ഒടുവില്‍ തീരുമാനമായി; ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ് സ്വാള്‍ മുംബൈക്ക് വേണ്ടി കളിക്കുന്നത് തുടരും

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ താരത്തിനുള്ള എന്‍ഒസി പിന്‍വലിച്ചു;

Update: 2025-07-01 09:27 GMT

ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ് സ്വാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയെ പ്രതിനിധീകരിക്കുന്നത് തുടരും. നേരത്തെ ഗോവയ്ക്ക് വേണ്ടി കളിക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഇതോടെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ താരത്തിനുള്ള എന്‍ഒസി (നോ ഒബ് ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) പിന്‍വലിച്ചു.

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അജിങ്ക്യ നായിക് ഇക്കാര്യം സ്ഥിരീകരിച്ചു. എന്‍ഒസി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് അജിന്‍ക്യ നായിക് പറഞ്ഞതിങ്ങനെ:

ജയ് സ്വാള്‍ മുംബൈ ക്രിക്കറ്റിന്റെ താരമാണ്. എന്‍ഒസി പിന്‍വലിക്കണമെന്നുള്ള ജയ് സ്വാളിന്റെ ആവശ്യം ഞങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. അടുത്ത ആഭ്യന്തര ക്രിക്കറ്റ് സീസണില്‍ ജയ് സ്വാള്‍ മുംബൈ ടീമില്‍ ഉണ്ടാകും. രാജ്യത്തെ ഏറ്റവും മികച്ച പ്രതിഭകളില്‍ ഒരാള്‍ മുംബൈയില്‍ തുടരുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് രഞ്ജി ട്രോഫിയില്‍ പ്ലേറ്റ് ഗ്രൂപ്പില്‍ നിന്ന് എലൈറ്റ് ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഗോവയ്ക്ക് വേണ്ടി കളിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ജയ് സ്വാള്‍ ഇമെയില്‍ അയച്ചത്. സ്ഥലംമാറ്റം നടന്നാല്‍ ഇന്ത്യന്‍ ഓപ്പണര്‍ ടീമിനെ നയിക്കുമെന്ന് ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ മേധാവി പരസ്യമായി പറയുകയും ചെയ്തിരുന്നു. ജയ് സ്വാള്‍ ഗോവയുടെ ക്യാപ്റ്റന്‍സി റോള്‍ ആഗ്രഹിച്ചിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എംസിഎ ഉടന്‍ തന്നെ ജയ് സ്വാളിന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചു.

എന്നാല്‍ മെയ് മാസത്തില്‍ മുംബൈയില്‍ തന്നെ തുടരാനുള്ള തന്റെ തീരുമാനം ഈ ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍ എംസിഎയെ അറിയിക്കുകയും തന്റെ എന്‍ഒസി റദ്ദാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കുടുംബത്തോടൊപ്പം ഗോവയിലേക്ക് മാറാന്‍ ആലോചനയുണ്ടായിരുന്നുവെന്നും എന്നാല്‍ തല്‍ക്കാലം അത് നടക്കാനിടയില്ലാത്തതിനാല്‍ വീണ്ടും മുംബൈക്ക് വേണ്ടി കളിക്കാന്‍ അനുവദിക്കണമെന്നുമാണ് ഇ മെയിലില്‍ ജയ് സ്വാള്‍ ആവശ്യപ്പെട്ടിരുന്നത്. ഗോവ ക്രിക്കറ്റ് അസോസിയേഷനോ ബിസിസിഐക്കോ താന്‍ എന്‍ഒസി സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഉത്തര്‍പ്രദേശിലെ ഭാദോഹിയില്‍ നിന്നുള്ള ജയ് സ്വാള്‍ ചെറുപ്പത്തില്‍ തന്നെ മുംബൈയിലേക്ക് താമസം മാറി. 2019 ല്‍ മുംബൈക്ക് വേണ്ടി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍, ഇന്ത്യയ്ക്കായി അണ്ടര്‍ 19 ലോകകപ്പില്‍ അദ്ദേഹം കളിച്ചു. കളിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും മുംബൈയുടെ ഫസ്റ്റ് ചോയ്സ് ഓപ്പണറാണ് യശസ്വി ജയ് സ്വാള്‍. മുംബൈക്കായും ഐപിഎല്ലിലും നടത്തിയ പ്രകടനങ്ങളിലൂടെയാണ് യശസ്വി ഇന്ത്യന്‍ ടീമിലെത്തിയതും. അതിനുശേഷം, ജയ്സ്വാള്‍ 20 ടെസ്റ്റുകളിലും 23 ടി20കളിലും ഒരു ഏകദിനത്തിലും ദേശീയ ടീമിനെ പ്രതിനിധീകരിച്ചു.

ജയ് സ്വാള്‍ നിലവില്‍ അഞ്ച് ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമാണ്. ലീഡ് സില്‍ സെഞ്ച്വറിയോടെയാണ് ജയ് സ്വാള്‍ പരമ്പര ആരംഭിച്ചത്. എന്നാല്‍ അഞ്ച് വിക്കറ്റ് തോല്‍വിയില്‍ നാല് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതില്‍ ഏറെ പഴി കേള്‍ക്കേണ്ടതായും വന്നു.

മുംബൈക്കായി ഇതുവരെ 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലായി 60.85 ശരാശരിയില്‍ 3712 റണ്‍സ് യശസ്വി നേടിയിട്ടുണ്ട്. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരെ ആയിരുന്നു യശസ്വി അവസാനമായി മുംബൈ കുപ്പായത്തില്‍ കളിച്ചത്. മുംബൈ തോറ്റ മത്സരത്തില്‍ യശസ്വിക്ക് തിളങ്ങാനായിരുന്നില്ല.

ജയ് സ്വാള്‍ ഇപ്പോള്‍ മുംബൈയില്‍ തന്നെ തുടരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, 2025-26 ആഭ്യന്തര സീസണിന് മുമ്പ് ഫേവറിറ്റ് ഓപ്പണര്‍ പൃഥ്വി ഷാ പുറത്തുപോകുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റൊരു ആഭ്യന്തര ടീമില്‍ ചേരുന്നതിന് ഈ മാസം ആദ്യം ഷാ എന്‍ഒസിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ എംസിഎ അംഗീകരിച്ചിരുന്നു.

Similar News