വിവാഹ ചടങ്ങിനിടെ സ്മൃതി മന്ദാനയുടെ പിതാവ് ആശുപത്രിയിലായതിന് പിന്നാലെ വരന്‍ പലാഷ് മുച്ചലും ആണുബാധയെ തുടര്‍ന്ന് ചികിത്സയില്‍

പിതാവിന്റെ ആരോഗ്യസ്ഥിതി ഭേദമായാലുടന്‍ വിവാഹം നടക്കുമെന്ന് മാതാവ് അമിത മുച്ചല്‍;

Update: 2025-11-24 07:31 GMT

മുംബൈ: വിവാഹ ചടങ്ങിനിടെ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പിതാവ് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലായതിന് പിന്നാലെ വരന്‍ സംഗീത സംവിധായകന്‍ പലാഷ് മുച്ചലിനെയും സാംഗ്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറല്‍ അണുബാധയും അസിഡിറ്റിയും കാരണമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്മൃതി മന്ദാനയുമായുള്ള പലാഷ് മുച്ചലിന്റെ വിവാഹം നവംബര്‍ 23 ന് സാംഗ്ലിയില്‍ വച്ച് നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയിലാണ് പിതാവിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഇതോടെ ചടങ്ങ് മാറ്റിവയക്കുകയായിരുന്നു. കൊറോണറി ഹൃദ്രോഗവുമായി ബന്ധപ്പെട്ട ഒരു രോഗമായ ആന്‍ജിന പെക്‌റ്റോറിസിന്റെ ലക്ഷണങ്ങള്‍ അദ്ദേഹത്തിന് അനുഭവപ്പെട്ടതായി ഡോക്ടര്‍മാര്‍ പിന്നീട് സ്ഥിരീകരിച്ചു.

'ഉച്ചയ്ക്ക് 1.30 ഓടെ അദ്ദേഹത്തിന് ആന്‍ജിന ബാധിച്ചു, ഉച്ചയ്ക്ക് 2.15 ന് ഞങ്ങളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്... ആന്‍ജിയോഗ്രാഫി ആവശ്യമുണ്ടോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് തിങ്കളാഴ്ച കൂടുതല്‍ പരിശോധനകള്‍ നടത്തും,' സര്‍വിത് ഹോസ്പിറ്റല്‍ ആന്‍ഡ് ക്ലിനിക്കല്‍ റിസര്‍ച്ച് സെന്റര്‍ ചെയര്‍മാനും ന്യൂറോ ഫിസിഷ്യനുമായ നമന്‍ ഷാ പറഞ്ഞു.

അതിന് പിന്നാലെയാണ് പലാഷും ചികിത്സ തേടിയത്. അണുബാധയെ തുടര്‍ന്ന് ചികിത്സ തേടിയ പലാഷ് മുംബൈയിലേക്ക് മടങ്ങിയെന്നും സുഖം പ്രാപിച്ചുവെങ്കും വിശ്രമത്തിലാണെന്നും അദ്ദേഹത്തിന്റെ അമ്മ അമിത മുച്ചല്‍ വെളിപ്പെടുത്തി. മകന്‍ വളരെയധികം സമ്മര്‍ദ്ദത്തിലാണെന്നും ഇത് ആരോഗ്യത്തെ ബാധിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പിതാവിന്റെ ആരോഗ്യസ്ഥിതി ഭേദമായാലുടന്‍ വിവാഹം നടക്കുമെന്നും സ്മൃതിയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ കാത്തിരിക്കുകയാണെന്നും അമിത മുച്ചല്‍ പറഞ്ഞു.

Similar News