വന്ദേ ഭാരത് സ്ലീപ്പര്‍ ഇനി കുതിക്കും; പരീക്ഷണ ഓട്ടം വിജയകരം
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ സുപ്രധാന നാഴികക്കല്ലായി മാറാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍. ട്രെയിനിന്റെ പരീക്ഷണ ഓട്ടം കഴിഞ്ഞ മൂന്ന് ദിവസം വിജയകരമായി പൂര്‍ത്തിയാക്കി. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത കൈവരിച്ചായിരുന്നു പരീക്ഷണ ഓട്ടം. .രാജ്യത്തുടനീളമുള്ള റെയില്‍വേ യാത്രക്കാര്‍ക്ക് ദീര്‍ഘദൂര യാത്രകള്‍ക്കായി ഏറെ പ്രയോജനം ചെയ്യും വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍.കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും ഡല്‍ഹി മുതല്‍ മുംബൈ വരെയും ഹൗറ മുതല്‍ ചെന്നൈ വരെയും ഇനി റെയില്‍വേ യാത്രക്കാര്‍ക്ക് ലോകോത്തര യാത്ര സാധ്യമാക്കാം എന്നായിരുന്നു ഇന്ത്യന്‍ റെയില്‍വെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്
കോട്ട ഡിവിഷനില്‍ ട്രെയിനിന്റെ വിജയകരമായ പരീക്ഷണ ഓട്ടത്തിന്റെ വീഡിയോ കേന്ദ്ര റെയില്‍വേ മന്ത്രി എക്‌സില്‍ പങ്കുവെച്ചു. 180 കിലോ മീറ്റര്‍ വേഗതയില്‍ കുതിച്ച ട്രെയിനില്‍ ലോക്കോ പൈലറ്റിന്റെ സ്ഥലത്ത് ഒരു ഗ്ലാസില്‍ വെള്ളം നിറച്ച് വെച്ചതും വീഡിയോയില്‍ കാണാം. കുതിച്ച് പായുമ്പോഴും ട്രെയിനിന് കുലുക്കമില്ലെന്ന് തെളിയിക്കുകയായിരുന്നു.ജനുവരി അവസാനം വരെ സ്ലീപ്പര്‍ ട്രെയിന്‍ പ്രോട്ടോടൈപ്പിന്റെ പരീക്ഷണങ്ങള്‍ തുടരുമെന്ന് റെയില്‍വേ അറിയിച്ചു. പരീക്ഷണയോട്ടത്തില്‍ പല റീച്ചുകളിലും ട്രെയിന്‍ 160 കിലോമീറ്ററിലധികം വേഗതയിലാണ് കുതിച്ചുപാഞ്ഞത്.