ഓണത്തിന് മുന്നോടിയായി മറുനാടന്‍ മലയാളികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ അധിക ഷെഡ്യൂളുകളുമായി കെ.എസ്.ആര്‍.ടി.സി
ബെംഗളൂരുവില്‍ നിന്നും മൈസൂരുവില്‍ നിന്നും നാട്ടിലേക്ക് പ്രഖ്യാപിച്ച സര്‍വീസുകള്‍ വെള്ളിയാഴ്ച മുതല്‍ ഓടിത്തുടങ്ങും;
തിരുവനന്തപുരം: ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കെ.എസ്.ആര്‍.ടി.സി പുതിയ ബസുകള്‍ പുറത്തിറക്കിയത്. ഓണത്തിന് മുന്നോടിയായി മറുനാടന്‍ മലയാളികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ പുതിയ ബസുകളും അധിക ഷെഡ്യൂളുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. പുതിയ നിറങ്ങളിലുള്ള 150 ഓളം വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്.
ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക്, പ്രീമിയം സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍-കം-സ്ലീപ്പര്‍ വിഭാഗങ്ങളിലായി പുതിയ നിറങ്ങളിലുള്ള ബസുകളാണ് നിരത്തിലിറക്കിയത്. സൗന്ദര്യശാസ്ത്രത്തെയും ഊര്‍ജ്ജസ്വലമായ നിറങ്ങളെയും സമന്വയിപ്പിക്കുന്ന ഡിസൈനുകള്‍, സ്ലീപ്പര്‍ സര്‍വീസുകളില്‍ കഥകളി പശ്ചാത്തലമുള്ള ത്രിവര്‍ണ്ണ നിറങ്ങളും ഉണ്ട്.
ഫാസ്റ്റ് പാസഞ്ചര്‍, ലിങ്ക് സര്‍വീസുകള്‍ പുതുക്കിയ ഷേഡുകളില്‍ അവയുടെ ക്ലാസിക് ചുവപ്പും വെള്ളയും, ഇളം പച്ചയും നീലയും തീമുകള്‍ നിലനിര്‍ത്തുന്നു. വീതിയേറിയ ലെതര്‍ സീറ്റുകള്‍, മരം പാനലിംഗ്, റീഡിംഗ് ലൈറ്റുകള്‍, മൊബൈല്‍ ഹോള്‍ഡറുകള്‍, എസി വെന്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ടിവികള്‍ എന്നിവയുമായാണ് പ്രീമിയം ബസുകള്‍ വരുന്നത്. എല്ലാ ബസുകളിലും സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്.
ട്രെയിനില്‍ ടിക്കറ്റില്ലാതെയും സ്വകാര്യ ബസ് സര്‍വീസുകളുടെ ടിക്കറ്റ് കൊള്ളയിലും ഉയര്‍ന്ന വിമാന നിരക്കിലും നട്ടംതിരിയുന്ന മറുനാടന്‍ മലയാളികള്‍ക്ക് ഓണക്കാലത്ത് നാട്ടിലെത്താന്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ഷെഡ്യൂള്‍ എന്തുകൊണ്ടും സഹായകമാണ്. ബെംഗളൂരുവില്‍ നിന്നും മൈസൂരുവില്‍ നിന്നും നാട്ടിലേക്ക് പ്രഖ്യാപിച്ച സര്‍വീസുകള്‍ വെള്ളിയാഴ്ച മുതല്‍ ഓടിത്തുടങ്ങും.
കൊട്ടാരക്കര, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം ഡിപ്പോകളിലേക്ക് അധിക സര്‍വീസുകള്‍ ഉണ്ടാകുന്നത്. നിലവില്‍ ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ഓപ്പറേറ്റ് ചെയ്യുന്ന 49 ഷെഡ്യൂളുകള്‍ക്ക് പുറമേയാകും ഈ ബസുകളുടെ സര്‍വീസ്. ബസുകളില്‍ ഫ് ളെക്‌സി നിരക്കുകള്‍ ബാധകമായിരിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലും തോന്നുംപടി നിരക്ക് ഈടാക്കാറുള്ള സ്വകാര്യ ട്രാവല്‍ ഏജന്‍സികളുടെ നിരക്ക് വച്ച് താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവായിരിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.
നിലവിലുള്ള സര്‍വീസുകള്‍ക്കും അധികം പ്രഖ്യാപിച്ച സര്‍വീസുകള്‍ക്കും അപ്പുറം ആളുകള്‍ എത്തിയാലും ക്രമീകരണം ഉണ്ടാകുമെന്നാണ് കെ.എസ്.ആര്‍.ടി.സി അറിയിച്ചിട്ടുള്ളത്. എവിടേക്കാണോ യാത്രക്കാര്‍ കൂടുതല്‍ ഉള്ളത് ആ ഡിപ്പോകളില്‍ നിന്ന് കൂടുതല്‍ ബസുകളെത്തിച്ച് പ്രതിസന്ധി പരിഹരിക്കും. ഓണം കഴിഞ്ഞ് മടങ്ങി എത്തുന്നവര്‍ക്കും ആവശ്യാനുസരണം അധിക ബസ് ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനൊപ്പം കര്‍ണാടക ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്റെ സര്‍വീസുകളുമുണ്ടാകും. നിലവിലെ കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളുകള്‍ 49 ആണ്. അധികമായി പ്രഖ്യാപിച്ചത് 44 ഷെഡ്യൂളുകളാണ്.