കണ്ണടച്ച് തുറക്കും മുമ്പ് ശ്രീലങ്കയിലെത്താം; ഇന്ത്യയില്‍ നിന്നുള്ള പുതിയ കപ്പല്‍ ഉടന്‍
വിനോദസഞ്ചാരമേഖലയ്ക്ക് കുതിപ്പേകാന്‍ ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്കുള്ള പുതിയ കപ്പല്‍ സര്‍വീസ് ഉടന്‍ ആരംഭിക്കുന്നു. തമിഴ് നാട്ടിലെ രാമേശ്വരത്തുനിന്ന് ശ്രീലങ്കയിലെ തലൈമാന്നാറിലേക്കാണ് കപ്പല്‍ സര്‍വീസ്. ഈ വര്‍ഷം ജൂലായില്‍ തന്നെ സര്‍വീസ് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. തമിഴ് നാട് മാരിറ്റൈം ബോര്‍ഡ് ആണ് പദ്ധതിക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. ഇതിനുവേണ്ട കസ്റ്റംസ്, ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ക്കായി വിദേശമന്ത്രാലയവുമായി ബന്ധപ്പെടുകയും ചെയ്തു. സര്‍വീസ് സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടി.യിലെ വിദഗ്ധര്‍ വിശദ പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ട്.
കപ്പലോടിക്കാന്‍ ഒരു സ്വകാര്യസ്ഥാപനം താത്പര്യം പ്രകടിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. തുടക്കത്തില്‍ രാമേശ്വരത്ത് താത്കാലിക ജെട്ടി നിര്‍മിച്ച് സര്‍വീസ് നടത്താനാണ് തീരുമാനം. പിന്നീട് സാഗര്‍മാല പദ്ധതിയില്‍പ്പെടുത്തി 150 കോടി രൂപ ചെലവില്‍ സ്ഥിരം ജെട്ടി നിര്‍മിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ തമിഴ് നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍തുറയിലേക്ക് കപ്പല്‍ സര്‍വീസ് നടത്തിവരുന്നുണ്ട്. നാലുമണിക്കൂറോളമെടുത്താണ് 111 കിലോമീറ്റര്‍ ദൂരം ഈ കപ്പല്‍ താണ്ടുന്നത്. എന്നാല്‍, രാമേശ്വരത്തുനിന്ന് തലൈമാന്നാറിലേക്ക് 27 കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെ ഒരു മണിക്കൂറില്‍ താഴെ സമയം മതി ഇവിടെ എത്താന്‍.
രാമേശ്വരത്തുനിന്ന് കപ്പല്‍ സര്‍വീസ് തുടങ്ങുന്നത് ഇന്ത്യയിലെയും ശ്രീലങ്കയിലെയും വിനോദസഞ്ചാരമേഖലയ്ക്ക് കുതിപ്പേകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ബ്രിട്ടീഷ് ഭരണകാലത്ത് 1890-കളില്‍ ചെന്നൈയില്‍ നിന്ന് ശ്രീലങ്കയിലേക്ക് തീവണ്ടി-കപ്പല്‍ സര്‍വീസ് ഉണ്ടായിരുന്നു. ഒരൊറ്റ ടിക്കറ്റില്‍ തീവണ്ടിക്ക് തൂത്തുക്കുടിയില്‍ ഇറങ്ങി അവിടുന്ന് കപ്പലില്‍ കൊളംബോയിലേക്ക് പോകാനുള്ള സൗകര്യവും ഉണ്ടായിരുന്നു. പിന്നീട് ഇത് ധനുഷ്‌കോടി-തലൈമാന്നാര്‍ കപ്പല്‍ സര്‍വീസിന് വഴിമാറി.
1964ലെ കടല്‍ക്ഷോഭത്തില്‍ ധനുഷ് കോടിയിലേക്കുള്ള റെയില്‍പ്പാത തകര്‍ന്നതോടെയാണ് യാത്ര തടസ്സപ്പെട്ടത്. എല്‍.ടി.ടി.ഇ.യുടെ നേതൃത്വത്തില്‍ തമിഴ് ദേശീയത തലപൊക്കുകയും ശ്രീലങ്ക ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്ത 1980-കളിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ കടല്‍വഴിയുള്ള ഗതാഗതം പൂര്‍ണമായും ഒഴിവായത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം 2023 ഒക്ടോബര്‍ 14-ന് ശ്രീലങ്കയിലേക്കുള്ള കപ്പല്‍സര്‍വീസ് പുനരാരംഭിച്ചു.