RAILWAY | ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് 2 മണിക്കൂറില്‍ എത്താം; വെള്ളത്തിനടിയിലൂടെ മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ യാത്രക്കാരെ മാത്രമല്ല വെള്ളവും ഇന്ധനവുമെല്ലാം കൊണ്ടുപോകാം

Update: 2025-04-02 08:10 GMT

അബുദാബി: ദുബായില്‍ നിന്ന് മുംബൈയിലേക്ക് അതിവേഗ അണ്ടര്‍വാട്ടര്‍ ട്രെയിന്‍ വരുന്നു. വെള്ളത്തിനടിയിലൂടെ മണിക്കൂറില്‍ 600 കിലോമീറ്ററിനും 1,000 കിലോമീറ്ററിനും ഇടയിലുള്ള വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ യാത്രക്കാരെ മാത്രമല്ല വെള്ളവും ഇന്ധനവുമെല്ലാം കൊണ്ടുപോകാം.

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാനും ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ശുദ്ധജലം കയറ്റി അയയ്ക്കാനും പദ്ധതിയിലൂടെ സാധിക്കും. അണ്ടര്‍വാട്ടര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആഴക്കടല്‍ കാഴ്ചകള്‍ ആസ്വദിക്കാവുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്നാണ് സൂചന.

ഇത് രണ്ട് നഗരങ്ങള്‍ തമ്മിലുള്ള കണക്റ്റിവിറ്റിയെ ഗണ്യമായി മെച്ചപ്പെടുത്തുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പദ്ധതിയെ കുറിച്ച് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും ഇതുവരെ അതിന്റെ അംഗീകാരത്തെക്കുറിച്ചോ വികസനത്തെക്കുറിച്ചോ ഉള്ള അപ്ഡേറ്റുകളൊന്നും പുറത്തുവന്നിരുന്നില്ല.

ഇപ്പോള്‍ യുഎഇ നാഷനല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് ആണ് പദ്ധതിയുമായി രംഗത്ത് വന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്രാസമയം 2 മണിക്കൂറായി കുറയും. നിലവില്‍ വിമാന യാത്രയ്ക്ക് 4 മണിക്കൂറെടുക്കും ദുബായില്‍ എത്താന്‍.

ഇന്ത്യ-യുഎഇ യാത്രാ കപ്പല്‍ സര്‍വീസ് പദ്ധതി വാഗ്ദാനങ്ങളില്‍ ആടിയുലയുമ്പോഴാണ് കടലിനടിയിലൂടെയുള്ള അതിവേഗ ട്രെയിന്‍ പദ്ധതി ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ഒരേസമയം യാത്രയ്ക്കും ചരക്കുനീക്കത്തിനും ഉപകരിക്കുമെന്നതിനാല്‍ ഇരുരാജ്യങ്ങള്‍ക്കും മാത്രമല്ല റെയില്‍ കടന്നുപോകുന്ന ഇതര രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്ന് നാഷനല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കണ്‍സള്‍റ്റന്റ് അബ്ദുല്ല അല്‍ ഷെഹി സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതായിരിക്കും പദ്ധതി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ കടലിനടിയിലൂടെയുള്ള അതിവേഗ റെയില്‍ ശൃംഖല സ്ഥാപിക്കലാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടമെന്നും അദ്ദേഹം പറയുന്നു. സാധ്യതാ പഠനവും പരിശോധനയും പാത കടന്നുപോകുന്ന രാജ്യങ്ങളുടെ സഹകരണവും കോടികളുടെ ഫണ്ടും വേണം. 2000 കി.മീ ദൂരത്തിലാണ് ദുബായ്-മുംബൈ നഗരങ്ങളെ റെയില്‍ വഴി ബന്ധിപ്പിക്കുക. ഇരുരാജ്യങ്ങളുടെയും അനുമതി ലഭിച്ചാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി 2030ല്‍ സര്‍വീസ് ആരംഭിക്കാനാണ് നീക്കം.

പദ്ധതി ട്രാക്കിലായാല്‍ യൂറോപ്പിലേക്കുള്ള സാമ്പത്തിക ഇടനാഴിയും സജീവമാകും. ഇന്ത്യയില്‍നിന്ന് യുഎഇ വരെ കടല്‍മാര്‍ഗവും ഇസ്രയേലിലേക്ക് റെയില്‍ മാര്‍ഗവും യൂറോപ്പിലേക്ക് കടല്‍മാര്‍ഗവുമാണ് സാമ്പത്തിക ഇടനാഴി വിഭാവനം ചെയ്യുന്നത്.

നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡിനെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്ന ഒരു യൂട്യൂബ് അക്കൗണ്ട്, റെയില്‍ സംവിധാനം നിര്‍മ്മിച്ചുകഴിഞ്ഞാല്‍ എങ്ങനെയിരിക്കുമെന്ന് ചിത്രീകരിക്കുന്ന ഒരു വീഡിയോ പങ്കിട്ടിരുന്നു. യാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് വെള്ളത്തിനടിയിലൂടെയുള്ള കാഴ്ചകള്‍ ആസ്വദിക്കാമെന്നും വീഡിയോ സൂചിപ്പിക്കുന്നു.

Similar News