കരുത്തന്‍മാരെ മറികടന്ന് വിനീഷ്യസ്; 2024ലെ ഫിഫ ബെസ്റ്റ് പ്ലെയര്‍
ദോഹ: 2024 ലെ ഫിഫ ദ ബെസ്റ്റ് അവാര്‍ഡ് റയല്‍ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറിന്. വനിതാ വിഭാഗത്തില്‍ ബാഴ്‌സലോണയുടെ മിഡ് ഫീല്‍ഡര്‍ അയ്റ്റാന ബോണ്‍മാറ്റിയും സ്വന്തമാക്കി. നേരത്തെ ബാലന്‍ ദ ഓര്‍ പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് ബ്രസീലിയന്‍ താരമായ വിനീഷ്യസിന് ഫിഫയുടെ ദ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡ് ലഭിക്കുന്നത്. ലയണല്‍ മെസിയെ മറികടന്നുകൊണ്ടാണ് വിനീഷ്യസിന്റെ പുരസ്‌കാര നേട്ടമെന്നതും ശ്രദ്ധേയമാണ്.ദോഹയില്‍ നടന്ന ചടങ്ങില്‍ വിനീഷ്യസ് പുരസ്‌കാരം ഏറ്റുവാങ്ങി.
''എല്ലാവര്‍ക്കും നന്ദി. എവിടെ നിന്ന് തുടങ്ങണമെന്നറിയില്ല. ഈ പുരസ്‌കാരം ലഭിക്കുമെന്ന് കരുതിയില്ല. ദാരിദ്ര്യത്തിന്റെയും കുറ്റകൃത്യത്തിന്റെയും ലോകത്ത് വളര്‍ന്ന ഒരാളാണ് ഞാന്‍. അവിടെ ഇപ്പോഴുള്ള കുട്ടികള്‍ക്ക് വളരാനുള്ള പ്രചോദനമാണ് ഈ അവാര്‍ഡ്. എനിക്ക് വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി.:എന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കൂടെ നിന്നവര്‍ക്ക് നന്ദി. മാഡ്രിഡുമായി ഇനിയും കൂടുതല്‍ കാലം ചേര്‍ന്ന് നില്‍ക്കും. ലോകത്തിലെ മികച്ച ക്ലബ്ബാണ് മാഡ്രിഡ്.'പുരസ്‌കാരം സ്വീകരിച്ച ശേഷം വിനീഷ്യസ് പറഞ്ഞു.
കഴിഞ്ഞ സീസണില്‍ 39 മത്സരങ്ങളിലായി 24 ഗോളുകളും 11 അസിസ്റ്റുകളുമാണ് വിനീഷ്യസിന്റെ സംഭാവന. ലാലിഗയിലും , ചാമ്പ്യന്‍സ് ലീഗിലും റയല്‍ മാഡ്രിഡിനെ വിജയത്തിലേക്കുയര്‍ത്താന്‍ വിനീഷ്യസിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു.
തുടര്‍ച്ചയായ രണ്ടാം തവണയാണ് വനിതാ വിഭാഗത്തില്‍ മികച്ച പ്ലെയര്‍ക്കുള്ള ഫിഫ അവാര്‍ഡ് അയ്റ്റാന ബോണ്‍മാറ്റി സ്വന്തമാക്കുന്നത്. സ്പാനിഷ് മിഡ്ഫീല്‍ഡറായ 26കാരി രണ്ട് ബാലന്‍ ദ ഓര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്.
മറ്റ് പുരസ്‌കാരങ്ങള്‍ പുരുഷ ടീം പരിശീലകന്‍ - കാര്‍ലോ ആഞ്ചലോട്ടി (റയല്‍ മഡ്രിഡ്) വനിതാ പരിശീലക - എമ്മ ഹെയ്സ് ( ചെല്‍സി/ യു.എസ്.) പുഷ്‌കാസ് അവാര്‍ഡ് - അലസാന്‍ഡ്രോ ഗര്‍നാച്ചോ (മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് / അര്‍ജന്റീന), മാര്‍ത്ത പുരസ്‌കാരം- മാര്‍ത്ത (ബ്രസീല്‍),ഗോള്‍കീപ്പര്‍- എമിലിയാനോ മാര്‍ട്ടിനെസ് (ആസ്റ്റണ്‍വില്ല/ അര്‍ജന്റീന) വനിതാ ഗോള്‍കീപ്പര്‍- അലീസ നെഹര്‍ ( ചിക്കാഗോ റെഡ് സ്റ്റാര്‍/ യു.എസ്.),ഫെയര്‍പ്ലേ-തിയാഗോ മയ (ബ്രസീല്‍) ഫാന്‍ പുരസ്‌കാരം- ഗ്വില്ലര്‍മോ ഗ്രാന്‍ഡ മൗറ (ബ്രസീല്‍)