ലോര്‍ഡ് സില്‍ ഗില്ലിനെ കാത്തിരിക്കുന്നത് 4 ലോക റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള അവസരം; 3 എണ്ണം ഡോണ്‍ ബ്രാഡ് മാന്റെ പേരിലുള്ളത്

ഒരെണ്ണം വെസ്റ്റ് ഇന്‍ഡീസ് താരം ക്ലൈഡ് വാല്‍ക്കോട്ടിന്റെ പേരിലുള്ളത്;

Update: 2025-07-10 10:00 GMT

ഇംഗ്ലണ്ടിനെതിരായ 5 മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ് മാന്‍ ഗില്‍ ഉജ്ജ്വലമായ പ്രകടനമാണ് കാഴ്ച വച്ചത്. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നായി 585 ല്‍ അധികം റണ്‍സ് ആണ് ഗില്‍ നേടിയത്. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടുകയും ചെയ്തു. മൂന്ന് മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്.

വ്യാഴാഴ്ച മൂന്നാം ടെസ്റ്റ് ലോഡ് സില്‍ നടക്കാന്‍ പോവുകയാണ്. ലീഡ് സിലും ബര്‍മിംഗ് ഹാമിലും പ്രകടിപ്പിച്ച ഫോം ലോഡ് സിലും തുടരുകയാണെങ്കില്‍, ഗില്ലിന് ചരിത്രത്തില്‍ തന്റെ പേര് രേഖപ്പെടുത്താന്‍ ഒന്നിലധികം അവസരങ്ങളാണ് ലഭിക്കുന്നത്. ഇതില്‍ മൂന്നെണ്ണവും സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ പേരിലുള്ളതാണ്. ഏതൊക്കെ റെക്കോര്‍ഡുകളാണ് ഗില്ലിനെ കാത്തിരിക്കുന്നത് എന്ന് നോക്കാം.

1. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ്:

ക്യാപ്റ്റനെന്ന നിലയില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇതിഹാസ താരം ഡോണ്‍ ബ്രാഡ് മാന്റെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള മികച്ച അവസരമാണ് ഗില്ലിനെ കാത്തിരിക്കുന്നത്. 88 വര്‍ഷം മുമ്പ് 1936-37 ലെ ആഷസില്‍ അഞ്ച് ടെസ്റ്റ് പരമ്പരയില്‍ നിന്നായി ബ്രാഡ് മാന്‍ 810 റണ്‍സ് നേടി. ഗില്ലിന്റെ 585 റണ്‍സില്‍ 225 റണ്‍സ് കൂടി ചേര്‍ക്കാന്‍ ഇനി ആറ് ഇന്നിംഗ്സുകള്‍ കൂടിയാണ് ബാക്കിയുള്ളത്. ചരിത്രം സൃഷ്ടിക്കാനുള്ള ശക്തമായ അവസരമാണ് ഗില്ലിനെ കാത്തിരിക്കുന്നത്.

2. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്:

1930 ലെ ആഷസ് അസൈന്‍മെന്റില്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്നായി 974 റണ്‍സ് നേടിയ ഡോണ്‍ ബ്രാഡ് മാനും നിലവില്‍ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഗില്‍ ശേഷിക്കുന്ന ആറ് ഇന്നിംഗ്സുകളില്‍ നിന്നായി 390 റണ്‍സ് കൂടി ചേര്‍ക്കേണ്ടതുണ്ട്.

3. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ്:

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടിയ റെക്കോര്‍ഡും ഓസ്ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ് മാന്‍ സ്വന്തമാക്കിയിരുന്നു. 11 ഇന്നിംഗ്സുകളില്‍ നിന്നാണ് അദ്ദേഹം ഇത് നേടിയത്. ഗില്‍ ഇതുവരെ 4 ഇന്നിംഗ്സുകളില്‍ നിന്ന് 585 റണ്‍സ് നേടിയിട്ടുണ്ട്. അതേ സ്‌കോറിംഗ് നിരക്ക് തുടര്‍ന്നാല്‍, ബ്രാഡ്മാന്റെ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയും.

4. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍:

1955ല്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് സെഞ്ച്വറികള്‍ നേടിയ വെസ്റ്റ് ഇന്‍ഡീസ് താരം ക്ലൈഡ് വാല്‍ക്കോട്ടിന്റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. ഇതുവരെ മൂന്ന് സെഞ്ച്വറികള്‍ നേടിയ ഗില്ലിന് അവശേഷിക്കുന്ന ആറ് ഇന്നിംഗ്‌സില്‍ മൂന്ന് സെഞ്ച്വറികള്‍ കൂടി നേടിയാല്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കാനാവും.

ലോകത്തിലെ ഒരു കളിക്കാരനും 5 മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ 1000 റണ്‍സ് നേടാന്‍ കഴിഞ്ഞിട്ടില്ല. സര്‍ ഡോണ്‍ ബ്രാഡ് മാന് പോലും ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇംഗ്ലണ്ട് പര്യടനം അവസാനിക്കുന്നതിനുമുമ്പ് ഒരു ചരിത്ര നേട്ടം കൈവരിക്കാനുള്ള സുവര്‍ണ അവസരമാണ് ഗില്ലിന് മുന്നിലുള്ളത്.

Similar News