റഷ്യ- പാക്കിസ്ഥാന്‍ റെയില്‍മാര്‍ഗം വാണിജ്യബന്ധത്തിന് നീക്കം; ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?
ലാഹോര്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വര്‍ഷങ്ങളായി ശത്രുത നിലനില്‍ക്കുന്നുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഇന്ത്യയും റഷ്യയും തമ്മില്‍ നല്ല ബന്ധമാണ് തുടരുന്നത്. അടുത്തിടെ പാക്കിസ്ഥാനും റഷ്യയുമായി കൂടുതല്‍ അടുക്കുന്നത് നാം കണ്ടതാണ്.
2022 ഫെബ്രുവരിയില്‍ യുക്രെയ്‌നിനെ റഷ്യ ആക്രമിച്ച ദിവസം അന്നത്തെ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മോസ്‌കോയില്‍ എത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമായത്. കഴിഞ്ഞ കൊല്ലം റഷ്യന്‍ പ്രധാനമന്ത്രി മിഖയില്‍ മിഷുടിനും ഉപപ്രധാനമന്ത്രി അലെക്‌സി ഓവര്‍ച്ചുക്കും പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. 2016 മുതല്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ മിതമായ തോതില്‍ സംയുക്താഭ്യാസങ്ങളും നടത്താറുണ്ട്.
ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് റഷ്യയും പാക്കിസ്ഥാനും തമ്മില്‍ റെയില്‍മാര്‍ഗം നേരിട്ട് വാണിജ്യബന്ധം ആരംഭിക്കുന്നു എന്നുള്ളത്. എണ്ണയും പ്രകൃതിവാതകവും ഉരുക്കും മറ്റുമാണ് റഷ്യ റെയില്‍മാര്‍ഗം കയറ്റുമതി ചെയ്യാനുദ്ദേശിക്കുന്നത്. കാര്‍ഷികോല്‍പന്നങ്ങളും പരുത്തിത്തുണി ഉല്‍പന്നങ്ങളുമാകും പാക്കിസ്ഥാന്‍ കയറ്റുമതി ചെയ്യുക.
പാക്കിസ്ഥാനും താലിബാന്‍ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം മോശമായതിനെത്തുടര്‍ന്നു നിലവില്‍ കരമാര്‍ഗബന്ധം സാധ്യമല്ലാത്ത പശ്ചാത്തലത്തിലാണ് റഷ്യയും പാക്കിസ്ഥാനും റെയില്‍മാര്‍ഗത്തിലേക്ക് തിരിഞ്ഞത്. നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം കടല്‍മാര്‍ഗമാണ് നടത്തുന്നത്.
പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് ചരക്കുകള്‍ ട്രെയിനില്‍ ഇറാന്‍ അതിര്‍ത്തിയിലെത്തിച്ച ശേഷം ഇറാന്‍, തുര്‍ക്ക് മെനിസ്ഥാന്‍, കസഖ് സ്ഥാന്‍ എന്നീ രാജ്യങ്ങള്‍ കടന്ന് റഷ്യയിലെത്തിക്കാനാണ് ശ്രമം. ഈമാസം 15ന് പരീക്ഷണയോട്ടം നടത്തുമെന്ന് പാക്ക് റെയില്‍വേ ചരക്കുവിഭാഗം മേധാവി സൂഫിയ സര്‍ഫറാസ് ഡോഗര്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.
റഷ്യയ്ക്കും ഇറാനും യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം അവഗണിച്ചാണ് പാക്കിസ്ഥാന്റെ നീക്കം. കഴിഞ്ഞ ഒക്ടോബറിലാണ് പാക്കിസ്ഥാനും റഷ്യയും തമ്മില്‍ വാണിജ്യക്കരാര്‍ ഒപ്പിട്ടത്. ഫെബ്രുവരി 18ന് ഇറാനും റഷ്യയും തമ്മില്‍ ഗതാഗത ഉടമ്പടി ഒപ്പിട്ടതോടെ അവസാനകടമ്പ കടന്നു.
സൈനികോപകരണങ്ങള്‍ക്ക് പാക്കിസ്ഥാന്‍ പ്രധാനമായും യുഎസിനെയും ചൈനയെയും ചെറിയ തോതില്‍ തുര്‍ക്കിയെയുമാണ് ആശ്രയിക്കുന്നത്. എന്നാല്‍, അടുത്തകാലത്തായി റഷ്യന്‍ ആയുധങ്ങളിലും താല്‍പര്യം കാട്ടിത്തുടങ്ങി. മി35 ആക്രമണ ഹെലികോപ്റ്റര്‍ റഷ്യ നല്‍കിയത് ഇന്ത്യയുടെ എതിര്‍പ്പ് മറികടന്നാണ്.
ഭീകരവിരുദ്ധ പോരാട്ടത്തിനാണ് പാക്കിസ്ഥാന്‍ ഈ ഹെലികോപ്റ്റര്‍ ഉപയോഗിക്കുക എന്നതായിരുന്നു റഷ്യയുടെ വാദം. ഏതായാലും തങ്ങളുടെ ഏറ്റവും വലിയ ആയുധ കസ്റ്റമറായ ഇന്ത്യയെ കൈവിട്ട് റഷ്യ പാക്കിസ്ഥാനുമായി അടുത്ത ശാക്തികബന്ധങ്ങള്‍ക്ക് മുതിരുമെന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ കരുതുന്നില്ല. എല്ലാ രാജ്യങ്ങളും വാണിജ്യം വിപുലമാക്കുന്നതിന്റെ ഭാഗമായേ തല്‍ക്കാലം ഈ നീക്കങ്ങളെ കാണുന്നുള്ളൂ.