ശ്രേയസ് അയ്യര്‍ രോഹിത് ശര്‍മ്മയ്ക്ക് പകരം ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനാകുമോ?

ഇതുസംബന്ധിച്ച തീരുമാനം ബിസിസിഐയുടെ പരിഗണനയിലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്;

Update: 2025-08-21 08:56 GMT

മുംബൈ: കഴിഞ്ഞ ദിവസമാണ് ഏഷ്യാ കപ്പിനുള്ള ടി20ഐ ടീം അംഗങ്ങളെ പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ശ്രേയസ് അയ്യരെ ടീമില്‍ നിന്നും ഒഴിവാക്കിയതാണ്. നിരവധി മുതിര്‍ന്ന താരങ്ങളും ആരാധകരും ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഐപിഎല്ലില്‍ കളിക്കാരനായും ക്യാപ്റ്റനായും മികവ് കാട്ടിയിട്ടും ശ്രേയസിനെ 15 അംഗ ഏഷ്യാ കപ്പ് ടീമിലെടുക്കാതിരുന്നതാണ് വിമര്‍ശനത്തിന് പ്രധാന കാരണം.

ഏഷ്യാ കപ്പിനുള്ള ടി20ഐ ടീമിന്റെ വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെയാണ് നിയമിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ളവരും ടീമില്‍ ഇടം നേടിയിരുന്നു. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ശുഭ് മാന്‍ ഗില്ലിനെ എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റനാക്കുമെന്ന ശക്തമായ സൂചനകളും നല്‍കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് അനുകൂലമായിട്ടുള്ള മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ബോര്‍ഡും സെലക്ടര്‍മാരും ഏകദിനങ്ങള്‍ക്കായി മറ്റൊരു ഓപ്ഷന്‍ നോക്കുന്നുണ്ടെന്നുള്ള വാര്‍ത്തയാണ് അത്. ഇന്ത്യയുടെ ഏകദിന ടീമിന്റെ അടുത്ത ക്യാപ്റ്റനായി മധ്യനിര ബാറ്റ്സ്മാന്‍ ശ്രേയസ് അയ്യറെ ബിസിസിഐ പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇതുവരെ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെങ്കിലും, 2027 ലോകകപ്പ് വരെ 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിക്കാനുള്ള ദീര്‍ഘകാല ഓപ്ഷനായി അയ്യറെ കാണുന്നുണ്ടെന്നാണ് ദൈനിക് ജാഗ്രനില്‍ വന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായി ശുഭ് മാന്‍ ഗില്ലിനെ ടി20 നായകനാക്കാനും രോഹിത്തിന്റെ പിന്‍ഗാമിയായി ശ്രേയസിനെ ഏകദിന നായകനാക്കാനുമാണ് ബിസിസിഐ ആലോചിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലുമായി രണ്ട് നായകന്‍മാര്‍ എന്നതാണ് ബിസിസിഐ നയമെന്നാണ് റിപ്പോര്‍ട്ട്. പ്രായം കണക്കിലെടുത്താല്‍ 30കാരനായ ശ്രേയസിനും 25കാരനായ ഗില്ലിനും ഇന്ത്യയെ ദീര്‍ഘകാലം നയിക്കാനാകുമെന്നും ബിസിസിഐ വിലയിരുത്തുന്നു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ അയ്യര്‍ ഉള്‍പ്പെട്ടിരുന്നു, എന്നാല്‍ 15 അംഗ ടീമിലെ നിയന്ത്രണങ്ങള്‍ കാരണം അയ്യര്‍ ടീമില്‍ നിന്ന് പുറത്തായി. എന്നിരുന്നാലും, അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങള്‍ വിലയിരുത്തിയാല്‍ ടീമില്‍ ഇടംനേടേണ്ടതായിരുന്നു. പ്രത്യേകിച്ച് ഈ വര്‍ഷം ആദ്യം നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ കിരീട നേട്ടത്തില്‍ 30 കാരനായ അയ്യര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. അഞ്ച് മത്സരങ്ങളില്‍ നിന്ന് 15, 56, 79, 45, 48 എന്നിങ്ങനെ സ്ഥിരതയാര്‍ന്ന ഇന്നിംഗ്‌സുകളോടെ 243 റണ്‍സ് ആണ് അയ്യര്‍ നേടിയത്.

70 ഏകദിനങ്ങളില്‍ നിന്ന് 48.22 ശരാശരിയില്‍ അഞ്ച് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 2845 റണ്‍സ് ഇതിനകം നേടിയിട്ടുള്ള അയ്യര്‍, വിശ്വസനീയനായ ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ എല്ലാ യോഗ്യതകളും ഉള്ള ആളാണ്. ഇപ്പോള്‍, അദ്ദേഹത്തിന്റെ നേതൃപാടവം ബിസിസിഐയും ടീം മാനേജ്‌മെന്റും ഗൗരവമായി പരിഗണിക്കുന്നു.

എന്നിരുന്നാലും, അയ്യര്‍ക്ക് നായക പദവി നല്‍കുന്നത് രോഹിത് ശര്‍മ്മയുടെ അന്താരാഷ്ട്ര ഭാവി സംബന്ധിച്ച തീരുമാനത്തെ ആശ്രയിച്ചിരിക്കും. നിലവില്‍ ഏകദിന ടീമിനെ നയിക്കുന്ന രോഹിതിന് ഈ വര്‍ഷം 38 വയസ്സ് തികഞ്ഞു. ടി20, ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരാട് കോഹ്ലിയും വിരമിച്ചതോടെ, ഒക്ടോബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര ഇരുവരുടേയും അന്താരാഷ്ട്ര ക്രിക്കറ്റിലെ അവസാന മത്സരമാകുമെന്ന അഭ്യൂഹങ്ങളും ശക്തമാകുന്നു. ഏഷ്യാ കപ്പിന് ശേഷം ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ ഉദ്യോഗസ്ഥര്‍ യോഗം ചേരുമെന്നും രോഹിത്തും, കോഹ്ലിയും ചര്‍ച്ചയില്‍ പങ്കാളികളാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓസ്ട്രേലിയയില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര രോഹിത്തിന്റെ ഏകദിന കരിയറിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഈ പരമ്പരയില്‍ മികവ് കാട്ടാനായില്ലെങ്കില്‍ രോഹിത്തിന് മേല്‍ വിരമിക്കാനുള്ള സമ്മര്‍ദ്ദമേറും. 2027 ലോകകപ്പിന് ഇനിയും രണ്ട് വര്‍ഷം ബാക്കിയുണ്ടെന്നതും രോഹിത്തിന് വെല്ലുവിളിയാണ്. ഏതായാലും ശ്രേയസിനെ ഏകദിന ടീം ക്യാപ്റ്റനാക്കുന്ന കാര്യത്തില്‍ രോഹിത്തിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണ് ബിസിസിഐ തിരുമാനം.

അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യ ഗില്ലിന് കീഴിലാകുമോ കളിക്കാനിറങ്ങുക എന്ന കാര്യത്തിലും വ്യക്തതയില്ല. ഏഷ്യാ കപ്പ് കഴിഞ്ഞതിനുശേഷമാകും സൂര്യകുമാര്‍ യാദവ് ടി20 നായകനായി തുടരുന്ന കാര്യത്തില്‍ ബിസിസിഐ തീരുമാനമെടുക്കുക.

Similar News