കരിയറില്‍ സൗരവ് ഗാംഗുലിക്ക് ഇത് പുതിയ ഇന്നിംഗ്സ്; പ്രിട്ടോറിയ ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു

മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോനാഥന്‍ ട്രോട്ടിന് പകരക്കാരനായാണ് ഗാംഗുലി ചുമതലയേല്‍ക്കുന്നത്;

Update: 2025-08-25 05:18 GMT

കരിയറില്‍ പുതിയ ഇന്നിംഗ്സ് ആരംഭിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍. ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ഫ്രാഞ്ചൈസി ലീഗില്‍ പ്രിട്ടോറിയ ക്യാപിറ്റല്‍സ് ടീമിന്റെ മുഖ്യ പരിശീലകനായാണ് ഗാംഗുലിയുടെ ചുവടുമാറ്റം. SA20 ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായാണ് ഗാംഗുലിയുടെ നിയമനം. ഫ്രാഞ്ചൈസി തന്നെയാണ് നിയമനം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 'പ്രിന്‍സ് ക്യാപിറ്റല്‍സ് ക്യാമ്പിലേക്ക് ഒരു രാജകീയ പ്രതീതി കൊണ്ടുവരാന്‍ ഒരുങ്ങിയിരിക്കുന്നു! സൗരവ് ഗാംഗുലിയെ ടീമിന്റെ മുഖ്യ പരിശീലകനായി പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ ആഹ്ലാദഭരിതരാണ്,' - എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ ടീം അറിയിച്ചത്.

ഏതെങ്കിലും പ്രൊഫഷണല്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗാംഗുലി നിയമിതനാകുന്നത് ഇത് ആദ്യമായാണ്. ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോനാഥന്‍ ട്രോട്ടിന് പകരക്കാരനായാണ് മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. സ്ഥാനമൊഴിയുന്ന ജോനാഥന്‍ ട്രോട്ടിന് എല്ലാവിധ ആശംസകള്‍ അറിയിച്ചുകൊണ്ടും ഫ്രാഞ്ചൈസി എക്‌സില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

2008-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം, ഗാംഗുലി ബിസിസിഐ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു, നിലവില്‍ ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്. കൂടാതെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ (സിഎബി) പ്രസിഡന്റുമാണ്.

കഴിഞ്ഞ വര്‍ഷം ജെ.എസ്.ഡബ്ല്യു സ്പോര്‍ട്സിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ ആയി നിയമിതനായ ശേഷം ഐപിഎല്ലിലും ഡബ്ല്യുപിഎല്ലിലും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്രിക്കറ്റ് ഡയറക്ടറായും ഗാംഗുലി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018 മുതല്‍ 2019വരെ ഐപിഎല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ടീം ഡയറക്ടറായിരുന്ന ഗാംഗുലി ബിസിസിഐ പ്രസിഡന്റായതിനെത്തുടര്‍ന്ന് ആ സ്ഥാനമൊഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രിട്ടോറിയ ക്യാപിറ്റല്‍സിനൊപ്പം, പ്രൊഫഷണല്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയില്‍ തന്റെ ആദ്യത്തെ റോളിലേക്ക് ഗാംഗുലി പ്രവേശിച്ചിരിക്കുകയാണ്.

ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന 2026 ലെ പുരുഷ ടി20 ലോകകപ്പുമായി ഏറ്റുമുട്ടുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് 2026 ലെ എസ് എ20 പതിപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്. ഡിസംബര്‍ 26 മുതല്‍ ജനുവരി 25 വരെയാണ് മത്സരം നടക്കുക.

പ്രിട്ടോറിയ ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനെന്ന നിലയില്‍ ഗാംഗുലിയുടെ ആദ്യ ചുമതല സെപ്റ്റംബര്‍ 9 ന് നടക്കുന്ന കളിക്കാരുടെ ലേലത്തില്‍ ടീമിനായി മികച്ച കളിക്കാരെ തിരഞ്ഞെടുക്കുന്നതായിരിക്കും.

Similar News