പുതുവര്‍ഷം ബേക്കലില്‍; കാണാം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലാന്റേണ്‍ ഫെസ്റ്റ്

Update: 2024-12-31 09:36 GMT

പള്ളിക്കര: ബേക്കല്‍ ബീച്ച് പാര്‍ക്കും റെഡ്മൂണ്‍ ബീച്ച് പാര്‍ക്കും ബി.ആര്‍.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബേക്കല്‍ ബീച്ച് കാര്‍ണിവലിന്റെ ആഘോഷരാവുകള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. പുതുവര്‍ഷത്തെ വരവേറ്റുകൊണ്ട് പള്ളിക്കര ബീച്ച് പാര്‍ക്കും പരിസരവും വര്‍ണ്ണ വൈവിധ്യങ്ങളാല്‍ മുകരിതമാവും. 2025ന്റെ പുതുസ്വപ്നങ്ങള്‍, ആകാശദീപങ്ങളായി ഉയര്‍ത്തി വിടുന്ന ആയിരങ്ങള്‍ പങ്കെടുക്കുന്ന, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലാന്റേണ്‍ ഫെസ്റ്റിന് ബേക്കല്‍ ബീച്ച് കാര്‍ണിവല്‍ നഗരി വേദിയാവും. പുതുവത്സര രാവില്‍ മേളപ്പെരുമയ്ക്ക് പേരുകേട്ട ഗുരുവാദ്യ സംഘം അവതരിപ്പിക്കുന്ന ശിങ്കാരിമേളം, കൊച്ചിന്‍ ലേഡി ഡി.ജെയും വാട്ടര്‍ ഡ്രംസും കോഴിക്കോട് നിസരി ബാന്‍ഡും അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടാകും. കാര്‍ണിവലില്‍ ജില്ലയില്‍ നിന്നുള്ളവരെ കൂടാതെ നിരവധി സന്ദര്‍ശകരാണ് മറ്റ് ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍നിന്നും എത്തുന്നത്. പുതുവത്സരാഘോഷത്തിന് എത്തിച്ചേരുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

Similar News