ഇനി ബംഗളൂരുവില്‍ നിന്ന് മാലദ്വീപിലേക്ക് നേരിട്ട് പറക്കാം; വിമാന സര്‍വീസ് ആരംഭിച്ചു
എല്ലാ ഞായറാഴ്ചയും വ്യാഴാഴ്ചയുമായി ആഴ്ചയില്‍ രണ്ട് വിമാന സര്‍വീസുകള്‍ ആണ് മാലദ്വീപ് നടത്തുക;
ബംഗളൂരുവില്‍ നിന്ന് മാലദ്വീപിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി മുതല്‍ വിമാനം വഴി നേരിട്ട് എത്താം. മേയ് 15 മുതല്‍ മാലദ്വീപിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചു. മാലദ്വീപിന്റെ ദേശീയ എയര്‍ലൈന്‍ ആയ മാല്‍ഡിവിയന്‍ ആണ് ബെംഗളൂരുവില്‍ നിന്ന് ഹനിമാധൂവിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്.
എല്ലാ ഞായറാഴ്ചയും വ്യാഴാഴ്ചയുമായി ആഴ്ചയില്‍ രണ്ട് വിമാന സര്‍വീസുകള്‍ ആണ് ഈ റൂട്ടില്‍ മാലദ്വീപ് നടത്തുക. മാലദ്വീപിലെ വടക്കന്‍ ഭാഗത്തുള്ള അതിമനോഹരമായ ദ്വീപുകളിലേക്ക് ഇനി സഞ്ചാരികള്‍ക്ക് നേരിട്ടെത്താം.
ഹാ ദാലു അറ്റോളില്‍ സ്ഥിതി ചെയ്യുന്ന ഹനിമാധു രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ ദ്വീപുകളില്‍ ഒന്നാണ്. ദ്വീപ സമൂഹത്തില്‍ ശാന്തമായ ഒരു യാത്രയും കമ്യൂണിറ്റി അധിഷ്ഠിത വിനോദസഞ്ചാരവും ഉറപ്പുനല്‍കുന്നു.
വിനോദസഞ്ചാരികള്‍ക്ക് മാത്രമല്ല മാലദ്വീപിലേക്ക് ഹണിമൂണ്‍ ട്രിപ്പ് ആഗ്രഹിക്കുന്നവര്‍ക്കും സോളോ ട്രിപ്പ് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇനി എളുപ്പത്തില്‍ മാലദ്വീപില്‍ എത്താം. മാലദ്വീപിന്റെ വടക്കന്‍ ഭാഗം പ്രധാനമായും ശാന്തമായ തടാകങ്ങളാലും പ്രാദേശികമായ മനോഹരമായ ദ്വീപുകളാലും ഡൈവിങ് ഹോട്ട് സ്‌പോട്ടുകളാലും സമ്പന്നമാണ്. ഇവ എന്തുകൊണ്ടും സഞ്ചാരികളെ ആകര്‍ഷിക്കും. മാലദ്വീപിന്റെ ഔദ്യോഗിക വെബ് സൈറ്റ്, മൊബൈല്‍ ആപ്പ് തുടങ്ങി നിരവധി വഴികളിലൂടെ ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
വിനോദ, ബിസിനസ് യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഇത്തരത്തില്‍ യാത്രകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. മാലദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ വിമാന സര്‍വീസ്.
മനോഹരമായ പവിഴപ്പുറ്റുകള്‍ കൊണ്ട് നിറഞ്ഞതാണ് ഇവിടുത്തെ ദ്വീപ്. വീട്ടില്‍ പാകം ചെയ്ത മാലിദ്വീപ് വിഭവങ്ങള്‍ ആസ്വദിക്കാനും കഴിയും. ഒരിക്കല്‍ ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കുന്നവര്‍ക്ക് അത്ര എളുപ്പത്തില്‍ ഒന്നും അത് മനസില്‍ നിന്നും മായില്ല. അത്ര മേല്‍ ഭംഗിയുള്ളതാണ് ഇവിടം.