ഇതാണ് സത്യം..!! ട്രെയിനിലെ കമ്പിളി പുതപ്പ് കഴുകുന്നത് മാസത്തില്‍ രണ്ട് തവണ; വീശദീകരണവുമായി റെയില്‍വേ

അള്‍ട്രാവയലറ്റ് റോബോട്ടിക് സാനിറ്റൈസേഷന്‍ ഉടന്‍ നടപ്പാക്കുമെന്ന് റെയില്‍വേ

Update: 2024-12-02 06:53 GMT

കുറേ നാളായി നിലനിന്നിരുന്ന യാത്രക്കാരുടെ ആശങ്കകള്‍ക്ക് ഒടുവില്‍ അവസാനമായിരിക്കുന്നു. ട്രെയിനിലെ എ.സി കോച്ചുകളില്‍ നല്‍കുന്ന പുതപ്പിന്റെ വൃത്തിയെ കുറിച്ച് സജീവമായിരുന്ന ചര്‍ച്ചകള്‍ക്ക് റെയില്‍വേയില്‍ നിന്ന് തന്നെ മറുപടി ലഭിച്ചു. ട്രെയിനിലെ പുതപ്പുകള്‍ മാസത്തില്‍ രണ്ട് തവണയാണ് നിലവില്‍ അലക്കുന്നതെന്നും അള്‍ട്രാവയലറ്റ് റോബോട്ടിക് സാനിറ്റൈസേഷന്‍ ഉടന്‍ നിലവില്‍ വരുമെന്നും നോര്‍ത്തേണ്‍ റെയില്‍വേ വക്താവ് ഹിമാംശു ശേഖര്‍ വ്യക്തമാക്കി.

രണ്ടാഴ്ച കൂടുമ്പോള്‍ കഴുകുന്നതിന് പുറമെ നാഫ്തലിന്‍ ഉപയോഗിച്ച് സ്‌റ്റെറിലൈസ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു-ദീബ്രുഗഡ് രാജധാനി ട്രെയിനുകളില്‍ ഉടന്‍ പൈലറ്റ് പദ്ധതി എന്ന നിലയില്‍ അള്‍ട്രാവയലറ്റ് റോബോട്ടിക് സാനിറ്റൈസേഷന്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കും. ഇത് കൂടുതല്‍ ശുചിത്വം ഉറപ്പുവരുത്താനും അണുക്കളെ ഇല്ലാതാക്കാനും ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ട്രെയിനിലെ കോട്ടണ്‍, ലിനന്‍ തുണികള്‍ ഓരോ യാത്രയ്ക്ക് ശേഷവും കഴുകാറുണ്ടെന്നും ഇതിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നത് വീറ്റോമീറ്റര്‍ പരിശോധനയിലൂടെയാണെന്നും ശേഖര്‍ വ്യക്തമാക്കി. 2010ന് മുമ്പ് കമ്പിളി പുതപ്പ് കഴുകിയിരുന്നത് രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷമായിരുന്നെന്നും പിന്നീട് ഉയര്‍ന്ന ആശങ്കകള്‍ പരിഗണിച്ചാണ് ഇത് കുറച്ച് 15 ദിവസമാക്കിയതെന്നും ശേഖര്‍ പറഞ്ഞു.രാജ്യത്തുടനീളം ദിവസേന ആറ് ലക്ഷം പുതപ്പുകളാണ് ട്രെയിനില്‍ ഇന്ത്യന്‍ റെയില്‍വേ അനുവദിക്കുന്നത്.

Similar News