പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍; പണി കിട്ടാതിരിക്കാന്‍ അറിഞ്ഞിരിക്കാം
ഡല്‍ഹി: പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) പുറത്തിറക്കി. ഫെബ്രുവരി 17 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ടോള്‍ ബൂത്തുകളില്‍ കാലതാമസമില്ലാതെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കുന്ന ഫാസ്റ്റ് ടാഗ് സംവിധാനം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമാണ്.
ഇടപാടുകള്‍ സുഗമമാക്കുക എന്ന ഉദ്ദേശത്തിലാണ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതെന്ന് എന്‍.പി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു. നിയമം ലംഘിക്കുന്ന വാഹന ഉടമകളില്‍ നിന്ന് സാധാരണ ടോള്‍ നിരക്കിന്റെ ഇരട്ടിയിലായിരിക്കും പിഴ ഈടാക്കുക. രാജ്യത്തുടനീളം സുരക്ഷിതവും തടസമില്ലാത്തതുമായ യാത്ര ഉറപ്പാക്കാന്‍ ഫാസ്റ്റ് ടാഗില്‍ വേണ്ടത്ര ബാലന്‍സ് നിലനിര്‍ത്തുകയും കെവൈസി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയും വേണമെന്നും ഫാസ്റ്റ് ടാഗ് മാനേജ്മെന്റ് അധികൃതര്‍ അറിയിച്ചു.ഓരോ തവണയും ഫാസ്റ്റ് ടാഗിലെ ബാലന്‍സ് നോക്കി റീച്ചാര്‍ജ് ചെയ്യുന്നതിന് പകരം, ലൈഫ് ടൈം ഹൈവേ പാസ് ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ 15 വര്‍ഷത്തേക്ക് ഒറ്റത്തവണ പേമെന്റ് നല്‍കി ഫാസ്റ്റ് ടാഗ് എടുക്കാന്‍ സാധിക്കും. 30,000 രൂപയാകും ഇതിനായി ഈടാക്കുക. 3000 രൂപ നല്‍കി ഒരു വര്‍ഷത്തേക്കുള്ള പാസും എടുക്കാന്‍ സാധിക്കും.
അറിഞ്ഞിരിക്കാം മാറ്റങ്ങള്‍
- വാഹനങ്ങളിലെ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇടപാട് നടത്താനാകില്ല. ബാലന്‍സ് ഇല്ലാതിരിക്കുക, കെവൈസി പൂര്‍ത്തിയാകാത്ത അവസ്ഥ, ചേസിസ് നമ്പറും വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടാകുക തുടങ്ങിയ ഘട്ടങ്ങളില്‍ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടേക്കാം
- ടോള്‍ ബൂത്ത് എത്തുന്നതിന് 60 മിനിറ്റ് മുമ്പ് ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവസാന നിമിഷം റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല.
- ഫാസ്റ്റ് ടാഗ് സ്‌കാന്‍ ചെയ്ത് 10 മിനിറ്റിന് ശേഷമാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും ഇടപാട് റദ്ദാക്കപ്പെടും.
- ടോള്‍പ്ലാസ കടന്ന് 10 മിനിറ്റിന് ശേഷം റീച്ചാര്‍ജ് ചെയ്താല്‍ ഈടാക്കിയ പിഴ ഒഴിവാക്കാവുന്നതാണ്.