പാകിസ്ഥാന്‍ വംശജനായ ആരാധകന് ഓട്ടോഗ്രാഫ് നല്‍കി ഇന്ത്യന്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും
ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈററല്‍;
പെര്‍ത്ത്: പാകിസ്ഥാന്‍ വംശജനായ ആരാധകന് ഓട്ടോഗ്രാഫ് നല്‍കി ഇന്ത്യന്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും. ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കായി പെര്‍ത്തില്‍ എത്തിയപ്പോഴാണ് സംഭവം. ഏകദേശം ഏഴ് മാസത്തിന് ശേഷമാണ് ഇരുവരും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. പെര്‍ത്തിലെത്തിയ ഇന്ത്യന്‍ സംഘത്തെ കാണാന്‍ കറാച്ചി സ്വദേശി സാഹില്‍ എത്തിയപ്പോഴാണ് കോലിയും രോഹിത്തും ഓട്ടോഗ്രാഫ് നല്‍കിയത്. ആര്‍സിബി ജേഴ്‌സിയുമായി ടീം താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ എത്തിയ സാഹിലിന് ജേഴ്‌സിയില്‍ കോലി ഓട്ടോഗ്രാഫ് നല്‍കി.
ഈ സമയം ടീം ബസിലേക്ക് കയറിയ രോഹിത് സാഹിലിനിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇറങ്ങിവരികയും ഓട്ടോഗ്രാഫ് നല്‍കുകയുമായിരുന്നു. ഇരുവരുടേയും പെരുമാറ്റത്തിലെ ഈ എളിമയെ സാഹില്‍ ആരാധനയോടെയാണ് കണ്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോ പുറത്തുവന്നതോടെ താരങ്ങളെ പ്രശംസിച്ച് പലരും രംഗത്തുവന്നു.
അടുത്തിടെ ഏഷ്യാ കപ്പില്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന് ശേഷം ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. മത്സരത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് മൊഹ്‌സിന്‍ നഖ് വിയില്‍ നിന്ന് കിരീടം വാങ്ങില്ലെന്ന ഇന്ത്യന്‍ താരങ്ങളുടെ നിലപാടാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. പാക് ആഭ്യന്തര മന്ത്രിയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റുമാണ് നഖ് വി .
നേരത്തെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനൊടുവില്‍ പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതും വിവാദമായിരുന്നു.
🚨 A lucky fan of Virat Kohli from Karachi got his RCB jersey signed by the star batter. @rohitjuglan @ThumsUpOfficial #ViratKohli #TeamIndia #AUSvsIND #CricketFans pic.twitter.com/gujRTYbwee
— RevSportz Global (@RevSportzGlobal) October 16, 2025