മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍: സൂറത്ത് മുതല്‍ ബിലിമോറ വരെയുള്ള ഭാഗം 2027 ല്‍ തുറക്കും; ടിക്കറ്റ് നിരക്ക് അറിയാം
ജാപ്പനീസ് സര്‍ക്കാരിന്റെ സാങ്കേതിക-സാമ്പത്തിക പിന്തുണയോടെയാണ് നമ്മുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പിലാക്കുന്നത്;
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നതായി നാഷണല്‍ ഹൈ-സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്(NHSRCL). ഗുജറാത്ത്, മഹാരാഷ്ട്ര, കേന്ദ്രഭരണ പ്രദേശമായ ദാദ്ര & നാഗര്‍ ഹവേലി എന്നിവയിലൂടെ കടന്നുപോകുന്ന 508 കിലോമീറ്റര്‍ മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയില്‍ (MAHSR) ഇടനാഴിയിലൂടെയായിരിക്കും രാജ്യത്തെ ആദ്യത്തെ ഹൈ-സ്പീഡ് ട്രെയിന്‍ സര്‍വീസ് നടത്തുക. ജാപ്പനീസ് സര്‍ക്കാരിന്റെ സാങ്കേതിക-സാമ്പത്തിക പിന്തുണയോടെയാണ് നമ്മുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പിലാക്കുന്നത്.
മുംബൈ- അഹമ്മദാബാദ് റൂട്ടിലെ യാത്രകളെ പാടെ മാറ്റിമറിക്കുന്നതാണ് ജാപ്പനീസ് ബുള്ളറ്റ് ട്രെയിനുകളുടെ വരവ്. ജാപ്പനീസ് നിര്‍മിത ഇ5 സീരീസ് ഷിന്‍കാന്‍സെന്‍ ബുള്ളറ്റ് ട്രെയിനുകളായിരിക്കും മുംബൈക്കും അഹമ്മദാബാദിനും ഇടയില്‍ ഓടുകയെന്ന് എന്‍.എച്ച്.എസ്.ആര്‍.സി.എല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ജാപ്പനീസ് ട്രെയിനുകളാണിവ. മുംബൈക്കും അഹമ്മദാബാദിനും ഇടയിലെ 508 കിലോമീറ്റര്‍ ദൂരം രണ്ടു മണിക്കൂര്‍ ഏഴു മിനിറ്റ് സമയം കൊണ്ട് ഈ ബുള്ളറ്റ് ട്രെയിന്‍ മറികടക്കും.
കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനൊപ്പം ഗുജറാത്ത് സര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും ചേര്‍ന്ന് 2016ലായിരുന്നു നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്(NHSRCL) രൂപവത്ക്കരിച്ചത്. ഇന്ത്യയിലെ ആദ്യ അതിവേഗ റെയില്‍ ഇടനാഴി യാഥാര്‍ഥ്യമാക്കുകയെന്നതായിരുന്നു ലക്ഷ്യം. ജാപ്പനീസ് നിര്‍മിത ഷിന്‍കാന്‍സെന്‍ ട്രെയിനുകള്‍ക്ക് ഓടാന്‍ സാധിക്കും വിധമാണ് മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാത നിര്‍മിക്കുകയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
2027 ഓടെ എം.എ.എച്ച്.എസ്.ആര്‍ ഇടനാഴിയുടെ ആദ്യ ഭാഗം പ്രവര്‍ത്തനക്ഷമമാക്കാനാണ് റെയില്‍വേ മന്ത്രാലയം ലക്ഷ്യമിടുന്നത്. ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിച്ച റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, സൂറത്ത് മുതല്‍ ബിലിമോറ വരെ നീളുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയുടെ ആദ്യ ഭാഗം 2027 ല്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ചു.
'പണികള്‍ വേഗത്തില്‍ പുരോഗമിക്കുന്നു, മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയിലെ സൂറത്ത്-ബിലിമോറ വിഭാഗം 2027 ആദ്യം തുറക്കും,' എന്ന് അദ്ദേഹം പറഞ്ഞു.
ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ 2028 ഓടെ താനെയിലേക്ക് നീട്ടുമെന്നും ഒടുവില്‍ 2029 ഓടെ മുംബൈയില്‍ എത്തുമെന്നും റെയില്‍വേ മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ടിക്കറ്റ് നിരക്ക്, മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ നിരക്ക്
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ നിരക്ക് മധ്യവര്‍ഗ യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന തരത്തില്‍ നിലനിര്‍ത്തുമെന്നും യാത്രാ ഘടന മധ്യവര്‍ഗത്തിന് എത്താവുന്ന ദൂരത്തില്‍ തുടരുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ സ്റ്റേഷനുകള്‍
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയില്‍ 12 സ്റ്റേഷനുകള്‍ ഉണ്ടാകും. മുംബൈ, താനെ, വിരാര്‍, ബോയ്സര്‍, വാപ്പി, ബില്ലിമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബര്‍മതി. ബുള്ളറ്റ് ട്രെയിന്‍ പാതയിലെ 12 സ്റ്റേഷനുകളും ലോകനിലവാരത്തില്‍ ഉള്ളതാണ്. സ്റ്റേഷനുകളില്‍ വിമാനത്താവളത്തിലേതിന് സമാനമായ സൗകര്യങ്ങളും ഒരുക്കും.
ഇന്ത്യയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി
ജപ്പാന്‍ സര്‍ക്കാരിന്റെ സാങ്കേതിക, സാമ്പത്തിക സഹായത്തോടെയാണ് മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ (എംഎഎച്ച്എസ്ആര്‍) പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പൂര്‍ത്തീകരണം
2029 ഡിസംബറോടെ മുഴുവന്‍ എം.എ.എച്ച്.എസ്.ആര്‍ പദ്ധതിയും പൂര്‍ത്തിയാക്കാന്‍ റെയില്‍വേ മന്ത്രാലയം ലക്ഷ്യമിടുന്നു. 'വാപ്പിക്കും സബര്‍മതിക്കും ഇടയിലുള്ള ഇടനാഴിയുടെ ഗുജറാത്ത് ഭാഗം 2027 ഡിസംബറോടെ പൂര്‍ത്തിയാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. മുഴുവന്‍ പദ്ധതിയും (മഹാരാഷ്ട്ര മുതല്‍ സബര്‍മതി വരെയുള്ള ഭാഗം) 2029 ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു' - എന്നായിരുന്നു പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ലോക്സഭയില്‍ മന്ത്രി അറിയിച്ചത്.