വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനം എടുക്കില്ല; നയം വ്യക്തമാക്കി ബി.സി.സി.ഐ
ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പരമ്പര റദ്ദാക്കിയതിനാല്‍ അടുത്ത ഏകദിന ദൗത്യം ഒക്ടോബര്‍ 19 മുതല്‍ 25 വരെ ഓസ്‌ട്രേലിയയ്ക്കെതിരായ എവേ പരമ്പരയായിരിക്കും;
മുംബൈ: വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും വരാനിരിക്കുന്ന ഏകദിന ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇരുവരുടേയും ഭാവി കാര്യങ്ങളില്‍ തിടുക്കപ്പെട്ട് ഒരു തീരുമാനമെടുക്കാന്‍ ബി.സി.സി.ഐ ആഗ്രഹിക്കുന്നില്ലെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പേര് വെളിപ്പെടുത്താത്ത ബിസിസിഐ ഉദ്യോഗസ്ഥന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുവരും ടി20-ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്നും ഇതിനോടകം തന്നെ വിരമിച്ച് കഴിഞ്ഞു. ഇനി ഏകദിനം മാത്രമാണ് ഉള്ളത്. 2027 ലോകകപ്പില്‍ കളിക്കാന്‍ ഇരുവരും ആഗ്രഹിക്കുന്നുവെന്നും അതുവരെ തുടരണമെന്നാണ് ഇരുവരുടേയും തീരുമാനമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, ഇരുവരേയും വരുന്ന ഏകദിന ലോകകപ്പിലേക്ക് പരിഗണിക്കില്ലെന്നും ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പര ഇരുവരുടേയും അവസാനത്തെ മത്സരങ്ങള്‍ ആയിരിക്കുമെന്നുള്ള ഊഹാപോഹങ്ങളും ഉയരുന്നുണ്ട്.
ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പരമ്പര റദ്ദാക്കിയതിനാല്‍, ഇന്ത്യയുടെ അടുത്ത ഏകദിന ദൗത്യം ഒക്ടോബര്‍ 19 മുതല്‍ 25 വരെ ഓസ്‌ട്രേലിയയ്ക്കെതിരായ എവേ പരമ്പരയായിരിക്കും. ഇരുവരുടേയും വിരമിക്കലിനെ കുറിച്ച് ബിസിസിഐ ഉദ്യോഗസ്ഥന്റെ പ്രതികരണം ഇങ്ങനെ:
'തീര്‍ച്ചയായും, അവര്‍ക്ക് വിരമിക്കാന്‍ ആലോചനയുണ്ടെങ്കില്‍ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിന് മുമ്പ് ചെയ്തതുപോലെ അവര്‍ ബിസിസിഐയെ അറിയിക്കും. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത വലിയ ദൗത്യം ഫെബ്രുവരിയില്‍ നടക്കുന്ന ടി20 ലോകകപ്പും അതിനുമുമ്പുള്ള തയ്യാറെടുപ്പുകളുമാണ്. ഏഷ്യാ കപ്പ് വരാനിരിക്കുന്നു. ആ ടി20 ടൂര്‍ണമെന്റിനായി ഏറ്റവും മികച്ച ടീമിനെ അയ്ക്കുന്നതിലാണ് ശ്രദ്ധ മുഴുവനും' - എന്നായിരുന്നു അദ്ദേഹം അറിയിച്ചത്.
പക്ഷേ, ലോകകപ്പ് ടീമില്‍ ഉള്‍പ്പെടണമെങ്കില്‍ ഇരുവരും വിജയ് ഹസാരെ ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്. രണ്ട് പേരും കളിച്ച അവസാന ടൂര്‍ണമെന്റ് ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ആയിരുന്നു. ഗ്രൂപ്പ് ലീഗ് ഘട്ടത്തില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ കോലി സെഞ്ചുറി നേടിയിരുന്നു. ഫൈനലില്‍ ചേസില്‍ രോഹിത്തും അര്‍ധ സെഞ്ചുറി സ്വന്തമാക്കിയിരുന്നു. അവസാനം കളിച്ച മത്സരങ്ങളില്‍ ഫോമിലാണെങ്കില്‍ പോലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ചതിനുശേഷം ഇരുവരും മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല.
ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന കോലി പരിശീലനത്തിന് ശേഷമുള്ള ഫോട്ടോ പങ്കുവച്ചിരുന്നു. ഐപിഎല്ലിന് ശേഷം വിശ്രമത്തിലായിരുന്ന രോഹിത് അടുത്തിടെ മുംബൈയില്‍ തിരിച്ചെത്തി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരിശീലനം ആരംഭിക്കുമെന്നാണ് അറിയുന്നത്. അതിന് മുമ്പ് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ ഏകദിന പരമ്പരകളും ഇന്ത്യ കളിക്കും.
ബിസിസിഐ ഇരുവര്‍ക്കും വിടവാങ്ങല്‍ മത്സരം വാഗ്ദാനം ചെയ്യുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ അത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലില്‍ 38 വയസ്സ് തികഞ്ഞ രോഹിത് ശര്‍മ 67 ടെസ്റ്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു, 40.57 ശരാശരിയില്‍ 4,301 റണ്‍സ് നേടി. ന്യൂസിലന്‍ഡിനെതിരായ ഹോം പരമ്പരയിലും ഓസ്‌ട്രേലിയയ്‌ക്കെതിരായ എവേ പരമ്പരയിലും തിളങ്ങാന്‍ കഴിയാതെ വന്നതോടെയാണ് വിരമിച്ചത്. ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ക്യാപ്റ്റനായിരുന്നിട്ടും ഫോം ഔട്ട് കാരണം രോഹിതിന് ഒരു മാച്ചില്‍ പുറത്തിരിക്കേണ്ടി വന്നു.
അതേസമയം, 36കാരനായ കോലിയില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നുണ്ടെന്നാണ് അപ്രതീക്ഷിത വിരമിക്കലിന് പിന്നാലെ ഉയര്‍ന്ന അഭിപ്രായങ്ങള്‍. പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ കോലി സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ ഐപിഎല്ലിലും കസറി. എന്നാല്‍, ഓഫ്-സ്റ്റമ്പിന് പുറത്ത് എറിയുന്ന പന്തുകള്‍ നേരിടുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ പല മാച്ചുകളിലും വേഗത്തില്‍ പുറത്തായത് തിരിച്ചടിയായി.