വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍; ശുഭ്മാന്‍ ഗില്ലിന് സെഞ്ച്വറി

ക്യാപ്റ്റനായശേഷം കളിക്കുന്ന ഏഴാം ടെസ്റ്റില്‍ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയാണ് ഗില്‍ വിന്‍ഡീസിനെതിരെ നേടിയത്;

Update: 2025-10-11 11:17 GMT

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെടുത്താണ് ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സെഞ്ച്വറി എടുത്തു. ആദ്യ ദിനം 318-2 എന്ന സ്‌കോറില്‍ ക്രീസ് വിട്ട ഇന്ത്യ രണ്ടാം ദിനം ആദ്യ രണ്ട് സെഷനുകളില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 129 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 175 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെയും 43 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയുടെയും 44 റണ്‍സെടുത്ത ധ്രുവ് ജുറെലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ധ്രുവ് ജുറെല്‍ പുറത്തായതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. വിന്‍ഡീസിനായി വാറിക്കന്‍ 3 വിക്കറ്റെടുത്തു.

ക്യാപ്റ്റനായശേഷം കളിക്കുന്ന ഏഴാം ടെസ്റ്റില്‍ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയാണ് ഗില്‍ വിന്‍ഡീസിനെതിരെ നേടിയത്. ക്യാപ്റ്റനായശേഷം ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സെഞ്ച്വറികളെന്ന വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പമെത്താനും ഗില്ലിനായി. 2017ലും 2018ലും കോലി ക്യാപ്റ്റനായിരിക്കെ ടെസ്റ്റില്‍ അഞ്ച് സെഞ്ച്വറികള്‍ വീതം നേടിയിട്ടുണ്ട്. ഗില്ലിന്റെ ടെസ്റ്റ് കരിയറിലെ പത്താം സെഞ്ച്വറിയാണ് നേടിയത്. 177 പന്തില്‍ സെഞ്ച്വറിയിലെത്തിയ ഗില്‍ 16 ബൗണ്ടറിയും രണ്ട് സിക്‌സും നേടി. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ 20 സെഞ്ച്വറികള്‍ നേടി വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തുടരുന്നു. തൊട്ടുപിന്നാലെ 11 സെഞ്ച്വറികള്‍ നേടി സുനില്‍ ഗവാസ്‌കറും ഒമ്പത് സെഞ്ച്വറികള്‍ നേടി മുഹമ്മദ് അസ്ഹറുദ്ദീനും.

ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ നൂറ് സെഞ്ച്വറികള്‍

വിരാട് കോഹ്ലി - 20

സുനില്‍ ഗവാസ്‌കര്‍ - 11

മുഹമ്മദ് അസ്ഹറുദ്ദീന്‍ - 9

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ - 7

ശുബ്മാന്‍ ഗില്‍ - 5*

എംഎസ് ധോണി - 5

സൗരവ് ഗാംഗുലി - 5

മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി - 5

രാഹുല്‍ ദ്രാവിഡ് - 4

രോഹിത് ശര്‍മ്മ - 4

നേരത്തെ 318-2 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് 175 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റ് രണ്ടാം ഓവറില്‍ തന്നെ നഷ്ടമായിരുന്നു. ഇരട്ടസെഞ്ചറിയിലേക്ക് കുതിച്ച യശ്വസി ജയ്സ്വാള്‍ (258 പന്തില്‍ 175) റണ്ണൗട്ടായത് ഇന്ത്യയ്ക്ക് നിര്‍ഭാഗ്യമായി. ജയ്ഡന്‍ സീല്‍സ് എറിഞ്ഞ പന്തില്‍ അതിവേഗ സിംഗിളിനായി ഓടിയ ജയ്സ്വാളിനെ മറുവശത്തുണ്ടായിരുന്ന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചയച്ചു. പിച്ചിന്റെ പകുതി വരെയെത്തിയ ജയ്സ്വാള്‍ തിരിഞ്ഞോടിയെങ്കിലും ക്രീസിലെത്തും മുന്‍പ് ചന്ദ്രപോളിന്റെ ത്രോയില്‍ കീപ്പര്‍ ടെവിന്‍ ഇംലാച്, ജയ്സ്വാളിനെ പുറത്താക്കുകയായിരുന്നു.

പിന്നീടെത്തിയത്, അഞ്ചാമനായി സ്ഥാനം കയറ്റം ലഭിച്ച നിതീഷ് കുമാര്‍ റെഡ്ഡിയാണ് (54 പന്തില്‍ 43). ഏകദിന ശൈലിയില്‍ ബാറ്റു വീശിയ റെഡ്ഡി, രണ്ടു സിക്‌സും നാലും ഫോറുമടിച്ചു. ജോമല്‍ വാരികാന്റെ പന്തില്‍ ജയ്ഡന്‍ സീല്‍സ് റെഡ്ഡിയെ കയ്യിലൊതുക്കുകയായിരുന്നു. ആറാമനായി എത്തിയ ധ്രുവ് ജുറേലും ഗില്ലിനു ഉറച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 500 കടന്നു. 79 പന്തില്‍ 44 റണ്‍സെടുത്ത ജുറേല്‍ പുറത്തായതോടെ, ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സെഞ്ച്വറിക്കരികെ വീണ സായ് സുദര്‍ശനും (87) ഒന്നാം ദിനം ഇന്ത്യയ്ക്കായി തിളങ്ങി.

Similar News