി.

Similar News