ഏഷ്യാ കപ്പ്: യുഎഇയുമായുള്ള മത്സരത്തിനിടെ പാക് ഫീല്‍ഡറുടെ പന്തുകൊണ്ട് അമ്പയര്‍ക്ക് പരിക്ക്

ശ്രീലങ്കന്‍ അമ്പയര്‍ രുചിര പള്ളിയാഗുരുഗെയുടെ ചെവിക്കാണ് പരിക്കേറ്റത്;

Update: 2025-09-18 09:40 GMT

ഏഷ്യാ കപ്പില്‍ യുഎഇയുമായുള്ള മത്സരത്തിനിടെ പാകിസ്താന്‍ ഫീല്‍ഡറുടെ പന്തുകൊണ്ട് ഫീല്‍ഡ് അമ്പയര്‍ക്ക് പരിക്ക്. ശ്രീലങ്കന്‍ അമ്പയര്‍ രുചിര പള്ളിയാഗുരുഗെയുടെ ചെവിക്കാണ് പരിക്കേറ്റത്. ഇതേതുടര്‍ന്ന് മത്സരം കുറച്ച് നേരത്തേക്ക് നിര്‍ത്തിവച്ചു. യുഎഇ ഇന്നിംഗ്‌സിന്റെ ആറാമത്തെ ഓവറിലാണ് സംഭവം. ബൗളര്‍ സൈം അയൂബ് എറിഞ്ഞ പന്താണ് അമ്പയറുടെ ചെവിയില്‍ കൊണ്ടത്. പരിക്കേറ്റതിന് പിന്നാലെ രുചിര പള്ളിയാഗുരുഗെ ഗ്രൗണ്ട് വിട്ടു. ഇതേതുടര്‍ന്ന് റിസര്‍വ് അമ്പയറായ ബംഗ്ലാദേശിന്റെ ഗാസി സോഹല്‍ ആണ് കളി നിയന്ത്രിച്ചത്. ശ്രീലങ്കന്‍ അംപയര്‍ക്ക് പരുക്കേല്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ബുധനാഴ്ച നടന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് ലീഗ് മത്സരത്തില്‍ യുഎഇയെ 41 റണ്‍സിന് പാകിസ്താന്‍ പരാജയപ്പെടുത്തി. ഇതോടെ പാകിസ്താന്‍ ഇന്ത്യയ്‌ക്കൊപ്പം ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോര്‍ ഗ്രൗണ്ടില്‍ കടന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താന്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടി. അര്‍ധ സെഞ്ചറി നേടിയ ഫഖര്‍ സമാന്റെ (36 പന്തില്‍ 50) ഇന്നിങ്‌സാണ് പാകിസ്താനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. മറുപടി ബാറ്റിങ്ങില്‍ യുഎഇയുടെ പോരാട്ടം 105ല്‍ ഒതുങ്ങി.

14 പന്തില്‍ നിന്ന് 29 റണ്‍സ് നേടി ആദ്യം ബാറ്റ് ചെയ്തത് ഷഹീന്‍ ഷാ അഫ്രീദിയാണ്. 9 വിക്കറ്റിന് 146 റണ്‍സ് എന്ന ചെറിയ സ്‌കോര്‍ ആണ് സല്‍മാന്‍ ആഘയുടെ നേതൃത്വത്തിലുള്ള പാകിസ്താന്‍ ടീം നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ യുഎഇക്ക് 17.4 ഓവറില്‍ 105 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

ഇന്ത്യ - പാക് മത്സരത്തിലെ ഹസ്തദാന വിവാദത്തിന് പിന്നാലെ മാച്ച് റഫറിയെ മാറ്റണമെന്നും അല്ലെങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്നും പാകിസ്താന്‍ ടീം ഭീഷണി മുഴക്കിയിരുന്നു. ഇതിനെത്തുടര്‍ന്നുള്ള അനിശ്ചിതത്വത്തിനും അനുരഞ്ജന ചര്‍ച്ചകള്‍ക്കുമൊടുവില്‍ കഴിഞ്ഞദിവസം പാകിസ്താന്‍ യുഎഇ മത്സരം ആരംഭിച്ചത് ഒരു മണിക്കൂര്‍ വൈകിയാണ്. ഇന്ത്യന്‍ സമയം രാത്രി 8ന് ആരംഭിക്കേണ്ട മത്സരം രാത്രി ഒന്‍പത് മണിക്കാണ് തുടങ്ങിയത്.

ഞായറാഴ്ചത്തെ ഇന്ത്യ പാകിസ്താന്‍ മത്സരം നിയന്ത്രിച്ച മാച്ച് റഫറി ആന്‍ഡി പൈക്‌റോഫ്റ്റിനെ മാറ്റണമെന്ന പാകിസ്താന്റെ ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തള്ളിയതിനു പിന്നാലെയായിരുന്നു പാക്ക് ടീമിന്റെ നാടകീയ നീക്കങ്ങള്‍. വിവാദങ്ങളെത്തുടര്‍ന്ന് മത്സര തലേന്നുള്ള മാധ്യമ സമ്മേളനവും പരിശീലന സെഷനും ഉപേക്ഷിച്ച പാകിസ്താന്‍ ടീം കഴിഞ്ഞദിവസം ഗ്രൗണ്ടിലെത്താതെ ഹോട്ടലില്‍ തന്നെ തുടര്‍ന്നു. മത്സരത്തിനായി യുഎഇ ടീം ദുബായിലെ ഗ്രൗണ്ടിലെത്തി പരിശീലനം നടത്തുമ്പോഴും പാകിസ്താന്‍ ടീം ഹോട്ടലില്‍ തന്നെയായിരുന്നു.

ഏഷ്യാകപ്പിലെ തുടര്‍ മത്സരങ്ങളെല്ലാം ബഹിഷ്‌കരിച്ച് പാകിസ്താന്‍ ടീം നാട്ടിലേക്ക് മടങ്ങുകയാണെന്ന വാര്‍ത്തകളും ഇതോടൊപ്പം പ്രചരിച്ചു. മത്സരം കാണാന്‍ കാണികള്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുമ്പോഴും പാക്ക് ടീം എത്തിയിരുന്നില്ല. ഒടുവില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെയും കടുത്ത സമ്മര്‍ദമാണ് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കിയത്. പാക്ക് ബോര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്താന്‍ ടീം പ്രാദേശിക സമയം വൈകിട്ട് ആറരയോടെ സ്റ്റേഡിയത്തിലെത്തി. പ്രാദേശിക സമയം 6നു നടക്കേണ്ടിയിരുന്ന ടോസ് ഏഴിനാണ് നടന്നത്.

വിവാദ നായകനായ മാച്ച് റഫറി ആന്‍ഡി പൈക് റോഫ്റ്റ് പാകിസ്താന്‍ ടീം ക്യാപ്റ്റനോടും മാനേജരോടും മാപ്പു പറഞ്ഞതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അറിയിച്ചു. ഹസ്തദാന വിവാദം ആശയവിനിമയത്തില്‍ വന്ന പ്രശ്‌നമാണെന്നും മാപ്പ് ചോദിക്കുന്നതായും മാച്ച് റഫറി ആന്‍ഡി പൈക്‌റോഫ്റ്റ് പറഞ്ഞതായി പിസിബി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Similar News