ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് വെറും 2 മണിക്കൂറിനുള്ളില്‍ എത്താം! പുതിയ എക്‌സ്പ്രസ് വേ ഒരുങ്ങുന്നു

നിലവില്‍ ബെംഗളൂരു മുതല്‍ ചെന്നൈയിലേക്ക് എത്താന്‍ ആറ് മണിക്കൂറെങ്കിലും യാത്ര ചെയ്യണം;

Update: 2025-08-26 08:00 GMT

ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് ഇനി വെറും 2 മണിക്കൂറിനുള്ളില്‍ എത്താം. രണ്ട് നഗരങ്ങള്‍ക്കുമിടയില്‍ പുതിയ എക്‌സ് പ്രസ് വേ വരുന്നതോടെയാണ് യാത്രാസമയം കുറയുന്നത്. നിലവില്‍ ബെംഗളൂരു മുതല്‍ ചെന്നൈയിലേക്ക് എത്താന്‍ ആറ് മണിക്കൂറെങ്കിലും യാത്ര ചെയ്യണം. എക്‌സ് പ്രസ് വേ പൂര്‍ത്തിയാകുന്നതോടെ അത് രണ്ട് മണിക്കൂറായി കുറയും.

മണിക്കൂറുകളോളം യാത്ര ചെയ്യുന്നത് യാത്രക്കാരെ സംബന്ധിടത്തോളം മടുക്കുന്ന കാര്യമാണ്. എന്നാല്‍ പുതിയ എക്‌സ്പ്രസ് വേയുടെ പണി പൂര്‍ത്തിയാകുന്നതോടെ യാത്ര കൂടുതല്‍ എളുപ്പവും സുഖകരവുമാകും. 15,188 കോടി രൂപ മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന 262 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ എക്‌സ്പ്രസ് വേ ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേയ്ക്കുള്ള 80 കിലോമീറ്റര്‍ ദൂരം കുറയ്ക്കുക മാത്രമല്ല, നിലവിലുള്ള ദേശീയ പാതകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യും.

എക്‌സ്പ്രസ് വേയുടെ പ്രധാന സവിശേഷതകള്‍

നിലവില്‍, ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്രയ്ക്ക് ഏകദേശം അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ എടുക്കും. എന്നിരുന്നാലും, പുതിയ എക്‌സ്പ്രസ് വേ തുറന്നുകഴിഞ്ഞാല്‍, വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യാത്ര വേഗത്തിലാക്കുന്നു എന്നതിനൊപ്പം യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖകരവുമാകുന്നു. വ്യക്തിഗത യാത്രയ്ക്കും വാണിജ്യത്തിനും പ്രധാന വഴിത്തിരിവാകുമെന്നും പ്രതീക്ഷിക്കുന്നു, ഇത് രണ്ട് പ്രധാന ദക്ഷിണേന്ത്യന്‍ നഗരങ്ങള്‍ തമ്മിലുള്ള വ്യാപാരവും വര്‍ദ്ധിപ്പിക്കുന്നു.

2022 ല്‍ ആരംഭിച്ച ഈ പദ്ധതി 2023 ല്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നിരുന്നാലും, ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍, പരിസ്ഥിതി അനുമതികള്‍ എന്നിവയുള്‍പ്പെടെ വിവിധ വെല്ലുവിളികള്‍ കാരണം കാലതാമസം നേരിടുകയായിരുന്നു. അടുത്തിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി 2026 ജൂലൈയില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ മൊത്തം റൂട്ടിന്റെ ഏകദേശം 100 കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

കര്‍ണാടകയിലെ ഭൂമി ഏറ്റെടുക്കലിലെ ബുദ്ധിമുട്ടുകള്‍, പാരിസ്ഥിതിക വെല്ലുവിളികള്‍, തമിഴ് നാട്ടിലെ ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രധാനമായും കാലതാമസത്തിന് കാരണമെന്നും ഗഡ്കരി വ്യക്തമാക്കി. എന്നിരുന്നാലും എക്‌സ്പ്രസ് വേ കണക്റ്റിവിറ്റി ഗണ്യമായി മെച്ചപ്പെടുത്തുകയും ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് മേഖലയിലെ വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും ഗുണം ചെയ്യും.

നിലവില്‍ കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ് നാട് എന്നിവിടങ്ങളില്‍ എക്‌സ്പ്രസ് വേയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കര്‍ണാടകയില്‍, 71.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബെംഗളൂരു-ബേത്തമംഗല പാതയുടെ നിര്‍മാണം പൂര്‍ത്തിയായി. അതേസമയം സുന്ദര്‍പാളയം മുതല്‍ ബൈറെഡ്ഡിപ്പള്ളി വരെയുള്ള 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 2025 ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

ആന്ധ്രാപ്രദേശില്‍, 29 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബംഗരുപാലം-ഗുഡിപാല പാതയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്, എന്നാല്‍ അവസാനത്തെ 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 2026 ജൂണില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ് നാട്ടില്‍, എക്‌സ്പ്രസ് വേയുടെ നിരവധി ഭാഗങ്ങള്‍ നിര്‍മ്മാണത്തിലാണ്. 2026 മാര്‍ച്ചോടെ ഇതും പൂര്‍ത്തിയാക്കാനാണ് ശ്രമം.

ബെംഗളൂരു മുതല്‍ ചെന്നൈ വരെയുള്ള എക്‌സ്പ്രസ് വേ പൂര്‍ത്തിയാകുമ്പോള്‍, NH-44, NH-48 എന്നിവയിലെ ഗതാഗതക്കുരുക്ക് കുറയും. രണ്ട് പ്രധാന മെട്രോപൊളിറ്റന്‍ നഗരങ്ങള്‍ക്കിടയിലെ യാത്ര വേഗവും സുഖകരവുമാകും. ഇത് സാധാരണ യാത്രക്കാര്‍ക്ക് മാത്രമല്ല ചരക്ക് ഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലൂടെ സാമ്പത്തിക മേഖലയ്ക്ക് പുത്തന്‍ ഉത്തേജനം നല്‍കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ പദ്ധതിക്ക് പുറമേ, ബെംഗളൂരു-ഹൈദരാബാദ്, ബെംഗളൂരു-പൂനെ എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രധാന ഇടനാഴികള്‍ക്കായി കേന്ദ്രം വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നുണ്ട്. ഇത് ദക്ഷിണേന്ത്യയിലെ ഇന്റര്‍സിറ്റി കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നത് തുടരും.

Similar News